വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു
സാൽവത്തോരെ ചേർന്നൂത്സിയോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
1900 ൽ ലിയോ പതിമൂന്നാമൻ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ച റീത്ത പുണ്യവതിയുടെ തിരുനാൾ ദിവസമായ, മെയ് മാസം ഇരുപത്തിരണ്ടാം തീയതി, "അനുഗ്രഹദായകമായ ജീവിതം"(De beata vita) എന്ന വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥത്തിൽ, അദ്ദേഹം പ്രതിപാദിച്ചിരിക്കുന്ന പാചകക്കുറിപ്പ് പ്രകാരം തയ്യാറാക്കിയ കേക്ക് ലിയോ പതിനാലാമൻ പാപ്പായ്ക്ക്, അദ്ദേഹത്തിന്റെ അഗസ്തീനിയൻ സഹോദരങ്ങൾ സമ്മാനിച്ചു. 'ആനന്ദത്തിന്റെ കേക്ക്' എന്നാണ് ഇത് പരമ്പരാഗതമായി അറിയപ്പെടുന്നത്. ഗോതമ്പുപൊടിയും, ബദാമും, തേനും എന്നീ കേക്കിന്റെ ചേരുവകളും വിശുദ്ധന്റെ പ്രചോദനത്തിൽ ഉരുത്തിരിഞ്ഞതാണ്. "അനുഗ്രഹദായകമായ ജീവിതം" എന്ന ഗ്രന്ഥം പൂർണ്ണമായി, 'സന്തോഷം' എന്ന പ്രമേയം ഉൾക്കൊള്ളുന്നതിനാലാണ് ഇത് 'ആനന്ദത്തിന്റെ കേക്ക്' എന്ന് അറിയപ്പെടുന്നത്.
പാപ്പായുടെ ഒരു പഴയ പരിചയക്കാരൻ ഉണ്ടാക്കിയ ഈ കേക്ക്, സഹപ്രവർത്തകർക്കൊപ്പം പാപ്പാ ആസ്വദിച്ചു. വിശുദ്ധ അഗസ്റ്റിൻ തന്റെ 32-ാം ജന്മദിനമായ നവംബർ 13-ന്, തന്റെ ജന്മദിനത്തിൽ, തന്റെ വീട്ടുകാർക്കും, അതിഥികൾക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന അവസരത്തിൽ, "ശരീരത്തെ പോഷിപ്പിക്കുന്നതിനായി കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തുടങ്ങി, ആത്മാവിനെ പോഷിപ്പിക്കുകയും സന്തോഷത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ആത്മീയ വിരുന്ന് കൂടി ആവശ്യമാണെന്നും, ദൈവം ആഗ്രഹിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതാണ് ഒരാളെ സന്തുഷ്ടനാക്കുന്നതെന്നും" പറഞ്ഞതായും, ഇതേ ഗ്രന്ഥത്തിൽ വിശുദ്ധൻ കുറിച്ചിട്ടുണ്ട്.
സത്യം അന്വേഷിച്ചെങ്കിലും അത് നേടിയെടുക്കാൻ കഴിയാതെ പോയ അക്കാദമിക് വിദഗ്ധരുടെ സിദ്ധാന്തങ്ങളെയും വിശുദ്ധ അഗസ്റ്റിൻ ഈ ഗ്രന്ഥത്തിൽ നിരാകരിക്കുന്നു. ഇത് സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതിൽ നിന്നും ആളുകളെ അകറ്റുന്നുവെന്നും വിശുദ്ധൻ പറഞ്ഞിട്ടുണ്ട്. അനുഗ്രഹീതമായ ജീവിതത്തിനായുള്ള അന്വേഷണം, അതായത് സന്തോഷത്തിനായുള്ള അന്വേഷണം എന്ന പ്രമേയവുമായി മൂന്ന് ദിവസം നീണ്ടുനിന്ന ഒരു ചർച്ചയുടെ ആരംഭമായി, വിശുദ്ധ മോനിക്ക തന്റെ മകനായി തയ്യാറാക്കിയ കേക്കാണ് ഇതെന്നും പാരമ്പര്യം പറയുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: