MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

പത്രോസിന്റെ പിൻഗാമിയും റോമിന്റെ പുതിയ മെത്രാനുമായ ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ആശീർവാദവും പ്രഭാഷണവും

പത്രോസിന്റെ പിൻഗാമിയും റോമിന്റെ പുതിയ മെത്രാനുമായ ലിയോ പതിനാലാമൻ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി നൽകിയ “ഉർബി എത് ഓർബി” ആശീർവാദവും അതിനു മുൻപായി നടത്തിയ പ്രഭാഷണവും മലയാളത്തിൽ.
ശബ്ദരേഖ - പത്രോസിന്റെ പിൻഗാമിയും റോമിന്റെ പുതിയ മെത്രാനുമായ ലിയോ പതിനാലാമൻ പാപ്പായുടെ ആശീർവാദവും ആദ്യപ്രഭാഷണവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്രോസിന്റെ പിൻഗാമിയും, റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത്‌ മെത്രാനുമായി പുതിയ പാപ്പാ, ലിയോ പതിനാലാമൻ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മെയ് ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച കോൺക്ലേവിന്റെ രണ്ടാം ദിനം മെയ് എട്ടാം തീയതി ഉച്ചകഴിഞ്ഞാണ്‌ പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സിസ്റ്റൈൻ ചാപ്പലിൽനിന്ന് വെളുത്ത പുകയുയർന്നപ്പോൾ, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ആളെ കാണാനും, പാപ്പാ ആദ്യമായി നൽകുന്ന “ഉർബി എത് ഓർബി”, നഗരത്തിനും ലോകത്തിനുമായുള്ള ആശീർവാദം സ്വീകരിക്കാനുമായി ഒരു ലക്ഷത്തിലധികം ആളുകളാണ് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും ചത്വരത്തിന് പുറത്തുമായി കാത്തുനിന്നിരുന്നത്.

വൈകുന്നേരം ആറുമണി കഴിഞ്ഞ് ഏഴു മിനിറ്റായപ്പോൾ, ഇന്ത്യയിലെ സമയം വൈകുന്നേരം ഒൻപത് മുപ്പത്തിയേഴായപ്പോൾ ചത്വരത്തിലുള്ളവർക്ക് മാത്രമല്ല, ലോകമാസകലമുള്ള വിശ്വാസികൾക്കും, പത്രോസിന്റെ പിൻഗാമിമാരുടെ ശുശ്രൂഷയുടെയും ലോകത്ത് അവരുടെ സാന്നിദ്ധ്യത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞവർക്കും ആനന്ദമേകിക്കൊണ്ട് സിസ്റ്റൈൻ ചാപ്പലിന്റെ മുകളിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുകയുയർന്നു. ബസലിക്കയിലെ വലിയ മണികൾ ലോകത്തോട് മുഴുവൻ ഈ ആനന്ദമറിയിക്കാനായി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു. ചത്വരത്തിലുണ്ടായിരുന്ന ജനം വലിയ ആഹ്ലാദാരവങ്ങളോടെയും കരഘോഷങ്ങളോടെയുമാണ് റോമിന്റെ പുതിയ മെത്രാൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയെ വരവേറ്റത്. തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറിനുമപ്പുറം വൈകുന്നേരം ഏഴ് പന്ത്രണ്ടിന്, ഇന്ത്യയിലെ സമയം പത്ത് നാൽപ്പത്തിരണ്ടിന് വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ നടുവിലുള്ള മട്ടുപ്പാവിലെ കർട്ടനുകൾ തുറക്കപ്പെട്ടു. അവിടേക്കെത്തിയ കർദ്ദിനാൾസംഘത്തിന്റെ ഡീക്കൻ കർദ്ദിനാൾ ഡൊമിനിക്ക് മമ്പെർത്തി ആ സന്തോഷവാർത്ത അറിയിച്ചു. “നിങ്ങളോട് വലിയൊരു സന്തോഷവാർത്ത അറിയിക്കുന്നു: നമുക്ക് ഒരു പാപ്പായെ ലഭിച്ചിരിക്കുന്നു”. കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ്. അദ്ദേഹം തനിക്കായി തിരഞ്ഞെടുത്തിരിക്കുന്ന പേര് ലിയോ പതിനാലാമൻ എന്നാണ്. പുതിയ പാപ്പായെക്കുറിച്ചുള്ള ഓരോ അറിയിപ്പിനുമിടയിൽ ജനം ആർത്തിരമ്പുകയും ആഹ്ലാദത്താൽ കരഘോഷം മുഴക്കുകയും ചെയ്തിരുന്നു.

തുടർന്ന് അല്പസമയത്തേക്ക് കർട്ടനുകൾ അടയ്ക്കപ്പെട്ടു. ഏതാണ്ട് പതിനൊന്ന് മിനിട്ടുകൾക്ക് ശേഷം ഏഴ് ഇരുപത്തിമൂന്നിന്, ഇന്ത്യയിലെ സമയം പത്ത് അൻപത്തിമൂന്നിന് റോമിന്റെ പുതിയ മെത്രാൻ, പത്രോസിന്റെ പിൻഗാമി ബസലിക്കയുടെ മട്ടുപ്പാവിലേക്കെത്തി പുഞ്ചിരിയോടെ ഏവരെയും അഭിവാദ്യം ചെയ്യുകയും, ഇറ്റാലിയൻ ഭാഷയിൽ എഴുതി തയ്യാറാക്കിയ തന്റെ പ്രഭാഷണം വായിക്കുകയും ചെയ്തു.

സമാധാനം നിങ്ങളോടുകൂടെ,

പ്രിയ സഹോദരങ്ങളെ, ഇതാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ, ദൈവത്തിന്റെ അജഗണത്തിനായി തന്റെ ജീവൻ നൽകിയ നല്ലിടയന്റെ, ആദ്യ അഭിവാദനം. സമാധാനമാശംസിച്ചുകൊണ്ടുള്ള ഈയൊരു അഭിവാദനം നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കണമെന്ന്, നിങ്ങളുടെ കുടുംബങ്ങളിലും, എല്ലായിടങ്ങളിലുമുള്ള എല്ലാ വ്യക്തികളിലേക്കും, എല്ലാ ജനതകളിലേക്കും, ഭൂമി മുഴുവനിലേക്കും എത്തണമെന്ന് ഞാനും ആഗ്രഹിക്കുന്നു. സമാധാനം നിങ്ങളോടുകൂടെ!

ഇതാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനം, അക്രമരഹിതവും നിരായുധീകരിക്കുന്നതും, എളിമയുള്ളതും, സ്ഥിരോത്സാഹമുള്ളതുമാണത്. ഇത്, നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തിൽനിന്നാണ് വരുന്നത്. റോം നഗരത്തെ അനുഗ്രഹിച്ചിരുന്ന ഫ്രാൻസിസ് പാപ്പായുടെ ദുർബലവും എന്നാൽ എപ്പോഴും ധൈര്യപൂർവ്വമുള്ളതുമായ ആ ശബ്ദം നമ്മുടെ കാതുകളിൽ ഇപ്പോഴുമുണ്ട്.

ആ ഈസ്റ്റർ ദിനത്തിലെ പ്രഭാതത്തിൽ റോമിനെ അനുഗ്രഹിച്ച പാപ്പാ, മുഴുവൻ ലോകത്തിനും അനുഗ്രഹമേകുകയായിരുന്നു. അതെ ആശീർവാദം തുർന്നും നൽകാൻ എന്നെയും അനുവദിച്ചാലും: ദൈവം നിങ്ങളെല്ലാവരുടെയും നന്മ ആഗ്രഹിക്കുന്നു, ദൈവം നിങ്ങളെയെല്ലാം സ്നേഹിക്കുന്നു, തിന്മ ഒരിക്കലും വിജയിക്കില്ല! നാമെല്ലാവരും ദൈവത്തിന്റെ കരങ്ങളിലാണ്. അതുകൊണ്ടുതന്നെ, ഭയലേശമന്യേ, ദൈവത്തോടും പരസ്പരവും കൈകോർത്ത് നമുക്ക് മുന്നോട്ടുപോകാം. നമ്മൾ ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്തു നമുക്ക് മുൻപേ നടക്കുന്നുണ്ട്. ലോകത്തിന് ക്രിസ്തുവിന്റെ വെളിച്ചം ആവശ്യമാണ്. ദൈവവും അവന്റെ സ്നേഹവും എത്തിച്ചേരേണ്ട ഒരു പാലം പോലെ, മാനവികതയ്ക്ക് ക്രിസ്തുവിനെ ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങളെയും നിങ്ങൾ പരസ്‌പരവും, സംവാദങ്ങളിലൂടെയും, കൂടിക്കാഴ്ചകളിലൂടെയും, സമാധാനത്തിൽ ജീവിക്കുന്ന ഏകജനമായിരിക്കാനായി ഏവരും ഒന്നുചേർന്ന്, പാലങ്ങൾ പണിയാൻ സഹായിക്കുക. ഫ്രാൻസിസ് പാപ്പാ അങ്ങേക്ക് നന്ദി!

പത്രോസിന്റെ പിൻഗാമിയായി, നിങ്ങളോടൊപ്പം ഒരുമയുള്ള ഒരു സഭയായി എല്ലായ്‌പ്പോഴും സമാധാനവും, നീതിയും തേടിക്കൊണ്ടും, യേശുക്രിസ്തുവിന്റെ, സുവിശേഷം പ്രഘോഷിക്കാനും മിഷനറിമാരാകാനും ഭയമില്ലാത്ത വിശ്വസ്ത സ്ത്രീകളും പുരുഷന്‍മാരുമെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടും, നിങ്ങളോടൊപ്പം ഒരുമിച്ച് നടക്കാൻ എന്നെ തിരഞ്ഞെടുത്ത എല്ലാ സഹോദര കർദ്ദിനാൾമാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

"ഞാൻ നിങ്ങൾക്കൊപ്പം ക്രിസ്ത്യാനിയും, നിങ്ങൾക്കായി മെത്രാനുമാണ്" എന്നുപറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ ഒരു ആത്മീയപുത്രൻ, ഒരു അഗസ്തീനിയൻ സഭാംഗമാണ് ഞാൻ. ഈയൊരു ശൈലിയിൽ, ദൈവം നമുക്കായി തയ്യാറാക്കിയിരിക്കുന്ന ആ രാജ്യത്തിലേക്ക് നമുക്കൊരുമിച്ച് നടക്കാം.

റോമിലെ സഭയ്ക്ക് എന്റെ പ്രത്യേക അഭിവാദ്യങ്ങൾ! ഒരു മിഷനറിയായ സഭയാകാൻ, പാലങ്ങളും, സംവാദങ്ങളും ഒരുക്കുന്ന ഒരു സഭയാകാൻ, ഈ ചത്വരം പോലെ തുറന്ന കരങ്ങളോടെ മറ്റുളളവരെ സ്വീകരിക്കാൻ നമുക്കൊരുമിച്ച് ശ്രമിക്കാം. നമ്മുടെ കാരുണ്യവും, നമ്മുടെ സാന്നിദ്ധ്യവും, സംഭാഷണവും സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കാം എന്ന് പാപ്പാ വിശദീകരിച്ചു.

വടക്കേ അമേരിക്കയിൽ ജനിച്ച്, തന്റെ ജീവിതത്തിന്റെ ഏറെ വർഷങ്ങൾ പെറുവിൽ മിഷനറിയായി സേവനമനുഷ്ടിച്ചിട്ടുള്ള ലിയോ പതിനാലാമൻ പാപ്പാ തുടർന്ന് അവിടെയുള്ള ജനങ്ങളെ സ്പാനിഷ് ഭാഷയിൽ അഭിസംബോധന ചെയ്തു.

ദയവായി ഒരു വാക്ക് പറയാൻ, ഒരു അഭിവാദ്യം ഏവർക്കും, പ്രത്യേകിച്ച് പെറുവിലെ എന്റെ പ്രിയപ്പെട്ട ചിക്ലായോ രൂപതയ്ക്ക് നൽകാൻ എന്നെ അനുവദിക്കുക. അവിടെ വിശ്വസ്തരായ ഒരു ജനം അവരുടെ മെത്രാനെ, തങ്ങളുടെ വിശ്വാസം പങ്കുവച്ചും, യേശു ക്രിസ്തുവിന്റെ വിശ്വസ്തസഭയായി തുടരുന്നതിന് വേണ്ടി, ഒരുപാട് കാര്യങ്ങളിൽ സഹായിച്ചും, അനുഗമിച്ചിരുന്നു.

തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം തുടർന്നു.

റോമിലെയും, ഇറ്റലിയിലെയും, ലോകം മുഴുവനിലെയും സഹോദരീസഹോദരന്മാരെ, നമുക്ക് ഒരു സിനഡൽ സഭയായി, സഞ്ചരിക്കുന്ന ഒരു സഭയായി, എപ്പോഴും സമാധാനം തേടുന്ന ഒരു സഭയായി, എപ്പോഴും കാരുണ്യം തേടുന്ന ഒരു സഭയായി, എപ്പോഴും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സമീപസ്ഥയായ ഒരു സഭയായി മാറാൻ ശ്രമിക്കാം.

ഇന്ന് പോംപൈ മാതാവിനോടുള്ള പ്രാർത്ഥനയുടെ ദിനമാണ്. നമ്മുടെ അമ്മയായ മറിയം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു, നമ്മോടൊത്തായിരിക്കാൻ ആഗ്രഹിക്കുന്നു, തന്റെ മദ്ധ്യസ്ഥ്യം കൊണ്ടും, സ്നേഹം കൊണ്ടും നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു.

അതുകൊണ്ടുതന്നെ, നിങ്ങൾക്കൊപ്പം പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് പുതിയ ഈ നിയോഗത്തിനായും, സഭ മുഴുവനുവേണ്ടിയും, ലോകത്ത് സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുകയും, ഈ പ്രത്യേക കൃപയ്ക്കായി നമ്മുടെ അമ്മയായ മറിയത്തോട് അപേക്ഷിക്കുകയും ചെയ്യാം.

തുടർന്ന് പാപ്പാ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഇറ്റാലിയൻ ഭാഷയിൽ ചൊല്ലി.

പ്രാർത്ഥനയ്ക്ക് ശേഷം, കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തി, പാപ്പാ തന്റെ പ്രഥമ “ഉർബി എത് ഓർബി” ആശീർവാദം നൽകാൻ പോകുന്നതിനെക്കുറിച്ച് പറയുകയും, ഇത് നേരിട്ടും മാധ്യമങ്ങൾ വഴിയും സ്വീകരിച്ചും, സഭ നിർദ്ദേശിക്കുന്ന വ്യവസ്ഥകളനുസരിച്ചും പൂർണ്ണദണ്ഡവിമോചനം നേടുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഏവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.

തുടർന്ന് ലിയോ പതിനാലാമൻ പാപ്പാ ഏവർക്കും അപ്പസ്തോലിക ആശീർവാദമേകി.

ആശീർവാദശേഷവും ഏറെ സമയം മട്ടുപ്പാവിൽ ഏവരുടെയും സ്നേഹാദരങ്ങളും പ്രാർത്ഥനകളും ഏറ്റുവാങ്ങി നിന്നശേഷം, പാപ്പാ മട്ടുപ്പാവിൽനിന്ന് പിൻവാങ്ങി.

പത്രോസിന്റെ പിൻഗാമിയും റോമിന്റെ മെത്രാനുമായി, ദൈവഹിതമനുസരിച്ച് കർത്താവിന്റെ സഭയെ നയിക്കാനായി വിളിക്കപ്പെട്ടിരിക്കുന്ന ലിയോ പതിനാലാമൻ പാപ്പായെ ഓർത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം, നമ്മുടെ വലിയ ഇടയനായി പ്രാർത്ഥിക്കാം. പാപ്പാ തന്റെ ആദ്യ പ്രഭാഷണത്തിൽ നമ്മെ ഓർമ്മിപ്പിച്ചതുപോലെ, ഏകദൈവജനമായി, സിനഡാത്മകസഭയായി, സമാധാനമുള്ള ഒരു ലോകത്തിനായി പ്രയത്നിച്ചും, പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിതും, ജനതകൾക്കിടയിൽ ഐക്യം സ്ഥാപിക്കപ്പെടാനായി സംവാദങ്ങളിലേർപ്പെട്ടും, സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സമീപസ്ഥരായും, ഏവരെയും ഉൾക്കൊണ്ടും, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ആ സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി വിശ്വാസത്തോടെ പരസ്പരം കൈകോർത്ത് പരിശുദ്ധ അമ്മയ്‌ക്കൊപ്പം നീങ്ങാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മേയ് 2025, 17:05