ഉപമകൾ, ദൈവം ചരിത്രത്തിൽ പ്രവർത്തിക്കുന്ന ശൈലി വെളിപ്പെടുത്തുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പായുടെ പ്രഥമ പ്രതിവാര പൊതുകൂടിക്കാഴ്ചയായിരുന്നു ഇരുപത്തിയൊന്നാം തീയതി, അതായത്, ഈ ബുധനാഴ്ച (21/05/25) വത്തിക്കാനിൽ അരങ്ങേറിയത്. കൂടിക്കാഴ്ചാ വേദി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങൾ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ അന്തരീക്ഷത്തിൽ അലതല്ലി. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വിതക്കാരൻറെ ഉപമ, 13,1-9 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.
“അന്നുതന്നെ യേശു ഭവനത്തിൽ നിന്ന് പുറത്തുവന്ന് കടൽത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങൾ അവൻറെ അടുത്തു വന്നു. തന്നിമിത്തം അവൻ ഒരു തോണിയിൽ കയറി ഇരുന്നു. ജനക്കൂട്ടം മുഴുവൻ തീരത്തു നിന്നു. അപ്പോൾ അവൻ വളരെക്കാര്യങ്ങൾ ഉപമകൾ വഴി അവരോടു പറഞ്ഞു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. അവൻ വിതച്ചപ്പോൾ വിത്തുകളിൽ കുറെ വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേൽ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാൽ അതു പെട്ടെന്നും മുളുച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റു വാടുകയും ചെയ്തു. വേറെ ചിലത് മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ല നിലത്തു വീണു. അതു നൂറുമേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്കി. ചെവിയുള്ളവൻ കേൾക്കട്ടെ.”
ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ തുടർന്നു. ഈ പരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെയും കൂടിക്കാഴ്ചകളെയും കുറിച്ചുള്ള പരിചിന്തനങ്ങൾക്കു ശേഷം ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച ഉപമകളെക്കുറിച്ചുള്ള വിചിന്തനത്തിൻറെ തുടർച്ചയായി ലിയൊ പതിനാലാമൻ പാപ്പാ വിതക്കാരൻറെ ഉപമ വിശകലനം ചെയ്തു. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
യേശുവിൻറെ ഉപമകൾ
പ്രിയ സഹോദരീ സഹോദരന്മാരേ,
എൻറെ ആദ്യ പൊതുകൂടിക്കാഴ്ചയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഫ്രാൻസിസ് പാപ്പാ, ജൂബിലിയോടനുബന്ധിച്ച്, "യേശുക്രിസ്തു നമ്മുടെ പ്രത്യാശ" എന്ന പ്രമേയം അവലംബമാക്കി ആരംഭിച്ച പ്രബോധനപരമ്പര ഇന്നു ഞാൻ പുനരാരംഭിക്കുകയാണ്.
ഇന്ന് നമ്മൾ യേശുവിൻറെ ഉപമകളെക്കുറിച്ചുള്ള ധ്യാനം തുടരുകയാണ്, അവ പ്രത്യാശ വീണ്ടും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു, കാരണം ചരിത്രത്തിൽ ദൈവം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവ നമുക്ക് കാണിച്ചുതരുന്നു. അല്പം സവിശേഷതയാർന്ന ഒരു ഉപമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്നു ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് എല്ലാ ഉപമകൾക്കുമുള്ള ഒരുതരം ആമുഖമാണ്. വിതക്കാരൻറെ ഉപമയെക്കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത് (മത്തായി 13:1-17 കാണുക). ഒരു പ്രത്യേക അർത്ഥത്തിൽ, ഈ ആഖ്യാനത്തിൽ, യേശുവിൻറെ ആശയവിനിമയ രീതി നമുക്ക് തിരിച്ചറിയാൻ കഴിയും, ഇന്ന് സുവിശേഷം എങ്ങനെ പ്രഘോഷിക്കണമെന്നതിനെക്കുറിച്ച് വളരെയധികം കാര്യങ്ങൾ നമ്മെ പഠിപ്പിക്കാൻ അതിനു കഴിയും.
അനുദിന ജീവിത സ്പർശിയായ ഉപമകൾ
ഓരോ ഉപമയും ദൈനംദിന ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ഓരോ കഥ പറയുന്നതാണെങ്കിൽത്തന്നെയും അത് നമ്മോട് എന്തോ കൂടുതലായി പറയാൻ ആഗ്രഹിക്കുന്നുണ്ട്, അത് നമ്മെ ഉപരിയഗാധമായ ഒരു അർത്ഥത്തിലേക്ക് നയിക്കുന്നു. ഉപമ നമ്മിൽ ചോദ്യങ്ങൾ ഉയർത്തുന്നു, പുറംകാഴ്ചയിൽ മാത്രം നിന്നുപോകാതിരിക്കാൻ അത് നമ്മെ ക്ഷണിക്കുന്നു. ആഖ്യാനം ചെയ്യപ്പെടുന്ന കഥയ്ക്കോ എനിക്ക് നൽകപ്പെടുന്ന ചിത്രത്തിനോ മുന്നിൽ എനിക്ക് എന്നോട് തന്നെ ഇങ്ങനെ ചോദിക്കാം: ഈ കഥയിൽ ഞാൻ എവിടെയാണ്? ഈ സാദൃശ്യം എൻറെ ജീവിതത്തെക്കുറിച്ച് എന്താണ് പറയുന്നത്? മുന്നോട്ട് എറിയുക എന്നർത്ഥമുള്ള “പാരബല്ലെയിൻ” എന്ന ഗ്രീക്ക് ക്രിയയിൽ നിന്നാണ് ഉപമ എന്ന പദം വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയും എന്നെത്തന്നെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്കിൻറെ മുന്നിലേക്ക് ഉപമ എന്നെ ഇടുന്നു.
വിതക്കാരൻറെ ഉപമ
വിതക്കാരൻറെ ഉപമ ദൈവവചനത്തിൻറെ ചലനാത്മകതയെയും അത് ഉളവാക്കുന്ന ഫലങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത്. വാസ്തവത്തിൽ, സുവിശേഷത്തിലെ ഓരോ വാക്കും നമ്മുടെ ജീവിതമാകുന്ന മണ്ണിലേക്ക് എറിയപ്പെടുന്ന ഒരോ വിത്ത് പോലെയാണ്. യേശു നിരവധി പ്രാവശ്യം വിത്തിൻറെ സാദൃശ്യം ഭിന്ന അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. മത്തായിയുടെ സുവിശേഷത്തിൽ, 13-ാം അദ്ധ്യായത്തിൽ, വിതക്കാരൻറെ ഉപമ മറ്റ് ചെറിയ ഉപമകളുടെ ഒരു പരമ്പരയെ അവതരിപ്പിക്കുന്നു, അവയിൽ ചിലത് മണ്ണിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയുന്നു: ഗോതമ്പും കളകളും, കടുക് വിത്തും, വയലിൽ മറഞ്ഞുകിടക്കുന്ന നിധിയും. അപ്പോൾ ഈ ഭൂമി എന്താണ്? അത് നമ്മുടെ ഹൃദയമാണ്, എന്നാൽ അത് ലോകവും സമൂഹവും സഭയും കൂടിയാണ്. വാസ്തവത്തിൽ, ദൈവവചനം എല്ലാ യാഥാർത്ഥ്യങ്ങളെയും ഫലഭൂയിഷ്ഠമാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
യേശു വീട്ടിൽ നിന്ന് പുറത്തുപോകുന്നതും ഒരു വലിയ ജനക്കൂട്ടം അവൻറെ ചുറ്റും തടിച്ചുകൂടുന്നതും നാം ആരംഭത്തിൽ കാണുന്നു (മത്തായി 13:1 കാണുക). അവൻറെ വാക്ക് ആകർഷകവും ആകാംക്ഷയുളവാക്കുന്നതുമാണ്. തീർച്ചയായും, ആളുകൾക്കിടയിൽ നിരവധി വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. യേശുവിൻറെ വചനം എല്ലാവർക്കുമുള്ളതാണ്, പക്ഷേ അത് ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാണ് പ്രവർത്തനനിരതമാകുന്നത്. ഈ സന്ദർഭം ഉപമയുടെ പൊരുൾ നന്നായി മനസ്സിലാക്കാൻ നമ്മെ അനുവദിക്കുന്നു.
വിതക്കാരൻറെ മനോഭാവം
വളരെ പുതുമയുള്ള ഒരു വിതക്കാരൻ വിതയ്ക്കാൻ പോകുന്നു, പക്ഷേ വിത്ത് എവിടെ വീഴുമെന്നതിനെക്കുറിച്ച് അയാൾക്ക് ഉത്ക്കണ്ഠയില്ല. ഫലം കായ്ക്കാൻ സാധ്യതയില്ലാത്ത ഇടങ്ങളിൽ പോലും അയാൾ വിത്തു വിതയ്ക്കുന്നു: അതായത്, വഴിയിൽ, പാറകൾക്കിടയിൽ, മുൾച്ചെടികൾക്കിടയിൽ. ഈ മനോഭാവം ശ്രോതാവിനെ വിസ്മയിപ്പിക്കുകയും ഇങ്ങനെ ചോദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു: എന്തുകൊണ്ടിങ്ങനെ ചെയ്യുന്നു?
നമ്മുടെ ശൈലിയും ദൈവത്തിൻറെ ശൈലിയും
നമ്മൾ കാര്യങ്ങൾ കണക്കുകൂട്ടാൻ ശീലിച്ചിരിക്കുന്നു - ചിലപ്പോൾ അത് ആവശ്യമാണ് - പക്ഷേ സ്നേഹത്തിൻറെ കാര്യത്തിൽ ഇത് സത്യമല്ല! ഈ "ദുർവ്യയനായ" വിതക്കാരൻ വിത്ത് വിതയ്ക്കുന്ന രീതി, ദൈവം നമ്മെ എങ്ങനെ സ്നേഹിക്കുന്നു എന്നതിൻറെ ഉദാഹരണമാണ്. വിത്തിൻറെ ഭാഗധേയം മണ്ണ് അതിനെ എങ്ങനെ സ്വീകരിക്കുന്നു, ഏത് അവസ്ഥയിലാണ് അത് എന്നതിനെ ആശ്രയിച്ചിരിക്കും എന്നത് ശരിയാണ്, എന്നാൽ സർവ്വോപരി, യേശു ഈ ഉപമയിലൂടെ നമ്മോട് പറയുന്നത്, ദൈവം തൻറെ വചനത്തിൻറെ വിത്ത് എല്ലാത്തരം മണ്ണിലും, അതായത്, നമ്മുടെ ഏത് സാഹചര്യത്തിലും വിതറുന്നു എന്നാണ്: ചിലപ്പോൾ നമ്മൾ ഉപരി ഉപരിപ്ലവതയുള്ളവരും അശ്രദ്ധരുമാണ്, ചിലപ്പോഴൊക്കെ നമ്മൾ ഉത്സാഹത്താൽ മതിമറക്കുന്നു, ചിലപ്പോൾ നമ്മൾ ജീവിതാശങ്കകളുടെ ഭാരത്തിലമരുന്നു, എന്നാൽ നമ്മൾ സന്നദ്ധതയും സ്വാഗതം മനോഭാവവുമുള്ളവരായിരിക്കുന്ന നിമിഷങ്ങളുമുണ്ട്. ഇപ്പോഴല്ലെങ്കിൽ പിന്നീട് വിത്ത് തഴച്ചുവളരുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും ദൈവത്തിനുണ്ട്. അവൻ നമ്മെ സ്നേഹിക്കുന്നത് ഇങ്ങനെയാണ്: നാം ഏറ്റവും നല്ല മണ്ണായി മാറാൻ അവൻ കാത്തിരിക്കുന്നില്ല, അവൻ തൻറെ വചനം എപ്പോഴും ഉദാരമായി നമുക്ക് നൽകുന്നു. ഒരുപക്ഷേ, അവൻ നമ്മെ വിശ്വസിക്കുന്നുവെന്ന് കാണുമ്പോൾ, നല്ല മണ്ണാകാനുള്ള ആഗ്രഹം നമ്മിൽ ഉരുവാകും. ഇത് ദൈവത്തിൻറെ ഉദാരതയുടെയും കാരുണ്യത്തിൻറെയും പാറയിൽ അധിഷ്ഠിതമായ പ്രത്യാശയാണ്.
വിതയ്ക്കപ്പെടുന്ന വിത്തും യേശുവും
വിത്ത് എങ്ങനെ ഫലം കായ്ക്കുന്നു എന്ന് പറയുന്നതിലൂടെ, യേശു സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്. യേശു വചനമാണ്, അവൻ വിത്താണ്. ഫലം പുറപ്പെടുവിക്കുന്നതിന് മരിക്കേണ്ട വിത്ത്. അപ്പോൾ, ദൈവം നമുക്കുവേണ്ടി "പാഴാക്കാൻ" തയ്യാറാണെന്നും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ യേശു മരിക്കാൻ തയ്യാറാണെന്നും ഈ ഉപമ നമ്മോട് പറയുന്നു.
ചരിത്രത്തെ ചലിപ്പിക്കുന്ന ദൈവം
എൻറെ മനസ്സില്‍ വരുന്നത് വാന്‍ ഗോഗിൻറെ ആ അതിമനോഹര ചിത്രമാണ്: സൂര്യാസ്തമയവേളയിലെ വിതക്കാരന്‍. ചുട്ടുപൊള്ളുന്ന വെയിലേറ്റു വിതയ്ക്കുന്നവൻറെ ആ ചിത്രം കർഷകൻറെ കഠിനാദ്ധ്വാനത്തെക്കുറിച്ച് എന്നോട് സംസാരിക്കുന്നു. വിതക്കാരന് പിന്നില്‍, വാന്‍ ഗോഗ് ഇതിനകംതന്നെ പാകമായ ധാന്യം ചിത്രീകരിച്ചിരിക്കുന്നത് എന്നെ സ്പർശിക്കുന്നു. എനിക്ക് അത് പ്രതീക്ഷയുടെ ഒരു പ്രതീകം പോലെ തോന്നുന്നു: ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, വിത്ത് ഫലം പുറപ്പെടുവിച്ചു. എങ്ങനെയെന്ന് നമുക്ക് കൃത്യമായി അറിയില്ല, പക്ഷേ കാര്യങ്ങൾ അങ്ങനെയാണ്. എന്നിരുന്നാലും, ദൃശ്യത്തിൻറെ കേന്ദ്രസ്ഥാനത്ത് വിതക്കാരൻ ഇല്ല, അവൻ ഒരു അരികിലാണ്, പക്ഷേ മുഴുവൻ ചിത്രത്തിലും പ്രബലമായിരിക്കുന്നത് സൂര്യൻറെ രൂപമാണ്, അത്, ദൈവം ഇല്ലെന്നോ അകലെയാണെന്നോ നമുക്ക് തോന്നിയാലും ചരിത്രത്തെ ചലിപ്പിക്കുന്നത് ദൈവമാണെന്ന് നമ്മെ ഓർമ്മിപ്പിക്കാനായിരിക്കാം. മൺകട്ടകളെ ചൂടാക്കുന്നതും വിത്ത് പാകമാക്കുന്നതും സൂര്യനാണ്.
ദൈവവചനമാകുന്ന വിത്ത് സദാ സ്വീകരിക്കുന്ന മണ്ണാകുക
പ്രിയ സഹോദരീ സഹോദരന്മാരേ, ജീവിതത്തിലെ ഏതു സാഹചര്യത്തിലാണ് ഇന്ന് ദൈവവചനം നമ്മിലേക്ക് എത്തുന്നത്? അവൻറെ വചനമായ ഈ വിത്തിനെ എപ്പോഴും സ്വീകരിക്കാനുള്ള കൃപയ്ക്കായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. നാം ഫലഭൂയിഷ്ഠമായ മണ്ണല്ലെന്ന് തിരിച്ചറിഞ്ഞാൽ, നാം നിരാശയിൽ നിപതിക്കരുത്, മറിച്ച് നമ്മെ കൂടുതൽ മികച്ച മണ്ണാക്കി മാറ്റാൻ ഇനിയും നമ്മിൽ പ്രവർത്തിക്കാൻ അവനോട് അപേക്ഷിക്കാം.
അഭ്യർത്ഥനയും സമാപനാഭിവാദ്യങ്ങളും
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയു പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഗാസയിലെ ജനങ്ങൾക്കു വേണ്ടി അഭ്യർത്ഥന
ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ ഗാസാ മുനമ്പിലെ ആശങ്കാജനകവും ഖേദകരവുമായ അവസ്ഥയെക്കുറിച്ച് അനുസ്മരിച്ചു. അവിടെ മാന്യമായ മാനവികസഹായം എത്തിക്കുന്നതിന് അനുവദിക്കാനും ശത്രുതയ്ക്ക് അറുതിവരുത്താനുമുള്ള ഹൃദയംഗമമായ അഭ്യർത്ഥന പാപ്പാ നവീകരിച്ചു. അവിടെത്തെ ഈ അവസ്ഥയിൽ താങ്ങാനാവാത്ത വിലനല്കുന്നത് കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും രോഗികളുമാണെന്നും പാപ്പാ പറഞ്ഞു.
ഫ്രാൻസീസ് പാപ്പായുടെ സ്വർഗ്ഗീയ യാത്രയുടെ മുപ്പതാം ദിനം
പൊതുദർശനപരിപാടിയുടെ സമാപന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. ദൈവത്തെ സന്തോഷത്തിൽ സദാ സേവിക്കാനും അയൽക്കാരനെ സുവിശേഷ ചൈതന്യത്തിൽ സ്നേഹിക്കാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. കൃത്യം ഒരു മാസം മുമ്പ്, അതായത് ഏപ്രിൽ 21-ന് സ്വർഗ്ഗീയ പിതാവിൻറെ ഭവനത്തിലേക്കു പോയ പ്രിയപ്പെട്ട ഫ്രാൻസീസ് പാപ്പായെ ലിയൊ പതിനാലാമൻ പാപ്പാ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുകയും ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: