യുവജനമേ, ”ഭയപ്പെടേണ്ട”! സഭയുടെയും ക്രിസ്തുവിൻറെയും ക്ഷണം സ്വീകരിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഏപ്രിൽ 21-ന് ഫ്രാൻസീസ് പാപ്പാ കാലം ചെയ്തതിനെ തുടർന്ന് മെയ് 7-ന് വത്തിക്കാനിൽ ആരംഭിച്ച കൊൺക്ലേവ് അതിൻറെ രണ്ടാം ദിവസം, മെയ് 8-ന് പുതിയ പാപ്പായെ തിരഞ്ഞെടുത്തു. കത്തോലിക്ക സഭയിലെ ഇരുനൂറ്റിയറുപത്തിയേഴാമത്തെ പാപ്പായും പത്രോസിൻറെ ഇരുനൂറ്റിയറുപത്തിയാറാമത്തെ പിൻഗാമിയുമായി കർദ്ദിനാൾ സംഘം തിരഞ്ഞെടുത്തത് അമേരിക്കക്കാരനായ കർദ്ദിനാൾ റോബെർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റിനെയാണ്. ലിയൊ പതിനാലാമൻ എന്ന നാമം സ്വീകരിച്ച അദ്ദേഹം മെയ് പതിനെട്ടിനാണ് സ്ഥാനാരോഹണ ദിവ്യബലി അർപ്പിക്കുന്നതെങ്കിലും പത്രോസിൻറെ പിൻഗാമിയുടെതായ ശുശ്രൂഷാദൗത്യങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കത്തോലിക്കാസഭ നല്ല ഇടയൻറെ ഞായറും ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനവും ആചരിച്ച ഈ ഞായറാഴ്ച (11/05/25) ലിയൊ പതിനാലാമൻ പാപ്പാ ആദ്യമായി വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ബസലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ വലത്തുവശത്ത് സ്തംഭാവലിക്ക് പിന്നിലായി പേപ്പൽഭവനസമുച്ചയത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലെ ജാലകത്തിങ്കൽ നിന്നാണ് സാധാരണയായി പാപ്പാ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കാറുള്ളത്. എന്നാൽ ലിയൊ പതിനാലാമൻ പാപ്പാ തൻറെ പ്രഥമ ത്രികാലജപ സന്ദേശം നല്കിയതും പ്രാർത്ഥന നയിച്ചതും ആശീർവ്വാദമേകിയതും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ മട്ടുപ്പാവിൽ (ബാൽക്കണി) “നിന്നാണ്. റോമാനഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന ഊർബി ഏത്ത് ഓർബി” (URBI ET ORBI) സന്ദേശവും ആശീർവ്വാദവും പാപ്പാ നല്കുന്ന ഈ വേദി “ആശീർവ്വാദങ്ങളുടെ മട്ടുപ്പാവ്” എന്നാണ് അറിയപ്പെടുന്നത്.
ഞായറാഴ്ച റോമിലെ സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന് ലിയൊ പതിനാലാമൻ പാപ്പാ മട്ടുപ്പാവിൽ പ്രത്യക്ഷനായി. തന്നെ കാണാനും ശ്രവിക്കാനും ആശീർവ്വാദം സ്വീകരിക്കാനുമായി ചത്വരത്തിൽ കാത്തുനിന്നിരുന്ന വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരും ജൂബിലി ആചരിക്കുന്ന സംഗീതവാദ്യമേളക്കാരും ജനപ്രിയ കലാ കാരന്മാരുമടങ്ങുന്ന ഒരു ലക്ഷത്തോളം പേരെ കൈകൾ ഉയർത്തിവീശി അഭിവാദ്യം ചെയ്തു. ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ചത്വരത്തിൽ അലതല്ലി. തദ്ദനന്തരം, പാപ്പാ, ഉയിർപ്പുകാലത്തിൽ മദ്ധ്യാഹ്നത്തിൽ ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന മരിയൻ പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് ഒരു ഹ്രസ്വ വിചിന്തനം നടത്തി. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട യോഹന്നാൻറെ സുവിശേഷം 10,27-30 വരെയുള്ള വാക്യങ്ങൾ, അതായത്, ഇടയൻറെ സ്വരം ശ്രവിക്കുന്ന ആടുകളെയും ആടുകളെ അറിയുന്ന ഇടയനെയും കുറിച്ചു യേശു വിവരിക്കുന്നതും ഇടയനായ തന്നിൽ നിന്ന് ആരും ആടുകളെ പിടിച്ചുകൊണ്ടുപോകില്ലെന്നും താനും പിതാവും ഒന്നാണെന്നും വ്യക്തമാക്കുന്നതുമായ സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.
പാപ്പാ തൻറെ സന്ദേശം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
ആടുകൾക്കായി ജീവനേകുന്ന നല്ല ഇടയൻ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
റോമിൻറെ മെത്രാൻ എന്ന നിലയിലുള്ള എൻറെ ശുശ്രൂഷയുടെ ആദ്യത്തെ ഞായറാഴ്ച, നല്ല ഇടയൻറെ ഞായർ ആയിരിക്കുന്നതിനാൽ അത് ഞാൻ ദൈവത്തിൻറെ ഒരു സമ്മാനമായി കരുതുന്നു. ഇത് ഉയിർപ്പുകാലത്തിലെ നാലാം ഞായറാണ്. ഈ ഞായറാഴ്ച, യോഹന്നാൻറെ സുവിശേഷം, പത്താം അദ്ധ്യായം ആണ് എപ്പോഴും കുർബ്ബാനയിൽ പ്രഘോഷിക്കപ്പെടുന്നത്, അതിൽ യേശു, തൻറെ ആടുകളെ അറിയുകയും സ്നേഹിക്കുകയും അവയ്ക്കുവേണ്ടി സ്വന്തം ജീവൻ നൽകുകയും ചെയ്യുന്ന യഥാർത്ഥ ഇടയനായി സ്വയം ആവിഷ്കരിക്കുന്നു.
ദൈവവിളി പ്രാർത്ഥനാ ദിനം
അറുപത്തിരണ്ട് വർഷമായി, ഈ ഞായറാഴ്ച, നാം ദൈവവിളികൾക്കായുള്ള ലോക പ്രാർത്ഥനാ ദിനം ആഘോഷിച്ചുവരികയാണ്. അതിനുപുറമെ, ഇന്ന് റോം സംഗീതവാദ്യമേളസംഘങ്ങളുടെയും ജനപ്രിയ കലാരൂപങ്ങളുടെയും ജൂബിലി ആഘോഷത്തിന് ആഥിത്യമരുളുന്നു. ഈ തീർത്ഥാടകരെയെല്ലാം ഞാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും അവർ അവരുടെ സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ഈ ആഘോഷത്തെ, നല്ല ഇടയനായ ക്രിസ്തുവിൻറെ തിരുന്നാളാഘോഷത്തെ, ആഹ്ലാദകരമാക്കിത്തീർക്കുന്നതിനാൽ ഞാൻ അവരോട് നന്ദി പറയുന്നു: അതെ, അവിടന്നാണ്, സഭയെ തൻറെ പരിശുദ്ധാത്മാവിലൂടെ നയിക്കുന്നത്.
സ്നേഹത്തോടുള്ള പ്രതികരണം
തൻറെ ആടുകളെ അറിയുന്നുവെന്നും അവ തൻറെ ശബ്ദം കേട്ട് തന്നെ അനുഗമിക്കുമെന്നും യേശു സുവിശേഷത്തിൽ പറയുന്നു (യോഹന്നാൻ 10:27 കാണുക). വാസ്തവത്തിൽ, മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പാ പഠിപ്പിക്കുന്നതുപോലെ, ആളുകൾ "തങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹത്തോട് പ്രത്യുത്തരിക്കുന്നു" (സുവിശേഷപ്രഭാഷണം 14, 3-6).
ആകയാൽ സഹോദരീ സഹോദരന്മാരേ, ഇന്ന് നിങ്ങളോടും എല്ലാ ദൈവജനത്തോടും ചേർന്ന്, ദൈവവിളികൾക്കായി, പ്രത്യേകിച്ച് പൗരോഹിത്യത്തിലേക്കും സമർപ്പിതജീവിതത്തിലേക്കുമുള്ള ദൈവവിളികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സഭയ്ക്ക് അത് വളരെയധികം ആവശ്യമായിരിക്കുന്നു! നമ്മുടെ സമൂഹങ്ങളിൽ യുവതീയുവാക്കൾ അവരുടെ ദൈവവിളിയാത്രയിൽ സ്വാഗതം ചെയ്യപ്പെടുകയും, ശ്രവിക്കപ്പെടുകയും, പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ടതും ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടിയുള്ള ഉദാരമായ സമർപ്പണത്തിൻറെ വിശ്വാസയോഗ്യമായ മാതൃകകളിൽ അവർക്ക് ആശ്രയിക്കാൻ കഴിയേണ്ടതും പ്രധാനമാണ്.
യുവജനമേ ഭയപ്പെടേണ്ട
ഇന്നാചരിക്കപ്പെടുന്ന ദൈവവിളി പ്രാർത്ഥനാദിനത്തിനുള്ള തൻറെ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ നമുക്കായി നൽകിയ ക്ഷണം നമുക്ക് സ്വന്തമാക്കാം: യുവാക്കളെ സ്വാഗതം ചെയ്യാനും തുണയ്ക്കാനുമുള്ള ക്ഷണം. ഓരോരുത്തരും മറ്റുള്ളവർക്കുവേണ്ടി ആയിരിക്കുന്നതിനും അവനവൻറെ അവസ്ഥയ്ക്കനുസൃതം, "സ്വർഗ്ഗീയ പിതാവിൻറെ ഹൃദയത്തിനു യോജിച്ച" (ജെറമിയ 3:15 കാണുക) ഇടയന്മാരായി, സ്നേഹത്തിലും സത്യത്തിലും ചരിക്കാൻ പരസ്പരം സഹായിക്കാൻ പ്രാപ്തരായിരിക്കുന്നതിനും വേണ്ടി അവിടത്തോട് നമുക്ക് പ്രാർത്ഥിക്കാം. യുവജനമേ, നിങ്ങളോടു ഞാൻ പറയുന്നു: ”ഭയപ്പെടേണ്ട! സഭയുടെയും ക്രിസ്തുവിൻറെയും ക്ഷണം സ്വീകരിക്കുക!” ജീവിതം മുഴുവൻ കർത്താവിൻറെ വിളിക്കുള്ള പ്രത്യുത്തരമാക്കിയ കന്യകാമറിയം, യേശുവിനെ അനുഗമിക്കുന്നതിൽ എപ്പോഴും നമുക്ക് തുണയായിരിക്കട്ടെ.
ഈ പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിച്ചത്. തുടർന്ന് പാപ്പാ “റെജീന ചേളി” അഥവാ, സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന ആലപിച്ചു.പ്രാർത്ഥനാനന്തരം പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
ഇനിയൊരിക്കലും യുദ്ധം അരുത്
ആശീർവ്വാദാനന്തരം പാപ്പാ ലോകത്തിൽ നിലവിലുള്ള യുദ്ധാന്തരീക്ഷത്തെക്കുറിച്ച് പരാമർശിച്ചു. 6 കോടി ജനങ്ങളുടെ ജീവനപഹരിച്ച ശേഷം, 80 വർഷം മുമ്പ്, മെയ് 8 ന് അവസാനിച്ച രണ്ടാം ലോക മഹായുദ്ധ വൻദുരന്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ മൂന്നാം ലോകയുദ്ധം, ഫ്രാൻസീസ് പാപ്പാ പലവരു പറഞ്ഞിട്ടുള്ളതുപോലെ, നുറുങ്ങുകളായി അരങ്ങേറിക്കൊണ്ടിക്കുന്ന ഇന്നത്തെ നാടകീയാവസ്ഥ അനുസ്മരിക്കുകയും "ഇനി ഒരിക്കലും യുദ്ധം ഉണ്ടാകരുത്!" എന്ന കാലോചിതമായ അഭ്യർത്ഥന ലോക നേതാക്കളോട് ആവർത്തിക്കുകയും ചെയ്തു.
ഉക്രൈയിനിൽ സമാധാനമുണ്ടാകട്ടെ
ഉക്രൈയിനിലെ ജനങ്ങളെ അനുസ്മരിച്ച പാപ്പാ താൻ അവരുടെ കഷ്ടപ്പാടുകൾ ഹൃദയത്തിൽ പേറുന്നുവെന്ന് പറഞ്ഞു. യഥാർത്ഥവും നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനം എത്രയും വേഗം കൈവരിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും എല്ലാ തടവുകാരും മോചിപ്പിക്കപ്പെടണമെന്നും കുഞ്ഞുങ്ങൾക്ക് സ്വന്തം കുടുംബങ്ങളിൽ തിരിച്ചെത്താൻ കഴിയണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മദ്ധ്യപൂർവ്വദേശത്ത് വെടിനിറുത്തൽ സംജാതമാകട്ടെ
മദ്ധ്യപൂർവ്വദേശത്തെ സംഘർഷാവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, ഗാസ മുനമ്പിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തനിക്കുള്ള അതീവ ദുഃഖം പ്രകടിപ്പിച്ചു. ഉടൻ വെടിനിറുത്തണമെന്ന് പാപ്പാ പറഞ്ഞു! തളർന്നവശരായ സാധാരണ ജനങ്ങൾക്ക് മാനവിക സഹായം ലഭ്യമാക്കേണ്ടതിൻറെയും എല്ലാ ബന്ദികളെയും മോചിപ്പിക്കേണ്ടതിൻറെയും ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.
ഇന്ത്യാ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പാ ഭാവി ചർച്ചകൾ ഉടൻ തന്നെ ഒരു ശാശ്വത കരാറിലേക്ക് നയിക്കുമെന്ന തൻറെ പ്രതീക്ഷ വെളിപ്പെടുത്തി.
വിശ്വശാന്തിക്ക് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി
ലോകത്ത് അരങ്ങേറുന്ന നിരവധിയായ ഇതര സംഘർഷങ്ങളെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ഹൃദയംഗമായ അപേക്ഷ താൻ സമാധാനരാജ്ഞിക്ക് സമർപ്പിക്കുന്നുവെന്നും, അങ്ങനെ അവൾ ഇത് കർത്താവായ യേശുവിന് സമർപ്പിക്കുകയും നമുക്ക് സമാധാനമെന്ന അത്ഭുതം നേടിത്തരുകയും ചെയ്യുമെന്നും പറഞ്ഞു.
മാതൃദിനാശംസകൾ
തുടർന്നു പാപ്പാ റോമാക്കാരെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും വിവിധ സമൂഹങ്ങളെയും സംഘടനകളെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും മാതൃദിനം ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ, എല്ലാ അമ്മമാർക്കും ഇതിനകം സ്വർഗ്ഗം പൂകിയ അമ്മമാർക്കും പ്രാർത്ഥനാശംസകൾ നേർന്നു. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ! എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ശുഭഞായർ ആശംസിക്കുകയും ചെയ്തതിനു ശേഷമാണ് പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്ന് പിൻവാങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: