ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ തലവൻ പാപ്പായെ സന്ദർശിച്ചു
വത്തിക്കാൻ ന്യൂസ്
യുദ്ധത്തിന്റെ ഭീകരതയിൽ ഇപ്പോഴും കഴിയുന്ന ഉക്രൈൻ ജനതയ്ക്കു വേണ്ടി, ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക്ക് ലിയോ പതിനാലാമൻ പാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചു. മെയ് മാസം പതിനഞ്ചാം തീയതി പ്രാദേശികസമയം രാവിലെയാണ് അപ്പസ്തോലിക കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ, മേജർ ആർച്ചുബിഷപ്പിനെ പാപ്പാ സ്വീകരിച്ചത്. മെയ് മാസം പതിനൊന്നാം തീയതി നടന്ന ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം, ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകൾ അനുസ്മരിച്ചുകൊണ്ട്, പാപ്പാ സംസാരിച്ചിരുന്നു.
തദവസരത്തിൽ, "ആധികാരികവും നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനം" ആഹ്വാനം ചെയ്യുകയും എല്ലാ തടവുകാരെയും മോചിപ്പിക്കാനും വേർപിരിഞ്ഞ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പാപ്പായുടെ സ്നേഹമസൃണമായ വാക്കുകൾക്ക്, ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ് നന്ദിയർപ്പിച്ചു.
"ഉക്രേനിയൻ ജനതയുടെ മുറിവേറ്റ ആത്മാവിന് ഒരു യഥാർത്ഥ ആത്മീയ തൈലമാണ്" പാപ്പായുടെ വാക്കുകൾ എന്നാണ്, ആർച്ചുബിഷപ്പിന്റെ കാര്യാലയയത്തിൽ നിന്നുള്ള കുറിപ്പിൽ അറിയിച്ചത്. സദസ്സിന്റെ അവസാനം, പോരാട്ടത്തിൽ മരിച്ച ഒരു സൈനികന്റെ പിതാവ്, ബോഹ്ദാൻ പൈലിപിവ് വരച്ച, ഉക്രൈൻ ജനതയുടെ ദുഃഖപൂർണ്ണമായ ജീവിതം ചിത്രീകരിക്കുന്ന "മരണപ്പെട്ടവരുടെ പ്രാർത്ഥന" എന്ന ചായച്ചിത്രം പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: