MAP

അഗസ്റ്റീനിയൻ സന്ന്യസ്തസഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സന്ന്യസ്തസഹോദരങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ 

സഹോദരസന്ന്യസ്തവൈദികർക്കൊപ്പം വിശുദ്ധബലിയർപ്പിച്ചും സമയം പങ്കിട്ടും ലിയോ പതിനാലാമൻ പാപ്പാ

അഗസ്തീനിയൻ സഭയുടെ മുൻ പ്രിയോർ ജനറൽ കൂടിയായിരുന്ന ലിയോ പതിനാലാമൻ പാപ്പാ, മെയ് 13 ഉച്ചയോടെ വത്തിക്കാൻ ചത്വരത്തിനടുത്തുള്ള അഗസ്തീനിയൻ സഭയുടെ ജനറലേറ്റിലെത്തി, സഹസന്ന്യസ്തവൈദികർക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കുകയും ഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തശേഷം ഇതാദ്യമായാണ് പാപ്പാ, താൻ 12 വർഷങ്ങൾ ജീവിച്ച ജനറലേറ്റിലെത്തിയത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ പാപ്പാ വത്തിക്കാനിലേക്ക് മടങ്ങി.

തിസ്സ്യാന കാംപീസി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ചൊവ്വാഴ്ച ഉച്ചയോടെ ലിയോ പതിനാലാമൻ പാപ്പാ താൻ കൂടി അംഗമായ അഗസ്തീനിയൻ സഭയുടെ ജനറലേറ്റിലെത്തി വിശുദ്ധ ബലിയർപ്പിക്കുകയും, സഹസന്ന്യസ്തവൈദികർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. പാപ്പയുടേത് കുടുംബാന്തരീക്ഷത്തിലുള്ള ഒരു സന്ദർശനമായിരുന്നുവെന്ന് പ്രിയോർ ജനറൽ, ഫാ. അലെഹാന്ദ്രോ മൊറാൽ പറഞ്ഞു.

അഗസ്തീനിയൻ സഭയുടെ മുൻ പ്രിയോർ ജനറൽ കൂടിയായിരുന്ന ലിയോ പതിനാലാമൻ പാപ്പാ, 2001 മുതൽ 2013 വരെ ഈ ഭവനത്തിലാണ് വസിച്ചിരുന്നതെന്നും, വത്തിക്കാനിലെ മെത്രാന്മാർക്കുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്ത്, പല ദിവസങ്ങളിലും കർദ്ദിനാൾ പ്രേവോസ്റ്റ് തങ്ങൾക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കാനെത്തുമായിരുന്നുവെന്നും ഫാ. മൊറാൽ അറിയിച്ചു.

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തങ്ങളുടെ സഹവൈദികനെന്ന നിലയിലാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തങ്ങൾക്കനുഭവപ്പെട്ടതെന്ന്, അഗസ്റ്റീനിയൻ സഭയുടെ ഇറ്റലിയിലെ പ്രൊവിൻഷ്യൽ പ്രിയോർ ഫാ. ഗബ്രിയേലേ പെദിചീനോ വത്തിക്കാൻ മീഡിയയോട് പറഞ്ഞു. വിശുദ്ധ അഗസ്റ്റിൻ ആവശ്യപ്പെടുന്നതുപോലെ, പരസ്പരം സമീപസ്ഥരായി ഐക്യത്തിൽ ജീവിക്കാൻ പാപ്പാ തങ്ങളെ ആഹ്വാനം ചെയ്തുവെന്ന് ഫാ. മൊറാൽ അനുസ്മരിച്ചു.

വിശുദ്ധ ബലിയർപ്പണത്തിനും, ഉച്ചഭക്ഷണത്തിനും ശേഷം അഗസ്റ്റീനിയൻ വൈദികർക്കും, ജനറലേറ്റിലെ ജോലിക്കാർക്കുമൊപ്പം സമയം ചിലവഴിച്ച പാപ്പാ വൈകുന്നേരം മൂന്ന് മണിയോടെ തിരികെ വത്തിക്കാനിലേക്ക് മടങ്ങി. പാപ്പാ ജനറലേറ്റിലെത്തിയതറിഞ്ഞ് വത്തിക്കാൻ ചത്വരത്തിന് പുറത്തുള്ള പോൾ ആറാമൻ പാപ്പായുടെ പേരിലുള്ള വഴിയിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മേയ് 2025, 13:19