വൈദികൻറെ അനന്യത ക്രിസ്തുവുമായുള്ള ഐക്യത്തെ ആശ്രയിച്ചിരിക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവം തൻറെ മക്കളെ, അവർ വ്യതിരിക്തരാണെങ്കിലും, ഒന്നിച്ചുകൂട്ടുന്നതിലും അവരെ ഒരു ചലനാത്മക ഐക്യത്തിൽ രൂപപ്പെടുത്തുന്നതിലും ഒരിക്കലും മടുക്കുന്നില്ല എന്നതിൻറെ ഒരു സാക്ഷ്യമാണ് വൈദികർ എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
മെയ് 31-ന്, ശനിയാഴ്ച (31/05/25) രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം രൂപതയ്ക്കുവേണ്ടി പതിനൊന്ന് ശെമ്മാശന്മാർക്ക് വൈദികപട്ടം നല്കിയ തിരുക്കർമ്മ മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു റോമിൻറെ മെത്രാൻ കൂടിയായ ലിയൊ പതിനാലാമൻ പാപ്പാ.
ഐക്യത്തിൻറെ പ്രാധാന്യം തൻറെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞ പാപ്പാ വൈദികൻറെ അനന്യത നിത്യ പരമ പുരോഹിതനായ ക്രിസ്തുവുമായുള്ള അവൻറെ ഐക്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് നവവൈദികരെ ഓർമ്മപ്പെടുത്തി.
വൈദികരും ദൈവജനവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും പാപ്പാ വിശദീകരിച്ചു. പൗരോഹിത്യാഭിഷേകവേളയിൽ അനുഭവിക്കുന്ന ദിവ്യമായ ആനന്ദത്തിൻറെ ആഴവും പരപ്പും അതിൻറെ ദൈർഘ്യം പോലും ഗുരുപ്പട്ടം സ്വീകരിക്കുന്നവരും അവർ ഭാഗമായിരിക്കുകയും ഭാഗമായിരിക്കുന്നതിന് അയയ്ക്കപ്പെടുകയും ചെയ്യുന്ന ജനവുമായുള്ളതും വളരുന്നതുമായ ബന്ധങ്ങൾക്ക്, പ്രത്യക്ഷമായി, ആനുപാതികമായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയിലൂടെ ബന്ധങ്ങൾ ശക്തമാക്കപ്പെടുമെന്ന് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വേദപുസ്തകഭാഗങ്ങളുടെ വെളിച്ചത്തിൽ പാപ്പാ പറഞ്ഞു.
പൗരോഹിത്യം സ്വീകരിക്കുന്നവർ യേശുവിൻറെ രീതിയിലായിത്തീരണമെന്നും ദൈവത്തിൽ നിന്നുള്ളവരാകുകയും ദൈവത്തിൻറെ ദാസരാകുകയും ദൈവജനമാകുകയും ചെയ്യുന്നത് അവരെ ഭൂമിയുമായി യഥാർത്ഥത്തിൽ ബന്ധിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ദൈവം അവരുടെ പാതയിൽ വയ്ക്കുക, യേശുവിനെപ്പോലെ മാസവും അസ്ഥിയുമുള്ള ആളുകളെയാണെന്നും അവരിൽ നിന്ന് മാറി ഒറ്റപ്പെട്ടു നില്ക്കാതെയും തങ്ങൾക്കു ലഭിച്ച ദാനം ഒരു സവിശേഷാനുകൂല്യമായി കരുതാതെയും അവർക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിക്കണമെന്നും പാപ്പാ വൈദികരെ ഓർമ്മിപ്പിച്ചു. സ്വകേന്ദ്രീകൃതമായ പ്രവർത്തനം പ്രേഷിതചൈതന്യാഗ്നിയെ അണയ്ക്കുമെന്ന ഫ്രാൻസീസ് പാപ്പായുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് ലിയൊ പതിനാലാമൻ പാപ്പാ അനുസ്മരിക്കുകയും ചെയ്തു.
മുറിവേറ്റ ഒരു നരകുലത്തിലേക്കയയ്ക്കപ്പെട്ട വ്രണിത സഭയുടെ വിശ്വാസ്യത, മുറിവേറ്റ ഒരു സൃഷ്ടിക്കുള്ളിൽ, ഒരുമിച്ച് വീണ്ടെടുക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ പൂർണ്ണതയുള്ളവരായിരിക്കുക എന്നതിനെക്കാൾ പ്രധാനം വിശ്വാസ്യതയാണെന്ന് പ്രസ്താവിച്ചു. കൈവശപ്പെടുത്താതെ വിട്ടയയ്ക്കുന്ന ക്രിസ്തുവിൻറെ സ്നേഹത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. നമ്മെ സ്വന്തമാക്കുന്ന, ഒരു സ്നേഹമാണ് വാസ്തവത്തിൽ ക്രിസ്തുവിൻറേതെന്നും എന്നാൽ ആ സ്വന്തമാക്കൽ സ്വാതന്ത്ര്യമേകുന്നതും കൈവശപ്പെടുത്താതിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുതുമാണെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: