MAP

വിശ്വാസിയാകുന്നതിനു മുമ്പ് മനുഷ്യനാകുക,പാപ്പാ!

ലിയൊ പതിനാലാമൻ പാപ്പായും രണ്ടാമത്തെ പ്രതിവാര പൊതുദർശന പ്രഭാഷണം: നല്ല സമറിയാക്കാരൻറെ ഉപമയുടെ വിശകലനം.മതാനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം ആദ്യം വേണ്ടത്, മാനവികതയുള്ളവരാകുകയാണ്. കാരുണ്യം മൂർത്ത ചെയ്തികളിലുടെ ആവിഷ്കരിക്കണം. നമ്മുടെ ബന്ധങ്ങൾ കാരുണ്യത്താൽ സമ്പന്നമാകുന്നതിനായി പ്രാർത്ഥിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലിയൊ പതിനാലാമൻ പാപ്പായുടെ രണ്ടാമത്തെ പ്രതിവാര പൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച (28/05/25) വത്തിക്കാനിൽ അരങ്ങേറി. കൂടിക്കാഴ്ചാ വേദി, കഴിഞ്ഞ വാരത്തിലെന്നപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങൾ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ അവിടെ ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. ലൂക്കായുടെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന നല്ല സമറിയക്കാരൻറെ ഉപമ, അദ്ധ്യായം 10,30-33 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.

യേശു പറഞ്ഞു: ഒരുവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്കു പോകുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു. അവർ അവൻറെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അർദ്ധപ്രാണനാക്കിയിട്ട് പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ ഒരു സമറിയിക്കാരൻ യാത്രാമദ്ധ്യേ അവൻ കിടന്ന സ്ഥലത്തു വന്നു അവനെ കണ്ടു മനസ്സലിഞ്ഞു.”

ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പരയിൽ ഇപ്പോൾ യേശുവിൻറെ ഉപമകളാണ് വിചിന്തനത്തിന് ആധാരം. ഇത്തവണ പാപ്പാ വിശകലനം ചെയ്തത് നല്ല സമറിയാക്കാരൻറെ ഉപമയായിരുന്നു. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:

ഉപമകൾ, വീക്ഷണമാറ്റത്തിന് സഹായകങ്ങൾ

പ്രിയ സഹോദരീ സഹോദരന്മാരേ,

സുവിശേഷത്തിലെ ചില ഉപമകളെക്കുറിച്ച് നമുക്ക് ധ്യാനിക്കുന്നത് തുടരാം, അവ നമ്മുടെ കാഴ്ചപ്പാട് മാറ്റാനും പ്രത്യാശയിലേക്ക് നമ്മെത്തന്നെ തുറക്കാനുമുള്ള അവസരമാണ്. ചിലപ്പോഴൊക്കെ, പ്രതീക്ഷയുടെ അഭാവം ഉണ്ടാകുന്നത്, കാര്യങ്ങളെ നോക്കിക്കാണുന്നതിൽ നാം ഒരു തരം കർക്കശ്യത്തിലും തുറവില്ലായ്മയിലും ഉറച്ചുനിൽക്കുന്നതിനാലാണ്, ഉപമകളാകട്ടെ അവയെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ നമ്മെ സഹായിക്കുന്നു.

"സ്നേഹിക്കുന്നു" എന്നതിൽ നിന്ന് "സ്നേഹിച്ചു" എന്നതിലേക്ക്

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, വിദഗ്ദ്ധനും ഒരുക്കമുള്ളവനുമായ നിയമജ്ഞനായ ഒരു വ്യക്തിയെക്കുറിച്ചാണ്, എന്നിരുന്നാലും കാഴ്ചപ്പാട് മാറ്റേണ്ടതുണ്ട്, കാരണം അയാൾ അയാളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, മറ്റുള്ളവരെ കാണുന്നില്ല (ലൂക്കാ 10:25-37 കാണുക). ഒരുവൻ നിത്യജീവൻ എങ്ങനെ "അവകാശമാക്കും" എന്നതിനെക്കുറിച്ച്, വാസ്തവത്തിൽ, അയാൾ യേശുവിനോട് ചോദിക്കുന്നു, അത് ഒരു ഉറച്ച അവകാശമാണ് എന്ന് ദ്യോതിപ്പിക്കുന്ന ഒരു പദപ്രയോഗമാണ് അയാൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് പിന്നിൽ, ഒരു പക്ഷേ, ജാഗരൂകതയുടെതായ ഒരു ആവശ്യകത മറഞ്ഞിരിപ്പുണ്ടാകാം: അടുത്തിരിക്കുന്നവൻ എന്ന അക്ഷരാർത്ഥമുള്ള "അയൽക്കാരൻ" എന്ന ഒരേയൊരു വാക്കിനെക്കുറിച്ചു മാത്രമാണ് അവൻ യേശുവിനോട് വിശദീകരണം  ചോദിക്കുന്നത്. ഇക്കാരണത്താൽ, യേശു ഒരു ഉപമ പറയുന്നു, അത് ആ ചോദ്യത്തെ രൂപാന്തരപ്പെടുത്തുന്നതിനും, ആര് എന്നെ സ്നേഹിക്കുന്നു?  എന്നതിൽ നിന്ന് ആര് എന്നെ സ്നേഹിച്ചു? എന്നതിലേക്ക് കടക്കുന്നതിനുമുള്ള ഒരു യാത്രയാണ്. ആദ്യത്തേത് അപക്വമായ ഒരു ചോദ്യമാണ്, രണ്ടാമത്തേത് സ്വന്തം ജീവിതത്തിൻറെ അർത്ഥം മനസ്സിലാക്കിയ ഒരു മുതിർന്ന വ്യക്തിയുടെ ചോദ്യമാണ്. നമ്മൾ ഒരു മൂലയിലായിപ്പോകുമ്പോൾ നാം ഉയർത്തുന്നതാണ് ആദ്യത്തെ ചോദ്യം, രണ്ടാമത്തേതാകട്ടെ നമ്മെ യാത്രപുറപ്പെടാൻ പ്രേരിപ്പിക്കുന്നതാണ്.

യാത്രാവഴിയിലെ അനുഭവം

യേശു പറയുന്ന ഉപമയ്ക്ക് പശ്ചാത്തലമായി, വാസ്തവത്തിൽ, ഒരു പാതയുണ്ട്, അത് ജീവിതം പോലെ തന്നെ ദുഷ്‌കരവും ദുഷ്പ്രവേശ്യവുമായ ഒരു വഴിയാണ്. മലമുകളിലെ ജറുസലേം നഗരത്തിൽ നിന്ന് സമുദ്രനിരപ്പിന് താഴെയുള്ള നഗരമായ ജെറിക്കോയിലേക്ക് ഒരു മനുഷ്യൻ സഞ്ചരിച്ച പാതയാണത്. സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് മുൻകൂട്ടി സൂചിപ്പിക്കുന്ന ഒരു ചിത്രം: ആ മനുഷ്യൻ ആക്രമിക്കപ്പെടുകയും, പ്രഹരിക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും, പാതി മരിച്ച നിലയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. സാഹചര്യങ്ങളും, ആളുകളും, ചിലപ്പോൾ നമ്മൾ വിശ്വസിച്ചവർ പോലും, നമ്മിൽ നിന്ന് എല്ലാം എടുത്ത് നമ്മെ വഴി മദ്ധ്യത്തിൽ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന അനുഭവമാണിത്.

നമ്മെ സ്വയം വെളിപ്പെടുത്തുന്ന കണ്ടുമുട്ടലുകൾ

എന്നാൽ ജീവിതമാകട്ടെ സമാഗമങ്ങളാൽ രൂപീകൃതമാണ്, ഈ കൂടിക്കാഴ്ചകളിലൂടെ നമ്മൾ ആരാണെന്ന് വെളിവാകുന്നു. നാം അപരൻറെ മുന്നിൽ, അവൻറ ഭംഗുരത്വത്തിനും ദുർബ്ബലതയ്ക്കും മുന്നിൽ എത്തുന്നു, എന്തുചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം: അവനെ ശുശ്രൂഷിക്കാനോ ഒന്നും സംഭവിച്ചിട്ടില്ല എന്ന് നടിക്കാനോ സാധിക്കും. ഒരു പുരോഹിതനും ഒരു ലേവ്യനും ആ വഴിയിലൂടെ കടന്നു പോകുന്നു. അവർ ജറുസലേം ദേവാലയത്തിൽ സേവനമനുഷ്ഠിക്കുന്നവരും വിശുദ്ധ സ്ഥലത്ത് താമസിക്കുന്നവരുമാണ്. എന്നിരുന്നാലും, മതാനുഷ്ഠാനം സ്വയമേവ അവരെ കരുണയുള്ളവരായി മാറുന്നില്ല. വാസ്തവത്തിൽ, കാരുണ്യം മതപരമായ ഒരു കാര്യം എന്നതിലുപരി, പ്രഥമതഃ മനുഷ്യത്വത്തിൻറെ ഒരു കാര്യമാണ്! വിശ്വാസികളാകുന്നതിനു മുമ്പ്, നമ്മൾ മനുഷ്യരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു.

ഒരു നിമിഷം നില്ക്കാൻ ആകുമോ?

വളരെക്കാലം ജറുസലേമിൽ താമസിച്ച ശേഷം, ആ പുരോഹിതനും ആ ലേവായനും വീട്ടിലേക്ക് മടങ്ങാൻ തിടുക്കം ഉണ്ടായിരിക്കാമെന്നത് നമുക്ക് ചിന്തിക്കാൻ കഴിയും. നമ്മുടെ ജീവിതത്തിൽ ഇപ്പോൾ കാണുന്ന തരത്തിലുള്ളതായ തിരക്ക്, പലപ്പോഴും അനുകമ്പയുള്ളവരായിരിക്കുന്നതിന് നമുക്ക് വിഘാതം സൃഷ്ടിക്കുന്നു. സ്വന്തം യാത്രയ്ക്ക് മുൻഗണനയുണ്ടായിരിക്കണമെന്ന് കരുതുന്നവർ മറ്റൊരാൾക്കായി അതു നിറുത്തിവയ്ക്കാൻ തയ്യാറാകില്ല.

നല്ല സമറായൻ

എന്നാൽ ഇതാ, യഥാർത്ഥത്തിൽ അതു നിറുത്തിവയ്ക്കാൻ പ്രാപ്തനായ ഒരാൾ വരുന്നു: അവൻ ഒരു സമറിയാക്കാരനാണ്, അതുകൊണ്ടുതന്നെ അവൻ വെറുക്കപ്പെട്ട ഒരു ജനതയിൽപ്പെട്ടവനാണ്ഭാ (2 രാജാക്കന്മാർ 17 കാണുക). അയാളുടെ കാര്യത്തിൽ, ദിശ വ്യക്തമാക്കപ്പെട്ടിട്ടില്ല, പക്ഷേ അദ്ദേഹം യാത്രയിലായിരുന്നുവെന്ന് മാത്രമേ പറയുന്നുള്ളൂ. ഇവിടെ മതാത്മകതയ്ക്ക് പ്രസക്തിയില്ല. ആ സമറിയക്കാരൻ അവിടെ നില്ക്കുന്നത്, ഒരു മനുഷ്യൻ സഹായം ആവശ്യമുള്ള മറ്റൊരു മനുഷ്യൻറെ മുന്നിൽ എന്ന ലളിതമായ കാര്യം ഒന്നുകൊണ്ട് മാത്രമാണ്.

അനുകമ്പയുടെ ആവിഷ്കാരം സമൂർത്ത ചെയ്തികളലൂടെ

സമൂർത്ത പ്രവർത്തികളിലൂടെയാണ് അനുകമ്പ ആവിഷ്കൃതമാകുന്നത്. സുവിശേഷകനായ ലൂക്കാ സമറിയാക്കാരൻറെ പ്രവൃത്തികളെക്കുറിച്ച് പറയുന്നു, അദ്ദേഹത്തെ നമ്മൾ "നല്ലവൻ" എന്ന് വിളിക്കുന്നു, എന്നാൽ വേദപുസ്തക വാക്യത്തിൽ അദ്ദേഹം വെറുമൊരു വ്യക്തി മാത്രമാണ്: സമറിയാക്കാരൻ സമീപസ്ഥനാകുന്നു, കാരണം നിനക്ക് ആരെയെങ്കിലും സഹായിക്കണമെങ്കിൽ നിനക്ക് അകന്നു നില്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാകില്ല, നീ അതിൽ ഏർപ്പെടണം, അഴുക്കു പുരളണം, ഒരുപക്ഷേ മലിനമാക്കപ്പെടണം; എണ്ണയും വീഞ്ഞും ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം അവൻ അവൻറെ മുറിവുകൾ കെട്ടുന്നു; അവൻ അവനെ തൻറെ കഴുതയുടെപുറത്തു കയറ്റുന്നു, അതായത്, അവൻ അവൻറെ ചുമതല ഏറ്റെടുക്കുന്നു, കാരണം അപരൻറെ വേദനയുടെ ഭാരം അനുഭവിക്കാൻ തയ്യാറാകുമ്പോഴാണ് നീ യഥാർത്ഥത്തിൽ സഹായിക്കുന്നത്; അവൻ അവനെ ഒരു സത്രത്തിലേക്ക് കൊണ്ടുപോകുന്നു, അവിടെ അവൻ കുറച്ച് പണം ചെലവഴിക്കുന്നു, "രണ്ട് ദിനാറി",  ഏതാണ്ട്, രണ്ട് ദിവസത്തെ ജോലിക്കു ലഭിക്കുന്ന വേതനം; മടങ്ങിവരാമെന്നും ആവശ്യമായി വരുന്ന പക്ഷം  ഇനിയും പണം നൽകാമെന്നും അവൻ ഉറപ്പേകുന്നു, കാരണം അപരൻ എത്തിക്കപ്പെടേണ്ട ഒരു പൊതിയല്ല, മറിച്ച് ശുശ്രൂഷിക്കപ്പെടേണ്ട ഒരാളാണ്.

മാനവികതയിൽ വളരുക

പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ യാത്ര നിറുത്തിവയ്ക്കാനും കരുണ കാണിക്കാനും നാം എപ്പോഴാണ് പ്രാപ്തരാകുക? വഴിയിൽ മുറിവേറ്റ ആ മനുഷ്യൻ നമ്മളെ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാകുമ്പോൾ. അതിനാൽ യേശു നമ്മെ പരിചരിക്കാൻ നിന്ന എല്ലാ വേളകളെയുംകുറിച്ചുള്ള ഓർമ്മ നമ്മെ കൂടുതൽ അനുകമ്പയുള്ളവരാക്കും. അതുകൊണ്ട്, നമ്മുടെ ബന്ധങ്ങൾ ഉപരി യഥാർത്ഥവും കാരുണ്യത്താൽ സമ്പന്നവുമാകുന്നതിനുവേണ്ടി നമുക്ക് മനുഷ്യത്വത്തിൽ വളരാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാം. ക്രിസ്തുവിൻറെ അതേ വികാരങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടാകാനുള്ള കൃപയ്ക്കായി നമുക്ക് അവിടത്തെ തിരുഹൃദയത്തോട് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയു പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുദ്ധം അവസാനിപ്പിക്കൂ

യുദ്ധത്തിൻറെ ഭീകരത അനുഭവിക്കുന്ന ഉക്രൈയിനിലെ ജനങ്ങളെ പാപ്പാ അനുസ്മരിച്ചു. പൗരജനത്തിനും നാടിൻറെ ഘടനാസംവിധാനങ്ങൾക്കും നേരെ ഗുരുതരമായ പുതിയ ആക്രമണങ്ങൾ നടക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ അതിന് ഇരകളായവർക്ക്, വിശിഷ്യ, കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും തൻറെ പ്രാർത്ഥനയും സാമീപ്യവും ഉറപ്പു നല്കി. യുദ്ധം അവസാനിപ്പിക്കാനും സംഭാഷണത്തിനും സമാധാനത്തിനും വേണ്ടിയുള്ള എല്ലാ സംരംഭങ്ങൾക്കും പിന്തുണയേകാനും അഭ്യർത്ഥിച്ച പാപ്പാ ഉക്രൈയിനിലും യുദ്ധം മൂലം ജനങ്ങൾ യാതനകളനുഭവിക്കുന്ന എല്ലായിടങ്ങളിലും സമാധാനം സംജാതമാകുന്നതിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഒന്നുചേരാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ഗാസയ്ക്കു വേണ്ടിയും അഭ്യർത്ഥന

കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ മാറോടു ചേർത്തുപിടിക്കുന്ന മാതാപിതാക്കളുടെ വിലാപം ഗാസാ മുനമ്പിൽ നിന്ന് കൂടുതൽ തീവ്രതയോടെ ഉന്നതത്തിലേക്കുയരുന്നുവെന്ന് പാപ്പാ പറഞ്ഞു. അല്പം ആഹാരവും ബോംബാക്രമണങ്ങളിൽ നിന്നു രക്ഷനേടുന്നതിനായി സുരക്ഷാസങ്കേതങ്ങളും തേടി ജനങ്ങൾ നിരന്തരം അലയേണ്ട അവസ്ഥയാണ് അവിടെയുള്ളതെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു. വെടിവെയ്പ് നിറുത്തിവയ്ക്കാനും ബന്ദികളെയെല്ലാവരെയും വിട്ടയയ്ക്കാനും മാനവിക നിയമങ്ങൾ പൂർണ്ണമായും മാനിക്കാനും പാപ്പാ ചുമതലപ്പെട്ടവരെ ആഹ്വാനം ചെയ്തു. സമാധാനരാജ്ഞിയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

സമാപനാഭിവാദ്യം

പൊതുദർശനപരിപാടിയുടെ സമാപന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. മെയ് 29-ന് വ്യാഴാഴ്ച കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ആചരിക്കപ്പെടുന്നതിനെക്കുറിച്ച്  പാപ്പാ സൂചിപ്പിക്കുകയും അപ്പോസ്തലന്മാർ ചെയ്തതു പോലെ, ക്രിസ്തുവിൻറെ സുവിശേഷം പ്രചരിപ്പിക്കാനും അതിന് സാക്ഷ്യം വഹിക്കാനും എല്ലവാർക്കും പ്രചോദനം പകരുകയും ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2025, 12:37

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >