"ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവരെ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനുള്ളിൽ അഭിവാദ്യം ചെയ്യും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജൂൺ 1 ഞായറാഴ്ച "ജീറോ ദ്ഇത്താലിയ" (Giro d'Italia) സൈക്കിൾ മത്സരത്തിന്റെ ഭാഗമായി, വത്തിക്കാനിലെത്തുന്ന സൈക്കിൾ മത്സരയോട്ടക്കാരെ ലിയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ശ്രദ്ധേയമായ ഈ സംഭവം വത്തിക്കാനിൽ നടക്കുക. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഹോസെ തൊളെന്തീനോ ദേ മെന്തോൺസ ഫ്രാൻസിസ് പാപ്പായ്ക്ക് മുന്നിൽ നടത്തിയ അഭ്യർത്ഥന കൂടി പരിഗണിച്ച് നടക്കുന്ന ഈ ചടങ്ങ് ഫ്രാൻസിസ് പാപ്പായ്ക്കുള്ള ആദരവിന്റെ കൂടി ഭാഗമായി മാറുമെന്ന് മെയ് 28-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പരിശുദ്ധസിംഹാസനം അറിയിച്ചു. .
ജൂൺ 14, 15 തീയതികളിൽ വത്തിക്കാനിൽ നടക്കുന്ന കായികമത്സരക്കാരുടെ ജൂബിലിയുടെ കൂടി പശ്ചാത്തലത്തിലാണ് "ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വത്തിക്കാനിൽ പ്രവേശനവസരമൊരുക്കിയിരിക്കുന്നത്. 2021 ഒക്ടോബർ 28 മുതൽ അന്താരാഷ്ട്ര സൈക്കിൾ മത്സര യൂണിയന്റെ (Union Cycliste Internationale - UCI) ഔദ്യോഗിക അംഗം കൂടിയാണ് വത്തിക്കാൻ.
നൂറ്റിയെട്ടാമത് "ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിന്റെ ഭാഗമായ ഈ അവസാനഘട്ടം സൗഹൃദപരമായ രീതിയിൽ റോമിലുള്ള "കാരകാല്ല കുളിപ്പുര" എന്നറിയപ്പെടുന്ന ഭാഗത്തുനിന്ന് ആരംഭിച്ച് പോൾ ആറാമന്റെ പേരിലുള്ള വഴിയിലൂടെയെത്തി "പെത്രിയാനോ” വാതിലിലൂടെ വത്തിക്കാനിൽ പ്രവേശിക്കും. തുടർന്ന് വത്തിക്കാനുള്ളിൽ മൂന്ന് കിലോമീറ്ററുകൾ നീളുന്ന യാത്രയ്ക്കിടയിൽ ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം സ്വീകരിക്കുന്ന മത്സരക്കാർ, സാന്താ മാർത്ത ഭവനത്തിനരികിലുള്ള “പെറുജീനോ” വാതിൽ വഴി ഇറ്റലിയിലേക്ക് ഇറങ്ങുകയും, തുടർന്ന് "ജീറോ ദ്ഇത്താലിയ" മത്സരത്തിന്റെ അവസാന ഔദ്യോഗികഭാഗം ആരംഭിക്കുകയും ചെയ്യും.
വത്തിക്കാൻ ഗവർണറേറ്റിന്റെയും കായികമത്സരവിഭാഗത്തിന്റെയും കൂടി പങ്കാളിത്തത്തോടെയാണ് ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇതാദ്യമായി വത്തിക്കാനുള്ളിലൂടെ കടന്നുപോകാനും, ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം സ്വീകരിക്കാനും അവസരം ഒരുക്കിയിട്ടുള്ളത്.
1946-ൽ പന്ത്രണ്ടാം പിയൂസ് പാപ്പാ തുടങ്ങി, നിരവധി പാപ്പാമാർ "ജീറോ ദ്ഇത്താലിയ" സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: