റോമൻ നഗരത്തെ മനോഹരമാക്കിയ കത്തോലിക്കാ സഭയുടെ സംഭാവനകൾ എടുത്തു പറഞ്ഞു റോബെർത്തോ ഗ്വാൾത്തിയേരി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"റോമൻ നഗരത്തിനോടുള്ള പാപ്പായുടെ സ്നേഹത്തിന്റെ അടയാളമാണ്, ലിയോ പതിനാലാമൻ പാപ്പായുടെ റോമൻ ഭരണ സിരാകേന്ദ്രമായ കമ്പിദോല്യയിലേക്കുള്ള സന്ദർശനമെന്നു", മെയ് 25, ഞായറാഴ്ച്ച, പ്രാദേശിക സമയം വൈകുന്നേരം 4.15 ന് ലിയോ പതിനാലാമൻ പാപ്പായ്ക്ക് നഗരത്തിന്റെ സ്വീകരണവും, ആദരവും അർപ്പിച്ചുകൊണ്ട്, നഗരപിതാവ്, റോബെർത്തോ ഗ്വാൾത്തിയേരി പറഞ്ഞു. നഗരത്തിലെ പൗര, ജനാധിപത്യ ഭരണകൂടത്തിന്റെ ഭവനമായ കാപ്പിത്തോലിൻ കുന്നിന്റെ അടിവാരത്തിൽ നടന്ന പാരമ്പര്യമായ സ്വീകരണചടങ്ങിൽ സംബന്ധിക്കുവാൻ മനസു കാണിച്ച പാപ്പായ്ക്ക് പ്രത്യേകം നന്ദിയർപ്പിച്ചു.
സഭയുടെ സാർവത്രിക മാനവും, റോമും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളായി ഈ നഗരത്തെ പരിപോഷിപ്പിക്കുകയും സംസ്കാരം, നാഗരികത, ബന്ധങ്ങൾ എന്നിവയെ സുദൃഢമാക്കുകയും, ധാർമ്മിക മൂല്യങ്ങൾ, പൊതുവായ ഉത്തരവാദിത്തങ്ങൾ എന്നിവയാൽ സമ്പന്നമാക്കുകയും ചെയ്തതിനെ നഗരപിതാവ് പ്രത്യേകം അനുസ്മരിച്ചു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ നിന്ന് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്ത സമാധാനം, തങ്ങളുടെ ഹൃദയത്തെ ഏറെ സ്പർശിച്ചുവെന്നു റോബെർത്തോ എടുത്തുപറഞ്ഞു. ഒരു ആഗോള തലസ്ഥാനം എന്ന നിലയിൽ റോം ഏറെ അഭിമാനം കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യാശയുടെ ജൂബിലി വർഷം നഗരത്തിനു നൽകിയ ഉന്മേഷത്തെയും, ആവേശത്തെയും സൂചിപ്പിച്ച അദ്ദേഹം, യുവാക്കളുടെ ജൂബിലി ആഘോഷത്തിന് എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ആലിംഗനം ചെയ്യുന്നതിന് റോമാ നഗരം ഒരുങ്ങിയിരിക്കുകയാണെന്നും പറഞ്ഞു. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ഐക്യത്തിന്റെ ഒരു മാതൃകയായി റോം മാറുന്നതിനും, സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കടന്നുകയറ്റം മൂലം നടക്കുന്ന മഹത്തായ വിപ്ലവങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷുബ്ധമായ മാറ്റങ്ങളെ നിയന്ത്രിക്കാൻ പ്രാപ്തമായ ഒരു നഗരമായി മാറുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയെയും റോബെർത്തോ അടിവരയിട്ടു പറഞ്ഞു.
ഈ ആവശ്യങ്ങളിൽ പിന്തുണ നൽകുന്ന സഭയെയും, സഭാതലവനെയും നന്ദിയോടെ അനുസ്മരിച്ചു. ഒരു പുതിയ രാഷ്ട്രീയത്തിന്റെ മാതൃക, ജനങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പുതിയ ബന്ധങ്ങൾ, സാമൂഹിക മാതൃകയുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് നഗരത്തിന്റെ സഹകരണം ഉറപ്പു നൽകിയ റോബെർത്തോ, റോം നഗരം മുഴുവനും കത്തോലിക്കാ സഭയുടെ സഖ്യകക്ഷികളായിരിക്കുമെന്നുള്ള ഉറപ്പും നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: