MAP

ലിയൊ പതിനാലാമൻ പാപ്പാ ലിയൊ പതിനാലാമൻ പാപ്പാ 

യേശുവിൻറെ ആർദ്രസ്നേഹം കണ്ടെത്താൻ ഓരോ വ്യക്തിയെയും സഹായിക്കുക, പാപ്പാ!

ഫ്രഞ്ചുകാരായ, ജോൺ യൂഡ്, ജോൺ മരിയ വിയാന്നി, ഉണ്ണീശോയുടെയും തിരുവദനത്തിൻറെയും ത്രേസ്യ എന്നീ മൂന്നു വിശുദ്ധരുടെ, വിശുദ്ധപദപ്രഖ്യാപനത്തിൻറെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് ലിയൊ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതത്തെ രൂപാന്തരപ്പെടുത്തത്തക്കവിധം യേശു ഓരോ വ്യക്തിയോടും കാണിക്കുന്ന ആർദ്രവും സവിശേഷവുമായ സ്നേഹം കണ്ടെത്താൻ സഹായിക്കുകയാണ് ഫ്രാൻസിലെ സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരവും ലളിതവുമായ സുവിശേഷവത്കരണ-പ്രേഷിത പരിപാടിയെന്ന് മാർപ്പാപ്പാ.

ഫ്രഞ്ചുകാരായ മൂന്നു വിശുദ്ധരുടെ, അതായത്, ജോൺ യൂഡ്, ജോൺ മരിയ വിയാന്നി, ഉണ്ണീശോയുടെയും തിരുവദനത്തിൻറെയും ത്രേസ്യ എന്നീ പുണ്യാത്മാക്കളുടെ വിശുദ്ധപദപ്രഖ്യാപനത്തിൻറെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിനയച്ച സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ഈ മൂന്നു വിശുദ്ധർക്കും പൊതുവായുള്ള സവിശേഷതകൾ 2025 മെയ് 28 എന്ന തിയതിയുള്ളതും മെയ് 31-ന് ശനിയാഴ്ച പരസ്യപ്പെടുത്തിയതുമായ ഈ സന്ദേശത്തിൽ പാപ്പാ എടുത്തുകാട്ടുന്നു.

ലളിതവും ശക്തവും അധികൃതവുമായിരുന്നു യേശുവിനോടുള്ള മൂവരുടെയും സ്നേഹമെന്നും അവിടത്തെ നന്മയും ആർദ്രതയും സവിശേഷമായൊരു ദൈനംദിന സാമീപ്യത്താൽ അവർ അനുഭവിച്ചറിഞ്ഞിരുന്നുവെന്നും പ്രശംസനീയമായ ഒരു പ്രേഷിതാഭിനിവേശത്താൽ അവർ അതിന് സാക്ഷ്യം വഹിച്ചുവെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു. ഈ അർത്ഥത്തിൽ ഈ മൂന്നു വിശുദ്ധരും പാരംഗതരാണെന്നും അവരുടെ ജീവിതവും പ്രബോധനങ്ങളും ദൈവജനത്തെ അറിയിക്കുകയും വിലമതിക്കുകയും ചെയ്യണമെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 മേയ് 2025, 13:05