നിഖ്യാ സൂനഹദോസിൻറെ വാർഷികം, പാപ്പാ തുർക്കി സന്ദർശിക്കാൻ ആഗ്രഹിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിഖ്യാ സൂനഹദോസിൻറെ ആയിരത്തിയെഴുന്നൂറാം വാർഷികം കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലോമെയൊ പ്രഥമനുമൊത്ത് ആഘോഷിക്കുന്നതിന് തുർക്കി സന്ദർശിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ലിയൊ പതിനാലാമൻ പാപ്പാ വെളിപ്പെടുത്തി.
പാത്രിയാർക്കീസ് ബർത്തൊലൊമേയൊ ഒന്നാമനെ തിങ്കളാഴ്ച (19/05/05) വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിലാണ് പാപ്പാ തൻറെ ഈ അഭിലാഷം അറിയിച്ചത്.
ഈ ആണ്ടിനുള്ളിൽത്തന്നെ ഈ സന്ദർശനം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. തുർക്കി സന്ദർശിക്കാനുള്ള തൻറെ ക്ഷണം പാത്രിയാർക്കീസ് ഈ കൂടിക്കാഴ്ചാ വേളയിൽ നവീകരിക്കുകയും ചെയ്തു. ഫ്രാൻസീസ് പാപ്പായെയും അദ്ദേഹം ക്ഷണിച്ചിരുന്നു.
കത്തോലിക്കാസഭയുടെ പുതിയ ഭരണാദ്ധ്യക്ഷനും റോം രൂപതയുടെ മെത്രാനും വത്തിക്കാൻ സംസ്ഥാനത്തിൻറെ തലവനും ആയ പുതിയ പാപ്പായ്ക്ക് സർവ്വവിധ ഭാവുകങ്ങളും പാത്രിയാർക്കീസ് നേർന്നു.
കത്തോലിക്കാ-ഓർത്തഡോക്സ് സഭകൾതമ്മിലുള്ള ദൈവവിജ്ഞാനീയ സംഭാഷണങ്ങൾ പരിപോഷിപ്പിക്കുകയും ആഴപ്പെടുത്തകയും ചെയ്യുന്നതു തുടരേണ്ടതിൻറെയും സാമൂഹ്യ പ്രശ്നങ്ങളുടെ തലത്തിൽ സഹകരണത്തിൻറെയും പ്രാധാന്യം ഈ കൂടിക്കാഴ്ചാ വേളയിൽ ഇരുവരും ഊന്നിപ്പറഞ്ഞു. സമാധാനം പരിസ്ഥിതി പരിപാലനം എന്നിവയ്ക്കുള്ള തങ്ങളുടെ പ്രതിബദ്ധതയും പാപ്പായും പാത്രിയാർക്കീസും നവീകരിച്ചു.
മെയ് പതിനെട്ടിന്, വത്തിക്കാനിൽ ലിയൊ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലെമേയൊ ഒന്നാമൻ. അദ്ദേഹം റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും വെള്ള പനിനീർപ്പൂക്കളർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: