MAP

പാപ്പാ ലിയോ പതിനാലാമൻ അഭിസംബോധന ചെയ്യുന്നു പാപ്പാ ലിയോ പതിനാലാമൻ അഭിസംബോധന ചെയ്യുന്നു   (ANSA)

മാധ്യമപ്രവർത്തകർ സമാധാന സംസ്ഥാപകരാകണം: ലിയോ പതിനാലാമൻ പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ നിര്യാണം, സംസ്കാരം, കോൺക്ലേവ്, പുതിയ പാപ്പായുടെ പ്രവർത്തന ഉദ്‌ഘാടനം എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് മാധ്യമപ്രവർത്തകരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വളരെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിച്ചേർന്ന മാധ്യമപ്രവർത്തകരുമായി, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം പന്ത്രണ്ടാം തീയ്യതി, പ്രാദേശിക സമയം പതിനൊന്നു മണിക്ക് പോൾ ആറാമൻ ശാലയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. ആയിരക്കണക്കിന് മാധ്യമപ്രവർത്തകരാണ് ഈ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റോമിലേക്ക് എത്തിച്ചേർന്നത്.  മാധ്യമപ്രവർത്തകരെന്ന നിലയിൽ അവർ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങൾക്ക്, പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.

മലയിലെ പ്രസംഗത്തിൽ, യേശു പറഞ്ഞ, " സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന വചനത്തെ അടിസ്ഥാനമാക്കിക്കൊണ്ട്, മാധ്യമപ്രവർത്തനത്തിനു പുതിയ ഒരു മാതൃകയും  പാപ്പാ നിർദേശിച്ചു.  ആക്രമണാത്മക വാക്കുകളിൽ നിന്നും വ്യത്യസ്തമായി, മാത്സര്യം ഒഴിവാക്കിക്കൊണ്ട് , താഴ്മയോടെയും സ്നേഹത്തോടെയും സത്യത്തിനായുള്ള അന്വേഷണത്തെ പ്രോത്സാഹിപ്പിക്കണമെന്നു പാപ്പാ പറഞ്ഞു. നാം മറ്റുള്ളവരെ കാണുന്ന രീതിയിലും  മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിലും  മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിലും , സമാധാനത്തിന്റെ സംവാഹകരായി മാധ്യമപ്രവർത്തകർ മാറണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. ഇപ്രകാരം യുദ്ധത്തിന്റെ മാതൃകകളോട് തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടും, യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ മനുഷ്യരിലേക്കെത്തിക്കുന്നവരെക്കുറിച്ചും പാപ്പാ പരാമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും വിലയേറിയ നന്മ സംരക്ഷിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

സഭയെക്കുറിച്ചും അതിന്റെ വൈവിധ്യത്തെക്കുറിച്ചും അതേ സമയം സഭയുടെ  ഐക്യത്തെക്കുറിച്ചും സംസാരിക്കാൻ ഈ ദിവസങ്ങളിൽ റോമിൽ എത്തിച്ചേർന്ന എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സൗന്ദര്യം, ഈ ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ  വിവരിക്കുന്നതിൽ തനിക്കുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. സഭ കാലത്തിന്റെ വെല്ലുവിളി സ്വീകരിക്കണം, അതുപോലെ, സമയത്തിനും ചരിത്രത്തിനും പുറത്ത് ആശയവിനിമയവും പത്രപ്രവർത്തനവും സാധ്യമല്ലയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

പ്രത്യയശാസ്ത്രപരമോ പക്ഷപാതപരമോ ആയ ഭാഷകളുടെ ആശയക്കുഴപ്പങ്ങൾ ഉരുവാക്കുന്ന സ്നേഹരഹിതമായ "ബാബേൽ ഗോപുരത്തിന്റെ' ആശയവിനിമയ മാതൃക ഇന്നത്തെ പ്രധാന വെല്ലുവിളിയാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

ആശയവിനിമയം, വാസ്തവത്തിൽ, വിവരങ്ങളുടെ കൈമാറ്റം മാത്രമല്ല, മറിച്ച് സംഭാഷണത്തിനും താരതമ്യത്തിനുമുള്ള ഇടങ്ങളായി മാറുന്ന ഒരു സംസ്കാരത്തിന്റെ, മാനവിക , ഡിജിറ്റൽ പരിതസ്ഥിതികളുടെ സൃഷ്ടിയാണെന്ന് പറഞ്ഞ പാപ്പാ, നിർമ്മിത ബുദ്ധി ഇന്നത്തെ ലോകത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പരാമർശിച്ചു.

ആക്രമണത്തിൽ നിന്ന് ശുദ്ധീകരിച്ചുകൊണ്ട്, മറ്റുള്ളവരെ ശ്രവിക്കുന്ന ആശയവിനിമയ മാർഗമാണ് നമുക്കാവശ്യമെന്നും, അപ്രകാരം, ദുർബലരുടെ ശബ്ദമായി മാറുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു. കാര്യങ്ങളെ കുറിച്ചുള്ള അവബോധത്തോടെയും, ധൈര്യത്തോടെയും സമാധാന ആശയവിനിമയത്തിന്റെ പാത തിരഞ്ഞെടുക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മേയ് 2025, 11:30