നമ്മുടെ വിശ്വാസം നാം ജീവിക്കണം: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, പ്രാദേശിക സമയം വൈകുന്നേരം, റോമൻ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നടന്ന റോമിന്റെ മെത്രാൻ എന്ന നിലയിലുള്ള ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം, ബസിലിക്കയുടെ മധ്യഭാഗത്തുള്ള, മുഖമണ്ഡപത്തിൽ നിന്നും റോമൻ നഗരത്തിനുള്ള തന്റെ ആശീർവാദം നൽകി. ആയിരക്കണക്കിന് വിശ്വാസികളാണ്, പാപ്പായുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ സംബന്ധിച്ചത്.
നഗരത്തിനുള്ള ആശീർവാദം നൽകുന്നതിനായി സ്വയം പ്രേരിതമായ ഒരു ഹ്രസ്വസന്ദേശവും പാപ്പാ നൽകി. ഈ തിരുക്കർമ്മങ്ങളിൽ വിശ്വാസികൾക്കൊപ്പം പങ്കുകൊള്ളുവാൻ സാധിച്ചതിൽ, തന്റെ സന്തോഷവും, സന്തുഷ്ടിയും പാപ്പാ എടുത്തുപറഞ്ഞു. റോമിന്റെ മെത്രാൻ എന്ന നിലയിൽ നടത്തിയ സ്ഥാനാരോഹണചടങ്ങുകളിൽ സംബന്ധിച്ചവർക്ക് പാപ്പാ പ്രത്യകം നന്ദിയർപ്പിക്കുകയും ചെയ്തു. പ്രത്യാശ തേടിക്കൊണ്ട്, ഈ ജൂബിലി വർഷത്തിൽ, നമ്മുടെ വിശ്വാസം ജീവിക്കുവാൻ പരിശ്രമിക്കണമെന്നു പാപ്പാ ഓർമ്മപ്പെടുത്തി. എന്നാൽ പ്രത്യാശ തേടുമ്പോൾ, നമ്മുടെ ജീവിത സാക്ഷ്യം വഴിയായി മറ്റുള്ളവർക്ക് പ്രത്യാശ പകരുന്നതിനുള്ള കടമയും പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.
ഇന്നത്തെ ലോകം, യുദ്ധവും, അക്രമവും, ദാരിദ്ര്യവും അവശേഷിപ്പിക്കുന്ന ഏറെ സങ്കടങ്ങളിലൂടെയും, സഹനങ്ങളിലൂടെയുമാണ് മുൻപോട്ടു പോകുന്നതെന്നും, ഈ അവസ്ഥകളിൽ, ക്രൈസ്തവരെന്ന നിലയിൽ നാം നൽകേണ്ടുന്ന ജീവിത സാക്ഷ്യത്തെ മാറ്റിനിർത്തുക സാധ്യമല്ലെന്നും ഓർമ്മപ്പെടുത്തി. യേശുക്രിസ്തു എപ്പോഴും സന്നിഹിതനാണെന്ന് നമ്മുടെ ഹൃദയത്തിൽ അനുഭവിക്കുകയും, നമ്മുടെ യാത്രയിൽ അവൻ എല്ലായ്പ്പോഴും നമ്മെ അനുഗമിക്കുന്നുവെന്നു തിരിച്ചറിയുകയും വേണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
"നിങ്ങളോടൊപ്പം ഒരു ക്രിസ്ത്യാനിയും, നിങ്ങൾക്കുവേണ്ടി ഒരു മെത്രാനും" ആണെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട്, ഒരുമിച്ചുനടക്കുവാനുള്ള ആഹ്വാനവും പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: