കായികവിനോദത്തിൻറെ ശിക്ഷണപരമായ മാനം നഷ്ടപ്പെടാതെ നോക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കായിക വിനോദം ഒരു വ്യവസായമായി പരിണമിക്കുമ്പോൾ അതിൻറെ വിദ്യാദായക മൂല്യം നഷ്ടപ്പെടുന്ന അപകടമുണ്ടെന്നും അതു അശിക്ഷണപരമായി ഭവിക്കുമെന്നും പാപ്പാ മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തിൽ ജഗ്രതപാലിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
ഇറ്റലിയിലെ നാപ്പൊളിയിലെ കാൽപ്പന്തുകളി സംഘത്തിൻറെ (Società Sportiva Calcio Napoli) അമ്പതോളം പ്രതിനിധികളെ മെയ് 27-ന് ചൊവ്വാഴ്ച (27/05/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഈ കൂടിക്കാഴ്ച ഇറ്റലിയിലെ കാൽപ്പന്തുകളി കിരീടം ഇക്കൊല്ലം നാപ്പൊളി കരസ്ഥമാക്കിയതിൻറെ വിജായാഘോഷം നടക്കുന്നതിനിടെയായിരുന്നതിനാൽ പാപ്പാ അവർക്ക് അഭിനന്ദനങ്ങളേകുകയും ചെയ്തു.
കളിയിൽ വിജയിക്കുകയെന്നത് നീണ്ട ഒരു പ്രക്രിയയുടെ അവസാനം ഏത്തിച്ചേരുന്ന ഒരു ലക്ഷ്യമാണെന്നും ഇവിടെ പ്രധാനം ഒറ്റത്തവണത്തെ ഒരു യത്നമോ അതിസമർത്ഥനായ ഒരു കളിക്കാരൻറെ അസാധാരണ പ്രകടനമോ അല്ലയെന്നും കളിക്കാരും അവർക്കു പരിശീലനം നല്കുന്നവരും, കായികവിനോദ സംഘവും എല്ലാം ചേർന്ന ഒരു “കൂട്ടത്തിൻറെ” പ്രയത്നമാണതെന്നും പാപ്പാ വിശദീകരിച്ചു.
ഇറ്റലിയിൽ മാത്രമല്ല ലോകമെമ്പാടും കാൽപ്പന്തുകളി എത്രമാത്രം ജനപ്രിയമാണ് എന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പാ നാപ്പൊളി നേടിയ വിജയത്തിൻറെ സാമൂഹ്യമാനം എടുത്തുകാട്ടി.
ഈ വിജയം അതിൻറെ സാങ്കേതിക-കായിക മാനങ്ങളെ മറികടന്നുകൊണ്ട്, ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന, വ്യക്തിപരമായ കഴിവുകൾ കൂട്ടായ്മയുടെ സേവനത്തിനായി വിനിയോഗിക്കുന്ന ഒരു സംഘത്തിന് ഉദാഹരണമാണെന്ന് പാപ്പാ പറഞ്ഞു. യുവജനത്തിൻറെ മാനുഷികമായ വളർച്ച സുപ്രധാനമാകയാൽ കായികവിനോദത്തിൽ ധാർമ്മിക ഗുണനിലവാരത്തിന് ഊന്നൽ നല്കേണ്ടതിൻറെ ആവശ്യകത പാപ്പാ എടുത്തുകാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: