MAP

വിശ്വാസികളെ അഭിവാദ്യം  ചെയ്യുന്നു വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു   (ANSA)

എല്ലാവർക്കും സമീപസ്ഥനായ ഒരു നല്ല വ്യക്തിയാണ് ലിയോ പതിനാലാമൻ പാപ്പാ: അഗസ്തീനിയൻ സഭാ അധിപൻ

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായുടെ സുഹൃത്തും, അഗസ്തീനിയൻ സഭയുടെ അധിപനുമായ ഫാ. ഫാദർ അലജാൻഡ്രോ മോറൽ, പാപ്പായുടെ മാനുഷിക ഗുണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വത്തിക്കാൻ മാധ്യമവിഭാഗവുമായി സംസാരിച്ചു

തിത്സ്യാന കാംപിസി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലിയോ പതിനാലാമൻ പാപ്പാ, സഭയ്ക്കുമുഴുവനും വേണ്ടിയുള്ള വലിയ ഒരു സമ്മാനമാണെന്നും, അതിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന വാക്കുകളോടെയാണ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായുടെ സുഹൃത്തും, അഗസ്തീനിയൻ സഭയുടെ അധിപനുമായ  ഫാദർ അലജാൻഡ്രോ മോറൽ വത്തിക്കാൻ മാധ്യ വിഭാഗത്തോട് സംസാരിച്ചത്. ലിയോ പതിനാലാമൻ പാപ്പാ തന്റെ പത്രോസിനടുത്ത ശുശ്രൂഷ ആരംഭിക്കുന്ന അവസരത്തിൽ അഗസ്തീനിയൻ സഭയ്ക്കുള്ള സന്തുഷ്ടി രേഖപ്പെടുത്തുകയും, ഒരു ദാസനെന്ന നിലയിൽ ശുശ്രൂഷകൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കട്ടെയെന്ന ആശംസയും നൽകി.

എല്ലാവരോടും അടുപ്പം പുലർത്തുകയും, ആത്മീയമായി എപ്പോഴും ദൈവത്തോട് ചേർന്നുനിന്ന വ്യക്തിയാണ് പുതിയ പാപ്പായെന്നു ഫാദർ അലജാൻഡ്രോ പങ്കുവച്ചു. സമൂഹത്തിൽ വേർതിരിവുകളില്ലാതെ, പാവപ്പെട്ടവരെയും, ധനികരെയും ഒരു പോലെ സ്നേഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. ലിയോ പതിനാലാമൻ എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നിലെ പ്രചോദനവും ഫാദർ അലജാൻഡ്രോ എടുത്തു പറഞ്ഞു.

സമൂഹത്തിനു വേണ്ടിയും, മനുഷ്യന്റെ ഉന്നതിക്കുവേണ്ടിയും പ്രയത്നിച്ച മഹാനായ പാപ്പയായിരുന്ന ലിയോ പതിമൂന്നാമന്റെ ജീവിത മാതൃകയാണ്, ലിയോ പതിനാലാമൻ എന്ന പേര് തിരഞ്ഞെടുക്കുന്നതിന് കാരണമായതെന്നും ഫാദർ അലജാൻഡ്രോ പറഞ്ഞു. വത്തിക്കാൻ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നടത്തിയ ആദ്യ പ്രഭാഷണത്തിൽ ഉൾച്ചേർന്നിരുന്ന നീതിയും, സമാധാനവും എന്ന രണ്ടു പുണ്യങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും ഫാദർ അലജാൻഡ്രോ പറഞ്ഞു. യഥാർത്ഥമായ മാതൃരാജ്യത്തിലേക്കുള്ള തീർത്ഥാടകരാണ് നാമേവരും എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ എടുത്തു പറഞ്ഞ ലിയോ പതിനാലാമൻ, അതിലൂടെ വരും വർഷങ്ങളിലേക്കുള്ള തന്റെ കാര്യപരിപാടികളെയാണ് എടുത്തുപറഞ്ഞതെന്നും ഫാ. അലെജാൻഡ്രോ ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മേയ് 2025, 13:07