MAP

നയതന്ത്ര പ്രതിനിധികൾക്കൊപ്പം പാപ്പാ നയതന്ത്ര പ്രതിനിധികൾക്കൊപ്പം പാപ്പാ   (ANSA)

നയതന്ത്രകൂട്ടായ്മയിൽ കുടുംബത്തിന്റെ ഊഷ്‌മളത വളർത്തണം: പാപ്പാ

മെയ് മാസം പതിനാറാം തീയതി വെള്ളിയാഴ്ച്ച, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. നയതന്ത്ര മേഖലയിൽ കൂട്ടായ്മ വളർത്തുന്നതിനുള്ള പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിക്കുകയും, അവർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, മെയ് മാസം പതിനാറാം തീയതി. പ്രാദേശിക സമയം രാവിലെ പത്തുമണിക്ക്, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നൽകുകയും ചെയ്തു. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, തനിക്ക് ആശംസകളർപ്പിച്ച എല്ലാവർക്കും  നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാൻസിസ് പാപ്പായുടെ മരണത്തിൽ അനുശോചനം അറിയിച്ചതിനും നന്ദിയർപ്പിച്ചു. സംഭാഷണത്തിൽ, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന അവബോധത്തിൽ വളരുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും അതിനെ സജീവമാക്കുന്ന മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും പങ്കുവയ്ക്കുവാൻ സാധിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

പരിശുദ്ധ സിംഹാസനത്തിലേക്കുള്ള നയതന്ത്രബന്ധത്തിന്റെ വ്യതിരിക്തത, അത് സഭയുടെ കാതോലികതയുടെ പ്രകടനം ആണെന്നും,  പദവികൾ തേടാൻ പ്രേരിപ്പിക്കുന്നതിനു പകരം, മാനവികതയുടെ സേവനത്തിനായി  സുവിശേഷ ദൗത്യം ശക്തമാക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും നിലവിളികളോടുള്ള ശ്രവണവും, സൃഷ്ടിയുടെ സംരക്ഷണം മുതൽ നിർമ്മിത  ബുദ്ധി വരെ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ശ്രദ്ധയും ഫ്രാൻസിസ് പാപ്പായുടെ മുൻഗണനയിൽ എപ്പോഴും ഉണ്ടായിരുന്നതും പാപ്പാ ഓർമ്മപ്പെടുത്തി.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കിടയിൽ കെട്ടിപ്പടുത്തിയ  തന്റെ ജീവിത അനുഭവങ്ങൾ വ്യത്യസ്ത ആളുകളെയും, സംസ്കാരങ്ങളെയും ഉൾക്കൊള്ളുവാൻ തന്നെ സഹായിച്ചുവെന്നും, അതിനാൽ വത്തിക്കാൻ കാര്യാലയത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഓരോ രാജ്യവുമായും സംഭാഷണം ഊട്ടിയുറപ്പിക്കുവാൻ തനിക്കുള്ള അതിയായ ആഗ്രഹത്തെയും പാപ്പാ ചൂണ്ടിക്കാട്ടി. അഗസ്തീനിയൻ സഭയുടെ പ്രിയോർ  ജനറലായിരുന്ന കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിലെ യഥാർത്ഥ സാഹചര്യങ്ങൾ മനസിലാക്കുവാൻ തനിക്ക് സാധിച്ചതും, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ തന്നെ സഹായിക്കുമെന്നുള്ള പ്രത്യാശയും പാപ്പാ അടിവരയിട്ടു.

തുടർന്ന്, പാപ്പാ, സംഭാഷണത്തിൽ ഉൾച്ചേർക്കേണ്ടുന്ന മൂന്നു കാര്യങ്ങൾ എടുത്തു പറഞ്ഞു. അവയെ നെടുംതൂണുകൾ എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. സമാധാനം എന്നതായിരുന്നു ആദ്യ വാക്ക്. പലപ്പോഴും ഈ വാക്ക് നിഷേധാത്മകമായി നമുക്ക് അനുഭവപ്പെടാറുണ്ടെങ്കിലും, യുദ്ധവും സംഘർഷങ്ങളും ഇല്ലാത്ത ഒരു അവസ്ഥ എന്ന് മാത്രം നിർവ്വചിക്കപ്പെടാറുണ്ടെങ്കിലും, ആ വാക്കിനുള്ള ക്രൈസ്തവ മാനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.ക്രിസ്തുവിന്റെ പ്രഥമ ദാനം സമാധാനം ആണെന്നുള്ള വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വാചകവും പാപ്പാ ഓർമ്മപ്പെടുത്തി.

ഈ സമാധാനം ഹൃദയത്തിൽ നിന്നുമാണ് ഉത്ഭവിക്കേണ്ടതെന്നും പാപ്പാ എടുത്തുപറഞ്ഞു. സമാധാനത്തിന്റെ സന്ദർഭങ്ങൾ പരിപോഷിപ്പിക്കുന്നതിന് മതങ്ങൾക്കും മതാന്തര സംഭാഷണങ്ങൾക്കും വഹിക്കാൻ കഴിയുന്ന സംഭാവന അടിസ്ഥാനപരമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സംഘട്ടനത്തിനുപകരം കണ്ടുമുട്ടാനുള്ള ആഗ്രഹത്താൽ പ്രചോദിതമായ സംഭാഷണത്തിനുള്ള ആത്മാർത്ഥമായ ആഗ്രഹം നയതന്ത്രമേഖലയിൽ ഉള്ളവർക്ക് ഉണ്ടാകണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. "യഥാർത്ഥ നിരായുധീകരണമില്ലാതെ ഒരു സമാധാനവും സാധ്യമല്ല",  എന്ന ഫ്രാൻസിസ് പാപ്പായുടെ അവസാന ഊർബി എത്ത് ഓർബി സന്ദേശത്തിലെ  വാക്കുകളും പാപ്പാ അനുസ്മരിച്ചു.

രണ്ടാമത്തെ വാക്ക് നീതി എന്നുള്ളതാണ്. സമാധാനം പിന്തുടരുന്നതിന് നീതി നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, 'റേരും നോവാരും' ചാക്രികലേഖനത്തിൽ ലിയോ പതിമൂന്നാമൻ പാപ്പാ  അടിവരയിടുന്ന സാമൂഹിക നീതി ഈ കാലഘട്ടത്തിൽ കൈവരിക്കേണ്ടത് ഏറെ ആവശ്യമാണെനും, ഇതാണ് ലിയോ പതിനാലാമൻ എന്ന പേര് തിരഞ്ഞെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും പാപ്പാ പറഞ്ഞു. വിഘടിക്കപ്പെട്ടതും, സംഘർഷഭരിതവുമായ  നിരവധി അസന്തുലിതാവസ്ഥകൾക്കും അനീതികൾക്കും മുന്നിൽ പരിശുദ്ധ സിംഹാസനത്തിനു മൗനം അവലംബിക്കുവാൻ സാധിക്കുകയില്ല എന്ന് പാപ്പാ അടിവരയിട്ടു. പുരുഷനും സ്ത്രീയും തമ്മിലുള്ള സുസ്ഥിരമായ ഐക്യത്തിൽ സ്ഥാപിതമായ കുടുംബത്തിൽ നിക്ഷേപം നടത്തുന്നതിലൂടെയും നീതി ഉറപ്പാക്കുവാൻ സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരുടെ അന്തസ്സ് സംരക്ഷിക്കാനുള്ള കടമയും പാപ്പാ എടുത്തുകാട്ടി.

മൂന്നാമത്തെ വാക്ക് സത്യം എന്നുള്ളതാണ്. അന്താരാഷ്ട്ര സമൂഹത്തിനുള്ളിൽ  സത്യമില്ലാതെ സമാധാനപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ കഴിയില്ലയെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു. ആശയവിനിമയത്തിന്റെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ സാഹചര്യങ്ങൾ കുറഞ്ഞുവരുന്നത് വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. മനുഷ്യനെയും ലോകത്തെയും കുറിച്ചുള്ള സത്യം സംസാരിക്കുന്നതിൽ നിന്ന് സഭയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, കുടിയേറ്റം, നിർമ്മിത ബുദ്ധിയുടെ ധാർമ്മിക ഉപയോഗം, ഭൂമിയുടെ സംരക്ഷണം തുടങ്ങിയ നമ്മുടെ കാലത്തെ വെല്ലുവിളികളെ കൂടുതൽ ഊർജ്ജസ്വലതയോടെ നേരിടാൻ സത്യസന്ധമായ ജീവിതം ആവശ്യമെന്നും പാപ്പാ പറഞ്ഞു. ക്രൈസ്തവ വീക്ഷണത്തിൽ, സത്യം എന്നത് അമൂർത്തവും അദൃശ്യവുമായ തത്ത്വങ്ങളുടെ സ്ഥിരീകരണമല്ല, മറിച്ച് ക്രിസ്തുവെന്ന വ്യക്തിയുമായുള്ള കണ്ടുമുട്ടലാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ജൂബിലി വർഷത്തിൽ ആരംഭിക്കുന്ന തന്റെ ശുശ്രൂഷ, പ്രത്യാശയ്ക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്നുവെന്നു പറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, സത്യം, നീതി, സമാധാനം  എന്നിവയിൽ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വവും എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മേയ് 2025, 13:45