കൊളൊംബിയയുടെ പ്രസിഡൻറിനെയും ആസ്ത്രേലിയായുടെ പ്രധാനമന്ത്രിയെയും പാപ്പാ സ്വീകരിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തെക്കെ അമേരിക്കൻ നാടായ കൊളൊംബിയായുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ പേത്രൊ ഉറേഗൊ, ആസ്ത്രേലിയയുടെ പ്രധാനമന്ത്രി അന്തോണി അൽബനേസെ എന്നിവർക്ക് ലിയൊ പതിനാലമൻ പാപ്പാ പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച അനുവദിച്ചു.
മെയ് 19-ന്, തിങ്കളാഴ്ച (19/05/205) ആയിരുന്നു പാപ്പാ ഇരുവരയെും വത്തിക്കാനിൽ സ്വീകരിച്ചത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൊളൊംബിയായുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ പേത്രൊ ഉറേഗൊയും ആസ്ത്രേലിയയുടെ പ്രധാനമന്ത്രി അന്തോണി അൽബനേസെയും നാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണത്തിലേർപ്പെട്ടു.
ആസ്ത്രേലിയയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധങ്ങൾ, അന്നാട്ടിൽ കത്തോലിക്കസഭ നടത്തുന്ന സാമൂഹ്യ സേവനങ്ങൾ, വിശിഷ്യ, വിദ്യഭ്യാസ മേഖലയിൽ ഏകുന്ന സംഭാവനകൾ, അന്നാട്ടിലെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകൾ തുടങ്ങിയവ അന്നാടിൻറെ പ്രധാനമന്ത്രി അന്തോണി അൽബനേസെയുമായുള്ള സംഭാഷണ വേളയിൽ പരാമർശ വിഷയങ്ങളായി.
കൊളൊംബിയയും പരിശുദ്ധസിംഹാനവും തമ്മിലുള്ള നല്ല ബന്ധങ്ങളിൽ അന്നാടിൻറെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ പേത്രൊ ഉറേഗൊയും ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറും സംഭാഷണ വേളയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.
കൊളൊംബിയായുടെ സമാധാന അനുരജ്ഞന പ്രക്രിയകളിൽ അന്നാടും സഭയും തമ്മിലുള്ള സ്ഥായിയായ സഹകരണം, അന്നാട്ടിലെ സാമൂഹ്യരാഷ്ട്രീയാവസ്ഥ, വിശിഷ്യ, സുരക്ഷിത്വം, കൂടിയേറ്റം, കാലാവസ്ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടങ്ങിയവയും ചർച്ചാവിഷയങ്ങളായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: