പാപ്പായ്ക്ക് റോമൻ നഗരത്തിന്റെ ആദരവ്
വത്തിക്കാൻ ന്യൂസ്
കത്തോലിക്കാ തിരുസഭയുടെ 267 മത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ, റോം രൂപതയുടെ മെത്രാനെന്ന നിലയിൽ തന്റെ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഔദ്യോഗികമായി സ്ഥാനമേൽക്കും. മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ഞായറാഴ്ച്ച വൈകുന്നേരമാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകൾക്കായി ബസിലിക്കയിൽ എത്തുന്നതിനു മുൻപ്, റോമൻ നഗരത്തിന്റെ ഭരണസിരാകേന്ദ്രമായ, കംബിഥോല്യയിൽ വച്ച്, നഗരപിതാവ് റോബെർത്തോ ഗ്വാൾതിയേരി റോം നഗരത്തിന്റെ ആദരവ് പ്രകടിപ്പിച്ച് പാപ്പായെ സ്വീകരിക്കും. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താകാര്യാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
പ്രാദേശിക സമയം വൈകുന്നേരം 4.15 നാണ് നഗരം പാപ്പായ്ക്ക് ആദരവ് അർപ്പിക്കുന്നത്. തുടർന്ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ഔദ്യോഗിക സിംഹാസനത്തിൽ പാപ്പാ ഉപവിഷ്ടനാകുന്ന ചടങ്ങും, വിശുദ്ധ ബലിയർപ്പണവും നടക്കും. തിരുചടങ്ങുകൾ അവസാനിക്കുമ്പോൾ, ബസിലിക്കയുടെ മുഖമണ്ഡപത്തിൽ നിന്നുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയും, റോമൻ നഗരത്തെ ആശീർവ്വദിക്കുകയും ചെയ്യും.
തുടർന്ന്, അതേദിവസം പ്രാദേശിക സമയം വൈകുന്നേരം ഏഴു മണിക്ക്, റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന, പരിശുദ്ധ മറിയത്തിന്റെ അത്ഭുത ഐക്കൺ ചിത്രമായ സാലൂസ് പോപ്പോളി റൊമാനിയുടെ മുൻപിൽ പ്രാർത്ഥനയ്ക്കായി എത്തുമെന്നും, വാർത്താകാര്യാലയം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: