മനുഷ്യന്റെ എല്ലാ നന്മപ്രവൃത്തികളും, ദൈവീക മനോഹാരിതയെ പ്രതിഫലിപ്പിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ത്രിത്വം-കായികം എന്ന നാമരൂപം പൊതുവായ ഉപയോഗത്തിൽ ഇല്ലെങ്കിലും, മനുഷ്യന്റെ ഓരോ നല്ല പ്രവർത്തനങ്ങളും ദൈവത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിവസമർപ്പിച്ച വിശുദ്ധ ബലിയിൽ നൽകിയ വചന സന്ദേശം ആരംഭിച്ചത്. നമ്മുടെ ദൈവം നിശ്ചലനായ ഒരുവനല്ല, മറിച്ച്, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ജീവനുള്ള ബന്ധമാണെന്നും, അത് മാനവകുലത്തിനും, ലോകത്തിനും വെളിപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.
ത്രിത്വത്തിന്റെ ഈ പരസ്പര ബന്ധത്തിൽനിന്നുമാണ് , നമ്മുടെ ജീവൻ ഉത്ഭവിക്കുന്നതെന്നും, തന്റെ അസ്തിത്വം നമ്മിലേക്ക് പകരുന്നതിൽ ദൈവം ഏറെ സന്തോഷിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. "പരസ്പര സ്നേഹത്തിന്റെ നൃത്തം" എന്നർത്ഥം വരുന്ന പേറിക്കൊറെസിസ് (perichoresis) എന്ന പദമാണ് ത്രിത്വത്തിന്റെ ബന്ധത്തെ സൂചിപ്പിക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ചലനാത്മകത ത്രിത്വത്തിന്റെ സ്വഭാവമായതിനാൽ, ത്രിത്വമായ ദൈവത്തെ കണ്ടുമുട്ടാൻ കായികവിനോദം നമ്മെ സഹായിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കായികതയുടെ പ്രധാനപ്പെട്ട ഒരു മാനം, "സ്വയം നൽകുക" എന്നുള്ളതാണെന്നു പറഞ്ഞ പാപ്പാ, ഇത് സ്വന്തം വളർച്ചയ്ക്കും, പ്രിയപ്പെട്ടവർക്ക് വേണ്ടിയും , പരിശീലകർക്ക് വേണ്ടിയും , സഹകാരികൾക്ക് വേണ്ടിയും , പൊതുജനങ്ങൾക്ക് വേണ്ടിയും , എന്തിനേറെ എതിരാളികൾക്ക് വേണ്ടി പോലും സ്വയം നൽകുന്നതാണ് കായികത്തിന്റെ പ്രാധാന്യമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
കായികം ജീവിതത്തിന്റെ ആഘോഷമായതിനാൽ, അത് എപ്പോഴും വിലമതിക്കപ്പെടണമെന്നും, സൗഹൃദബന്ധങ്ങൾ കെട്ടിപ്പടുക്കാനും, പരസ്പരം സംഭാഷണവും തുറന്ന സമീപനവും വളർത്തിയെടുക്കുവാനും ഇവ നൽകുന്ന സംഭാവനകൾ ഏറെ പ്രധാനപ്പെട്ടതാണെന്നും സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാണിച്ചു.
մ്നാമതായി ഏകാന്തതയാൽ അടയാളപ്പെടുത്തിയ ഒരു സമൂഹത്തിൽ കായികം സഹകരണത്തിന്റെ മൂല്യം പഠിപ്പിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. രണ്ടാമതായി, സാങ്കേതികവിദ്യകൾ വിദൂരരായ ആളുകളെ ഒരുമിച്ച് കൊണ്ടുവരുമ്പോൾ, അടുത്തിരിക്കുന്നവരെ അകറ്റിനിർത്തുന്ന വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സമൂഹത്തിൽ, കായികം ആളുകൾ തമ്മിലുള്ള ആരോഗ്യകരമായ സമ്പർക്കം നിലനിർത്താൻ സഹായിക്കുന്നുവെന്നു കൂട്ടിച്ചേർത്തു.
അവസാനമായി, ശക്തരും വിജയികളും മാത്രമേ ജീവിക്കാൻ അർഹതയുള്ളൂ എന്ന് തോന്നുന്ന ഒരു മത്സരാധിഷ്ഠിത സമൂഹത്തിൽ, പരാജയത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും, അവയെ ആരോഗ്യപൂർവം നേരിടുവാനും, പ്രതികരിക്കുവാനും കായികലോകം സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
യേശു "ദൈവത്തിന്റെ യഥാർത്ഥ കായികതാരം" ആണെന്ന് പറഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചു പരിശുദ്ധ പിതാവ്, യേശു ലോകത്തെ കീഴടക്കിയത് ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് സ്നേഹത്തിന്റെ വിശ്വസ്തതയിലൂടെയാണെന്നുള്ള സത്യം ഒരിക്കൽ കൂടി അടിവരയിട്ടു.
നമ്മുടെ കാലത്തെ പല വിശുദ്ധരുടെയും ജീവിതത്തിൽ, ഒരു വ്യക്തിഗത പരിശീലനമെന്ന നിലയിലും സുവിശേഷവൽക്കരണത്തിന്റെ ഒരു മാർഗമെന്ന നിലയിലും കായികരംഗം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നതിന്, സെപ്റ്റംബർ 7 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയുടെ ജീവിതം മാതൃകയാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ലളിതവും തിളക്കമാർന്നതുമായ അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്, ആരും ജീവിതത്തിൽ വിജയിയായും, വിശുദ്ധനായും ജനിക്കുന്നില്ലെന്നും, മറിച്ച്, സ്നേഹത്തിന്റെ ദൈനംദിന പരിശീലനമാണ് നമ്മെ കൃത്യമായ വിജയത്തിലേക്ക് അടുപ്പിക്കുന്നതെന്നുമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"നിങ്ങളുടെയും നിങ്ങളുടെ സഹോദരീസഹോദരന്മാരുടെയും നന്മയ്ക്കായി ത്രിത്വമായ ദൈവസ്നേഹത്തിന്റെ പ്രതിഫലനമായി മാറുവാനുള്ള ദൗത്യം നിങ്ങളെ സഭ ഭരമേല്പിക്കുന്നു", എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: