MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

ചേലാം സംയുക്തമെത്രാൻസമിതിയുടെ എഴുപതാം സ്ഥാപനവാർഷികത്തിൽ ആശംസകളുമായി ലിയോ പതിനാലാമൻ പാപ്പാ

ലാറ്റിനമേരിക്കൻ, കരീബിയൻ സംയുക്തമെത്രാൻസമിതിയുടെ (ചേലാം - CELAM) നാൽപ്പതാമത് പൊതുസമ്മേളനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ ടെലെഗ്രാം സന്ദേശം. സമിതിയുടെ എഴുപതാം സ്ഥാപനവർഷികത്തിൽ സമിതി പ്രഡിഡന്റ് കർദ്ദിനാൾ ഹൈമേ സ്‌പെൻഗ്ലർക്കയച്ച സന്ദേശത്തിൽ, തെക്കേ അമേരിക്കയിൽ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് വലിയ സംഭാവനകൾ നൽകാൻ ചേലാമിന് കഴിഞ്ഞിട്ടുണ്ടെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ചേലാം എന്ന ലാറ്റിനമേരിക്കൻ, കരീബിയൻ സംയുക്തമെത്രാൻസമിതിയുടെ എഴുപതാം വാർഷികത്തിൽ, അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ സുവിശേഷപ്രഘോഷണമേഖലയിൽ സമിതി വഹിച്ച പ്രധാനപങ്ക് എടുത്ത് പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ ദിവസം ഈ സംയുക്തസമിതിയുടെ നാല്പതാമത് പൊതുസമ്മേളനം നടക്കുന്ന വേളയിൽ സമിതി  പ്രഡിഡന്റ് കർദ്ദിനാൾ ഹൈമേ സ്‌പെൻഗ്ലർക്കയച്ച സന്ദേശത്തിൽ, മെത്രാന്മാരുടെ കൂട്ടായ്മക്കും, ഏകോപിച്ചുള്ള അജപാലനത്തിനും, ബുദ്ധിമുട്ടേറിയ ഇടങ്ങളിൽപ്പോലും സുവിശേഷവത്കരണം നടപ്പാക്കുന്നതിനും സമിതി നൽകിയ സംഭാവനകളെ പാപ്പാ പരാമർശിച്ചു.

നിരവധി ആളുകളാണ് തെക്കേ അമേരിക്കയിൽ ബുദ്ധിമുട്ടുകളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോകുന്നതെന്ന് എഴുതിയ പാപ്പാ, സഭയെ സംരക്ഷിക്കുകയും നയിക്കുകയും, അവളിൽ പ്രതീക്ഷ വളരാൻ സഹായിക്കുകയും ചെയ്യുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രാധാന്യം മറന്നുപോകരുതെന്ന് മെത്രാന്മാരെ ഓർമ്മിപ്പിച്ചു.

തെക്കേ അമേരിക്കയിലെ സഭാതനായരുടെ നേർക്കുള്ള അജപാലനകരുതലിന്റെയും സഭയുടെ സുവിശേഷവത്കരണച്ചുമതലയുടെയും നിർവഹണത്തിൽ മെത്രാൻസമിതികളെ സഹായിക്കുന്ന ഒരു ഉപകരണമായാണ് ചേലാം വർത്തിക്കുന്നതെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി.

യേശു മുന്നോട്ടുവയ്ക്കുന്ന രക്ഷയുടെ സന്ദേശം ഏവരിലേക്കുമെത്തിക്കാനും, ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ നൽകുന്ന സന്തോഷത്തിൽ പങ്കുചേരാൻ ആളുകളെ സഹായിക്കാനും സഭയ്ക്ക് കരുത്തേകാൻ വേണ്ടി ക്രിസ്തുവിനോട് പ്രാർത്ഥിക്കാമെന്ന് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.

അമേരിക്കൻ ഭൂഖണ്ഡത്തിലെ ആളുകളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥ്യയായ ഗ്വാദലൂപ്പെ മാതാവിന് മെത്രാന്മാരെ സമർപ്പിച്ച പാപ്പാ, ആഗോളകത്തോലിക്കാസഭയിൽ ശുശ്രൂഷ ചെയ്യാനായി തന്നിൽ ഏൽപ്പിക്കപ്പെട്ട നിയോഗം വിശ്വസ്തതാപൂർവ്വം തുടർന്നുകൊണ്ട് മുന്നോട്ടുപോകാൻ വേണ്ടി തനിക്കായി പ്രാർത്ഥിക്കണമെന്ന്,  ഏവരോടും അപേക്ഷിക്കുകയും, ഏവർക്കും ആശീർവാദം ആശംസിക്കുകയും ചെയ്തു.

1955-ൽ ബ്രസീലിലാണ് ലാറ്റിനമേരിക്കൻ, കരീബിയൻ സംയുക്തമെത്രാൻസമിതിയുടെ സംയുക്തസമിതി ആദ്യമായി ഒന്നുചേർന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മേയ് 2025, 16:47