ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിൽ പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നല്ല ആലോചനയുടെ മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ ജെനെസാനോയിൽ സന്ദർശനം നടത്തി, പ്രാർത്ഥിച്ചു തിരികെ വത്തിക്കാനിലേക്ക് മടങ്ങിവരവേ ലിയോ പതിനാലാമൻ പാപ്പാ,റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന തന്റെ മുൻഗാമി, ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും, പുഷ്പം സമർപ്പിച്ച് അല്പസമയം പ്രാർത്ഥിക്കുകയും ചെയ്തു. അതെ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ അത്ഭുത ചിത്രമായ സാലൂസ് പോപ്പോളി റൊമാനിയുടെ മുൻപിലും പരിശുദ്ധ പിതാവ് പ്രാർത്ഥയോടെ അല്പസമയം നിലകൊണ്ടു.
വെളുത്ത, ലളിതമായ മാർബിളിൽ നിർമിച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിനു മുൻപിൽ, മുട്ടുകുത്തിനിന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചത്. ബസിലിക്കയിൽ ജപമാല ചൊല്ലുന്നതിനായി വന്ന വിശ്വാസികൾ അപ്രതീക്ഷിതമായ ലിയോ പതിനാലാമന്റെ സന്ദർശനത്തിൽ ആശ്ചര്യപ്പെട്ടു. വിശ്വാസികൾ, പാപ്പാ കടന്നുവരവിൽ തങ്ങളുടെ സന്തോഷം അറിയിച്ചുകൊണ്ട്, ഹസ്താരവത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
പുഞ്ചിരിച്ചുകൊണ്ട്, ശാന്തനായി, കടന്നുവന്ന ലിയോ പതിനാലാമൻ പാപ്പാ, കൂടിനിന്ന എല്ലാവരെയും കൈകളുയർത്തി അഭിവാദ്യം ചെയ്തു. കർദ്ദിനാൾ റോളാണ്ടസ് മാക്രിക്കാസും പരിശുദ്ധ പിതാവിനെ അനുഗമിച്ചു. ദേവാലയത്തിൽ ഉണ്ടായിരുന്ന ഏതാനും ചില വിശ്വാസികളെ വ്യക്തിപരമായും പാപ്പാ അഭിവാദ്യം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: