MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ 

ലിയോ പതിനാലാമൻ പാപ്പാ റോം രൂപതയ്ക്കായി പതിനൊന്ന് ഡീക്കന്മാരെ പുരോഹിതരായി അഭിഷേകം ചെയ്യും

മെയ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് റോം രൂപതയ്ക്കായി പതിനൊന്ന് ഡീക്കന്മാർ പുരോഹിതരായി അഭിഷിക്തരാകും. റോമിന്റെ മെത്രാൻകൂടിയായ ലിയോ പതിനാലാമൻ പാപ്പായായിരിക്കും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുക. മെയ് 29 വ്യാഴാഴ്ച വൈകുന്നേരം 9 മണിക്ക് ഈ നിയോഗത്തിലേക്കായി ലാറ്ററൻ ബസലിക്കയിൽ പ്രത്യേകപ്രാർത്ഥനാച്ചടങ്ങുകൾ ഉണ്ടായിരിക്കുമെന്ന് റോം വികാരിയാത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റോം രൂപതയിലേക്കായി പതിനൊന്ന് ഡീക്കന്മാർ പുരോഹിതരായി അഭിഷേകം ചെയ്യപ്പെടും. മെയ് 31 ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ  വച്ചുനടക്കുന്ന അഭിഷേകച്ചടങ്ങുകളിൽ ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കും.  ഇതോടനുബന്ധിച്ച് മെയ് 29 വ്യാഴാഴ്ച വൈകുന്നേരം 9 മണിക്ക് വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽ വച്ച് പ്രത്യേക പ്രാർത്ഥനകൾ നടക്കുമെന്ന് റോം വികാരിയാത്ത് മെയ് 27-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫാ. മൗറീസ്സ്യോ ബോത്ത പ്രഭാഷണം നടത്തുകയും, പുരോഹിതാർത്ഥികൾ സാക്ഷ്യം നൽകുകയും ചെയ്യും.

വൈദികാർത്ഥികൾക്ക് കുടുംബങ്ങളിലൂടെയും, ക്രൈസ്തവസമൂഹങ്ങളിലൂടെയും ലഭിച്ച മാമ്മോദീസയെന്ന കൃപയുടെ തുടർച്ചയായാണ് പൗരോഹിത്വജീവിതത്തിലേക്കുള്ള വിളി ഇവർക്ക് ലഭിച്ചതെന്നും, രൂപതയെ സംബന്ധിച്ചിടത്തോളം ഈ പൗരോഹിത്യസ്വീകരണം വലിയ സന്തോഷത്തിന് കാരണമാണെന്നും. റോം രൂപതയിലെ ഡീക്കന്മാരുടെയും വൈദികരുടെയും സമർപ്പിതജീവിതക്കാരുടെയും ചുമതലയുള്ള ബിഷപ് മിക്കേലെ ദി തോൽവോ പ്രസ്താവിച്ചു. തങ്ങളുടെ ജോലികൾ പോലും ഉപേക്ഷിച്ച്, സുവിശേഷം അറിയിക്കാനും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ വളർത്താനുമായാണ് ഇവർ തങ്ങളുടെ ജീവിതം മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരോഹിതരായി അഭിഷിക്തരാകുന്നവരിൽ ഏഴ് പേർ റോം രൂപതാ സെമിനാരിയിൽ പരിശീലനം നേടിയവരാണ്. നാല് പേർ റെദെംതോറിസ് മാത്തർ സെമിനാരിയിൽ പരിശീലനം നേടിയവരും. ലിയോ പതിനാലാമൻ പാപ്പാ റോം രൂപതയിൽപെട്ടവർക്ക് ആദ്യമായാണ് പൗരോഹിത്വം നൽകുന്നത്.

ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മീഡിയരംഗത്ത് പ്രവർത്തിക്കുന്നവർ, ചടങ്ങുകൾക്ക് 24 മണിക്കൂറിന് മുൻപേയെങ്കിലും press.vatican.va/accreditamenti എന്ന വെബ് അഡ്ഡ്രസ്സിൽ അപേക്ഷ സമർപ്പിക്കണമെന്നും വികാരിയാത്ത് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2025, 14:47