MAP

ലിയോ പതിനാലാമൻ പാപ്പായുടെ, റോമൻ രൂപതയുടെ മെത്രാനെന്ന നിലയിലുള്ള  ഔദ്യോഗിക സ്ഥാനാരോഹണം ലിയോ പതിനാലാമൻ പാപ്പായുടെ, റോമൻ രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഔദ്യോഗിക സ്ഥാനാരോഹണം  

കൂട്ടായ്മ പണിതുയർത്തേണ്ടത് മുട്ടിന്മേൽ നിന്നുകൊണ്ടാവണം: ലിയോ പതിനാലാമൻ പാപ്പാ

മെയ് മാസം ഇരുപത്തിയഞ്ചാം തീയതി റോമൻ രൂപതയുടെ കത്തീഡ്രലിൽ നടന്ന, ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ വേളയിൽ നൽകിയ സന്ദേശത്തിൽ, സഭാകൂട്ടായ്മയുടെ പ്രാധാന്യവും, അതിനു പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെ അടിവരയിട്ടു സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ  പൗലോസിന്റെയും എണ്ണമറ്റ രക്തസാക്ഷികളുടെയും, സാക്ഷ്യത്തിൽ വേരൂന്നിയ ഒരു മഹത്തായ ചരിത്രത്തിന്റെ തുടർച്ചയാണ് റോമൻ സഭ എന്ന ആമുഖത്തോടെയാണ് ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി റോമൻ രൂപതയുടെ കത്തീഡ്രലിൽ നടന്ന, തന്റെ രൂപത അധ്യക്ഷൻ എന്ന നിലയിലുള്ള സ്ഥാനാരോഹണ വേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്.

ലോകത്തിലുള്ള എല്ലാ ദേവാലയങ്ങളുടെയും മാതൃദേവാലയം എന്നാണ് ജോൺ ലാറ്ററൻ ബസിലിക്ക അറിയപ്പെടുന്നതെന്നും, ഇത് സഭയുടെ മാതൃ മാനത്തെക്കുറിച്ചു ചിന്തിക്കുവാൻ പ്രേരിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. മാതൃഭാവത്തിന്റെ സവിശേഷതകളും തുടർന്ന് അടിവരയിട്ടു. ആർദ്രത, ത്യാഗം ചെയ്യാനുള്ള സന്നദ്ധത, ശ്രദ്ധിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള മാതൃഭാവങ്ങൾ, ലോകമെമ്പാടുമുള്ള സഭകളിൽ പുലരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വിജാതീയ ലോകത്ത്, സുവിശേഷം പ്രഘോഷിക്കുന്നതിൽ ആദിമ സമൂഹം ഏറെ വെല്ലുവിളികൾ നേരിട്ടുവെന്നും, എന്നാൽ പരസ്പരമുള്ള സംഭാഷണങ്ങളും, പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളും, ദൈവവചനത്തിനു നൽകിയ ശ്രദ്ധയും, മുട്ടുകുത്തിനിന്നുകൊണ്ടുള്ള പ്രാർത്ഥനയും, പരിവർത്തനത്തിലേക്കുള്ള ജീവിത പ്രതിബദ്ധതയുമാണ് തുടർന്നുള്ള കൂട്ടായ്മയ്ക്ക് ഏറെ സഹായകരമായതെന്നും പാപ്പാ, അപ്പസ്തോല പ്രവർത്തന പുസ്തകത്തിലെ വചനങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് വിവരിച്ചു.

"അബ്ബാ! പിതാവേ!"എന്നുള്ള വിളിയിൽ മറ്റുള്ളവരെ സഹോദരീസഹോദരന്മാരായി പരിഗണിക്കുന്നതിനും, അവരെ കേൾക്കുന്നതിനും, മനസിലാക്കുന്നതിനും നമുക്ക് സാധിക്കുമെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ നിർണ്ണായകമായ തിരഞ്ഞെടുപ്പുകളിൽ നാം ഒറ്റയ്ക്കല്ല എന്നും, ആത്മാവ് നമ്മെ താങ്ങിനിർത്തുകയും, നമുക്ക് വഴികാട്ടുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

കർത്താവിന്റെ വചനങ്ങൾ  നമ്മിൽ ആഴത്തിൽ സ്വാധീനിച്ചുകൊണ്ട് ആത്മാവ് നമ്മെ പഠിപ്പിക്കുന്നുവെന്നും, ഇത് നമ്മുടെ ആന്തരിക അസ്തിത്വത്തെ  ശുദ്ധീകരിക്കാനും, നമ്മുടെ വാക്കുകൾ ലളിതമാക്കാനും, നമ്മുടെ ആഗ്രഹങ്ങൾ സത്യസന്ധവും വ്യക്തവുമാക്കാനും, നമ്മുടെ പ്രവർത്തനങ്ങൾ ഉദാരമാക്കാനും അനുവദിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. 'സ്മരിക്കുക' എന്ന ക്രിയയും ഇവിടെ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, നമ്മുടെ കഴിഞ്ഞ കാലഘട്ടങ്ങളിൽ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളെ ഓർമ്മിക്കുവാനും, അവയുടെ സൗന്ദര്യവും, അർത്ഥവും ഗ്രഹിക്കുവാനും നമുക്ക് സാധിക്കണമെന്നും  പറഞ്ഞു.

വെല്ലുവിളികളെ സ്വാഗതം ചെയ്യാനും, സമൂഹങ്ങൾക്കുള്ളിലെ  ആവശ്യങ്ങൾ മനസിലാക്കാനും, സുവിശേഷവൽക്കരണത്തിന്റെയും കാരുണ്യത്തിന്റെയും  സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും റോം രൂപത സമീപ വർഷങ്ങളിൽ നടത്തുന്ന ശ്രമകരമായ പ്രവർത്തനങ്ങളെ പാപ്പാ അനുസ്മരിച്ചു. ഈ ദിവസങ്ങളിൽ ജൂബിലി തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും രൂപത നടത്തുന്ന ശ്രമങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു.

"നാം ചെയ്യുന്ന എല്ലാ നന്മയും ക്രിസ്തുവിന്റെ പ്രവൃത്തിയാണ്; അവനില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത, നമ്മിൽ അല്ല, മറിച്ച് അവനിൽ നാം മഹത്വപ്പെടണം, നമ്മുടെ വേലയുടെ എല്ലാ ഫലപ്രാപ്തിയും അവനിൽ നിന്നാണ് ലഭിക്കുന്നത്" എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു.

താൻ ആയിരിക്കുന്ന തന്റെ സ്വത്വവും, തനിക്കുള്ള ലളിതമായ കാര്യങ്ങളും എല്ലാവർക്കും വാഗ്ദാനം ചെയ്യുകയും സമർപ്പിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മേയ് 2025, 12:56