എല്ലാവർക്കും മാന്യമായ ജോലി: മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗവുമായി പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മെയ് മാസത്തിലെ പ്രാർത്ഥനാനിയോഗമായി, തൊഴിൽ മേഖലയ്ക്കായുള്ള പ്രാർത്ഥനയാണ് ഫ്രാൻസിസ് പാപ്പാ മുന്നോട്ടുവച്ചിരുന്നതെന്ന് പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല. എന്നാൽ പരിശുദ്ധ പിതാവിന്റെ നിര്യാണത്തെത്തുടർന്ന്, ഫ്രാൻസിസ് പാപ്പായുടെയും മുൻപുണ്ടായിരുന്ന രണ്ടു പാപ്പാമാരുടെയും ചിന്തകളെക്കൂടി ഉൾക്കൊള്ളിച്ചാണ് മെയ് മാസത്തിലെ "പാപ്പായുടെ പേരിലുള്ള പ്രാർത്ഥനാനിയോഗം" തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല വ്യക്തമാക്കി.
തൊഴിലിലൂടെ ഓരോ വ്യക്തിക്കും തന്റെ ജീവിതസാക്ഷാത്കാരം സാധ്യമാക്കാനും, കുടുംബങ്ങൾക്ക് അന്തസ്സോടെ മുന്നോട്ട് പോകാനും, സമൂഹം കൂടുതൽ മാനുഷികമായിത്തീരാനും വേണ്ടി മെയ് മാസത്തിൽ പ്രാർത്ഥിക്കാമെന്ന് പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല മെയ് മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.
2022-ലെ ഒരു പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ വച്ച്, വിശുദ്ധ യൗസേപ്പിനെക്കുറിച്ച് മത്തായി മർക്കോസ് ശ്ലീഹന്മാർ മരപ്പണിക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് പരാമർശിച്ച പാപ്പാ, യേശുവും പിതാവിന്റെ ജോലി ചെയ്തിരുന്നുവെന്നും, ഏറെ ലാഭമൊന്നും നൽകാത്ത ഒന്നായിരുന്നു ഇതെന്നും ഓർമ്മിപ്പിച്ചിരുന്നു. യൗസേപ്പിനെയും യേശുവിനെയും കുറിച്ചുള്ള ഈയൊരു ജീവചരിത്രവസ്തുത ലോകത്തിലുള്ള എല്ലാ ജോലിക്കാരെയും കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചിരുന്നു. ജോലിയെന്നാൽ അന്തസ്സുകൊണ്ടുള്ള അഭിഷേകമാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, വീട്ടിൽ അപ്പമെത്തിക്കുന്നതല്ല, വീടിനായി അപ്പം സമ്പാദിക്കുന്നതാണ് അന്തസ്സ് നൽകുന്നതെന്ന് കൂട്ടിച്ചേർത്തിരുന്നു.
2006-ലെ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനത്തിൽ തൊഴിലാളികളെ അഭിസംബോധനചെയ്ത ബെനഡിക്ട് പാപ്പാ, മനുഷ്യരുടെ സ്വയം സാക്ഷാത്കാരത്തിനും സമൂഹത്തിന്റെ വളർച്ചയ്ക്കും സഹായിക്കുന്നതിലൂടെയാണ് ജോലിക്ക് പ്രാധാന്യം ലഭിക്കുന്നതെന്നും, അതുകൊണ്ടുതന്നെ, മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ടും, പൊതുനന്മ ലക്ഷ്യമാക്കിയും വേണം പ്രവർത്തിമേഖല ചിട്ടപ്പെടുത്തേണ്ടതെന്ന് പ്രസ്താവിച്ചിരുന്നു. അതേസമയം, ജോലിയിലാണ് ജീവിതത്തിന്റെ നിർണ്ണായകവും ആത്യന്തികവുമായ അർത്ഥം കണ്ടെത്തുന്നതെന്ന വിധേന മനുഷ്യൻ ജോലിക്ക് അടിമയാകനോ, ജോലിയെ വിഗ്രഹവത്കരിക്കാനോ പോകരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാകട്ടെ, 2000-ൽ തൊഴിലാളികളുടെ ജൂബിലി തൊഴിലിന്റെ അർത്ഥവും മൂല്യവും വീണ്ടും കണ്ടെത്തുന്നതിന് ക്ഷണിക്കുന്നുണ്ടെന്ന് ഓർമ്മപ്പിച്ചിരുന്നു. അതുമാത്രമല്ല, മനുഷ്യാന്തസ്സിനും, ജോലിക്കാരുടെ സ്വാതന്ത്ര്യത്തിനും, ഉത്തരവാദിത്വത്തിനും പങ്കാളിത്തത്തിനും പ്രഥമസ്ഥാനം കൊടുത്തുകൊണ്ട് മൂല്യങ്ങളുടെ ശരിയായ ശ്രേണി പുനഃസ്ഥാപിക്കാനും, അതുവഴി തൊഴിൽ മേഖലയിലെ സാമ്പത്തിക, സാമൂഹ്യ അസമത്വങ്ങളെ നേരിടാനും, വിശുദ്ധൻ ആഹ്വാനം ചെയ്തിരുന്നു. അനീതിയുടേതായ സാഹചര്യങ്ങൾ പരിഹരിക്കാനും, തൊഴിലില്ലായ്‌മ, അപര്യാപ്തമായ ശമ്പളം, ഭൗതികമാർഗ്ഗങ്ങളുടെ അഭാവം എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ മറക്കാതിരിക്കാനും പാപ്പാ ആവശ്യപ്പെട്ടിരുന്നു.
തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുങ്ങുന്നതിനും, അതുവഴി മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നതിനും, മനുഷ്യർക്ക് തങ്ങളുടെ ജീവിതസാക്ഷാത്കാരം സാധ്യമാക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: