MAP

ഫ്രാൻസിസ് പാപ്പാ മുൻപ് ഉപയോഗിച്ചിരുന്ന പാപ്പാ മൊബീൽ ഫ്രാൻസിസ് പാപ്പാ മുൻപ് ഉപയോഗിച്ചിരുന്ന പാപ്പാ മൊബീൽ  (Caritas )

പാപ്പാ മൊബീൽ സമാധാനത്തിന്റെ അടയാളമാകുന്നു: ഗാസായ്ക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അവസാനസമ്മാനം

ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപ്രകാരം അദ്ദേഹം മുൻപ് ഉപയോഗിച്ചിരുന്ന പാപ്പാ മൊബീൽ ഗാസ മുനമ്പിലെ കുട്ടികൾക്കുവേണ്ടിയുള്ള ഒരു സഞ്ചരിക്കുന്ന ക്ലിനിക്കായി മാറ്റുന്നു. സമൂഹത്തിലെ ദുർബലരോടുള്ള പാപ്പായുടെ അടുപ്പത്തിന്റെ അടയാളമാണിതെന്ന് ജറുസലേമിലെ കാരിത്താസ് സംഘടന. തുടർച്ചയായ ആക്രമണങ്ങളിൽ തകർന്ന ഗാസയിലെ ആരോഗ്യപരിപാലനമേഖലയിൽ, പ്രത്യേകിച്ച് കുട്ടികൾക്ക് പാപ്പായുടെ അനുഗ്രഹമായി ഈ വാഹനം ഇനിമുതൽ ഉപയോഗിക്കപ്പെടും.

ഫ്രഞ്ചേസ്ക്ക മേർലോ, മോൺ. ജോജി വടകര, വത്തിക്കാൻ സിറ്റി

സംഘർഷങ്ങൾ നിറഞ്ഞ സമകാലീനലോകത്ത് ഫ്രാൻസിസ് പാപ്പായുടെ സമാധാനപൈതൃകം തുടർന്നുകൊണ്ട്, അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഗാസ മുനമ്പിലെ കുട്ടികൾക്കായുള്ള മൊബൈൽ ക്ലിനിക്കായി മാറുന്നു. ലക്ഷക്കണക്കിന് ആളുകൾക്കരികിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായി പാപ്പായെ എത്തിച്ച വാഹനമാണ്, ദുർബലരായ മനുഷ്യരോടുള്ള പാപ്പായുടെ അടുപ്പത്തിന്റെ അടയാളമായും, അദ്ദേഹത്തിന്റെ മരണശേഷവും സമാധാനസന്ദേശമായും പുതിയ മേഖലയിൽ ഉപയോഗപ്രദമായി മാറുന്നത്.

പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, പ്രത്യേകിച്ച് തന്റെ ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ താൻ ഐക്യദാർഢ്യം നൽകിയ ഒരു ജനതയോടുള്ള അടുപ്പത്തിന്റെ അവസാന അടയാളമായി, താൻ ഉപയോഗിച്ചിരുന്ന പാപ്പാ മൊബീൽ ഗാസ മുനമ്പിലെ മാനവികപ്രതിസന്ധിയുടെ മുന്നിൽ, അവിടെയുള്ള ആളുകൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ ക്ലിനിക്കാക്കി മാറ്റണമെന്ന് പാപ്പാ ആവശ്യപ്പെടുകയായിരുന്നു.

ഏതാണ്ട് പത്ത് ലക്ഷത്തോളം കുട്ടികളാണ് ഗാസ മുനമ്പിൽ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി, പല കെട്ടിടങ്ങളും തകർക്കപ്പെടുകയും, ആരോഗ്യപരിപാലനപ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും, വിദ്യാഭ്യാസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാതാകുകയും ചെയ്തതിന്റെയും പ്രദേശത്ത് നിലനിൽക്കുന്ന പട്ടിണിയുടെയും രോഗാണുബാധസാധ്യതകളുടെയും ദുരിതഫലങ്ങൾ ഏറ്റവും അനുഭവിക്കുന്നത് കുട്ടികളാണ്.

പാപ്പായുടെ ആഗ്രഹപ്രകാരം, അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനം, രോഗപരിശോധനകൾക്കും, പ്രതിരോധമരുന്നുകൾ നൽകുന്നതിനും, ജീവൻ രക്ഷാസാമഗ്രികൾ കൊണ്ടുപോകുന്നതിനും, ചികിത്സകൾക്കും ഉപയോഗ്യമായ രീതിയിൽ സജ്ജീകരിച്ചുവരികയാണ്. ഗാസാമുനമ്പിലേക്ക് മാനവികസഹായമെത്തിക്കുന്നതിനുള്ള സാധ്യത തുറക്കുമ്പോൾ ഗാസയിലെ കുട്ടികളുള്ള പ്രദേശങ്ങളിലേക്ക് ഈ വാഹനത്തിലൂടെ സഹായമെത്തിക്കാനാണ് കാരിത്താസ് ശ്രമിക്കുക.

നിലവിൽ ആരോഗ്യപരിപാലനസൗകര്യം ലഭ്യമാകാത്ത, മുറിവേറ്റവരും പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നവരുമായ കുട്ടികളിലേക്ക് ഈ വാഹനമുപയോഗിച്ച് തങ്ങൾക്കെത്താനാകുമെന്ന് പാപ്പാ മൊബീൽ ചികിത്സാക്ലിനിക്കാക്കി മാറ്റുന്ന പദ്ധതിക്ക് മുൻകൈയെടുക്കുന്ന സ്വീഡൻ കാരിത്താസ് ജനറൽ സെക്രെട്ടറി പീറ്റർ ബ്രൂണെ പറഞ്ഞു. ഗാസ പ്രദേശത്തെ ആരോഗ്യപരിപാലനപദ്ധതികൾ ഏതാണ്ട് തകർന്നിരിക്കുന്ന അവസ്ഥയിൽ അവിടെയുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഒരു മാർഗ്ഗമായി ഇത് മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുദ്ധിമുട്ടിലായിരിക്കുന്ന ഗാസ സമൂഹത്തിൽ നൂറിലധികം ആളുകളുമായി ശുശ്രൂഷ നടത്തിവരുന്ന ജറുസലേമിലെ കാരിത്താസ് സംഘടനയെ സംബന്ധിച്ച്, പാപ്പായുടെ സഹാനുഭൂതിയുടെ ഈ അടയാളം ഗാസയിലെ ജനങ്ങൾക്കുള്ള അനുഗ്രഹമായി മാറുകയാണ്. പ്രതിസന്ധികളുടെ സമയത്ത് ദുർബലരായ മനുഷ്യരോട് പാപ്പാ കാണിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും സാമീപ്യത്തിന്റെയും പ്രതീകമായി ഈ വാഹനം മാറുകയാണെന്ന് ജറുസലേം കാരിത്താസ് ജനറൽ സെക്രട്ടറി ആന്റൺ അസ്ഫാർ പ്രസ്താവിച്ചു.

ഗാസയിലെ കുട്ടികളെ ലോകം ഇനിയും മറന്നിട്ടില്ലെന്നതിന്റെ അടയാളവും, മറ്റുള്ളവരും അവരെ മറക്കരുതെന്നുള്ള ആഹ്വാനവുമാണ് ഈ വാഹനമെന്ന് സ്വീഡൻ കാരിത്താസ് ജനറൽ സെക്രെട്ടറി പീറ്റർ ബ്രൂണെ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മേയ് 2025, 10:38