MAP

കൂടിക്കാഴ്ചയിൽ നിന്നും കൂടിക്കാഴ്ചയിൽ നിന്നും   (@Vatican Media)

മെത്രാന്മാർ തങ്ങളുടെ അജഗണങ്ങൾക്ക് പ്രത്യാശയുടെ തീർത്ഥാടകരാകണം: പാപ്പാ

ജൂബിലിയോടനുബന്ധിച്ച് റോമിൽ തീർത്ഥാടനം നടത്തുന്ന മഡഗാസ്കറിലെ മെത്രാന്മാർക്ക്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം പതിനാറാം തീയതി സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2025 വർഷം ജൂബിലിയോടനുബന്ധിച്ച്, മഡഗാസ്കറിൽ നിന്നുള്ള മെത്രാൻ സംഘം, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നതിന് റോമിലെത്തി. തദവസരത്തിൽ, ജൂൺ മാസം പതിനാറാം തീയതി തിങ്കളാഴ്‌ച്ച, പ്രാദേശിക സമയം രാവിലെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമനുമായി കൂടിക്കാഴ്ച നടത്തുകയും, പാപ്പാ അവർക്ക് സന്ദേശം നൽകുകയും ചെയ്തു. മഡഗാസ്കറിൽ നിന്നുമുള്ള മെത്രാന്മാരെ ആദ്യമായി കണ്ടുമുട്ടുന്നതിലുള്ള തന്റെ സന്തോഷം പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ക്രിസ്തുവിലുള്ള ഈ സാഹോദര്യം അനുഭവിക്കുവാൻ സാധിക്കുന്നതിൽ, കർത്താവിനു നന്ദി പറയുന്നുവെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

മഡഗാസ്കറിൽ നിന്നുള്ള മെത്രാന്മാർ ഒന്നിച്ചു ചേർന്നുകൊണ്ട്, റോമിലേക്ക് വരുവാനുള്ള തീരുമാനത്തെ താൻ ഏറെ പ്രശംസിക്കുന്നുവെന്നും, ഇത് കൂട്ടായ്മയുടെ അടയാളമാണെന്നും, പാപ്പാ പറഞ്ഞു. ഫ്രാൻസിസ് പാപ്പായുമായി മുൻനിശ്ചയിച്ച ഒരു യാത്രയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം അനുഭവിക്കുവാൻ നമുക്ക്  സാധിക്കുന്നുവെന്നു പറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, ഫ്രാൻസിസ് പാപ്പാ മഡഗാസ്കറിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയെക്കുറിച്ചും അനുസ്മരിച്ചു.

എല്ലാ ദിവസവും പേപ്പൽ  ബസിലിക്കകളുടെ വിശുദ്ധ വാതിലുകളിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വിശ്വാസികളോടൊപ്പം മഡഗാസ്കറിലെ മെത്രാന്മാരും പ്രത്യാശയുടെ തീർത്ഥാടകരായി മാറിയതിനെ പാപ്പാ അഭിനന്ദിച്ചു. ഇടയന്മാരെന്ന നിലയിൽ അജഗണങ്ങൾക്കു വേണ്ടി പ്രത്യാശയുടെ തീർത്ഥാടകരായി മറുവാനുള്ളവരാണ് മെത്രാന്മാർ എന്ന കാര്യവും അടിവരയിട്ടു പറഞ്ഞു. ദൈവജനവുമായുള്ള മെത്രാന്മാരുടെ  അടുപ്പം സുവിശേഷത്തിന്റെ ജീവനുള്ള അടയാളമാണെന്നു പറഞ്ഞ പാപ്പാ, മെത്രാന്മാരുടെ അജപാലന ശുശ്രൂഷയിലെ ആദ്യ സഹകാരികളെന്ന നിലയിൽ  പുരോഹിതരെയും, സന്യാസിനി സന്യാസികളെയും സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയും ചൂണ്ടിക്കാട്ടി.

മഡഗാസ്കർ എന്ന ദേശത്ത്, ധൈര്യത്തോടെയും തീക്ഷ്‌ണതയോടെയും നടത്തുന്ന മിഷനറി ചൈതന്യത്തിന് പാപ്പാ നന്ദിയർപ്പിച്ചു. ആദ്യത്തെ മിഷനറിയായ ഹെൻറി ഡി സോലാഗെസിനെയും, രക്തസാക്ഷി ജാക്വസ് ബെർത്തിയുവിനേയും പാപ്പാ പ്രത്യേകം അനുസ്‌മരിച്ചു. സുവിശേഷത്തിന്റെ കേന്ദ്രബിന്ദുവെണ്ണ നിലയിൽ ദരിദ്രരുടെ മേൽ ദൃഷ്ടി ഉറപ്പിക്കണമെന്നും പാപ്പാ മെത്രാന്മാരെ ആഹ്വാനം ചെയ്തു. അവരിൽ ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു. പൊതുഭവനം പരിപാലിക്കാനും, ദ്വീപിന്റെ സൗന്ദര്യം സംരക്ഷിക്കുവാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനത്തെയും പാപ്പാ ഓർമ്മപ്പെടുത്തി. നീതിയോടും സമാധാനത്തോടും കൂടി സൃഷ്ടിയെ  സംരക്ഷിക്കാനുള്ള പരിശീലനം വിശ്വാസികൾക്ക് നൽകുവാനുള്ള കടമയെയും പാപ്പാ ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂൺ 2025, 13:12