MAP

പാരിസ്ഥിതിക, സാമൂഹിക, നീതിക്കായുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലിയോ പതിനാലാമൻ പാപ്പാ

നമ്മുടെ പൊതുഭവനമായ പ്രകൃതിയുടെ സംരക്ഷണത്തിനായി, ബ്രസീലിലെ റിയോ ദേ ജനൈറോയിൽ ഇരുനൂറോളം യൂണിവേഴ്സിറ്റികളുടെ പങ്കാളിത്തത്തോടെ നടത്തിയ സമ്മേളനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശമയച്ചു. ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സിയുടെ പത്താം വാർഷികത്തിലാണ് ഈ സമ്മേളനം നടന്നത്. പാരിസ്ഥിതിക, സാമൂഹിക, നീതിക്കായുള്ള ശ്രമങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പായുടെ അഭിനന്ദനങൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഭൂമിയുടെ പരിപാലനവും, പാരിസ്ഥിതിക, സാമൂഹിക, നീതിയും ലക്ഷ്യമാക്കി, ബ്രസീലിലെ റിയോ ദേ ജനൈറോയിലുള്ള പൊന്തിഫിക്കൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ ഒത്തുചേർന്നവർക്ക് ലിയോ പതിനാലാമൻ പാപ്പായുടെ അഭിനന്ദനങ്ങളും ആശംസകളും. ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഇരുനൂറോളം യൂണിവേഴ്സിറ്റികളിൽനിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് നടത്തിയ സമ്മേളനത്തിലേക്കയച്ച വീഡിയോ സന്ദേശത്തിലൂടെയാണ്, പ്രകൃതിസംരക്ഷണവും നീതിക്കായുള്ള ശ്രമങ്ങളും സംബന്ധിച്ച പരിശ്രമങ്ങളെ ലിയോ പതിനാലാമൻ പാപ്പാ അഭിനന്ദിച്ചത്.

ഭൂമിയുടെ പരിപാലനമുൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട "കോപ്പ് 30" (COP30) ലക്ഷ്യമാക്കി നടന്നുവരുന്ന സിനഡാത്മകശ്രമങ്ങളുടെ ഭാഗമായ ഈ സമ്മേളനത്തിൽ താൻ സന്തോഷിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. പൊതുകടങ്ങളും പാരിസ്ഥിതികകടങ്ങളും ഒഴിവാക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ പാപ്പാ തന്റെ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗോളസമാധാനദിനത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ ഇത്തരമൊരു ആഹ്വാനം അദ്ദേഹം മുന്നോട്ടുവച്ചിരുന്നുവെന്ന് ലിയോ പാപ്പാ ഓർമ്മിപ്പിച്ചു. പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്ന ഈ ജൂബിലിവർഷത്തിൽ, ഇത്തരമൊരു സന്ദേശം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു.

അമേരിക്കൻ ഭൂഖണ്ഡവും യൂറോപ്പിലെ ഐബീരിയൻ ഉപദ്വീപുമായുള്ള ബന്ധത്തിനായി വിവിധ യൂണിവേഴ്സിറ്റി റെക്ടർമാർ നടത്തുന്ന ശ്രമങ്ങളെ പാപ്പാ പ്രോത്സാഹിപ്പിച്ചു. അതുവഴി, പാരിസ്ഥിതിക, സാമൂഹിക, നീതിയാണ് നിങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. സമൂഹങ്ങളിൽ ബന്ധങ്ങളുടെ പാലങ്ങൾ പണിയുന്നതിന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ദൈവകൃപ എപ്പോഴും നിങ്ങളോടൊത്തുണ്ടാകട്ടെയെന്ന ആശംസയോടെയും ആശീർവാദം നൽകിയുമാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മേയ് 2025, 17:43