പത്രോസിന്റെ ശുശ്രൂഷ ആരംഭിക്കുന്ന ലിയോ പതിനാലാമൻ പാപ്പാ: ആഘോഷങ്ങളിലൂടെയും ആചാരങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ഒരു യാത്ര
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയാറാമത് പിൻഗാമിയും റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത് മെത്രാനുമായി തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ റോബെർട്ട് ഫ്രാൻസിസ് പ്രെവൊസ്റ്റ് ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ച്, കത്തോലിക്കാസഭയുടെ അമരത്തേക്കെത്തിയത് മെയ് എട്ടാം തീയതി വൈകുന്നേരമാണ്. ലോകം മുഴുവനും വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലിന് മുകളിലുള്ള ചിമ്മിനിയിലേക്ക് കണ്ണുനട്ട് കാത്തിരുന്ന ഒരു ദിനം. അവിടെയുയർന്ന വെളുത്ത പുക, കത്തോലിക്കർക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടേയുമൊക്കെ അടയാളമായി മാറിയ നിമിഷം. കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾമാർ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ, സഭയുടെ തലവനായി കർദ്ദിനാൾ പ്രെവൊസ്റ്റിനെ തിരഞ്ഞെടുക്കുകയും അദ്ദേഹം തന്നിൽ സഭയിലൂടെ ദൈവം ഏൽപ്പിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്‌തതോടെ അദ്ദേഹം പാപ്പയായി മാറി എന്ന് നമുക്കറിയാം. എന്നാൽ ഒരാൾ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ്, അദ്ദേഹം പത്രോസിനടുത്ത ശുശ്രൂഷ ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ ഭാഗമായി വത്തിക്കാനിൽ ചില ചടങ്ങുകൾ നടക്കാറുണ്ട്. അങ്ങനെയൊരു ചടങ്ങാണ് മെയ് 18 ഞായറാഴ്ച രാവിലെ നടന്നത്. അപ്പസ്തോലന്മാരുടെ ഇടയിൽ പത്രോസിനുണ്ടായിരുന്ന പ്രാധാന്യവും, അദ്ദേഹത്തിന്റെ ശുശ്രൂഷയും, രക്തസാക്ഷിത്വവും, സഭയുടെ ഐക്യവും ഒരുമയും ഒക്കെ അനുസ്മരിക്കുന്ന ഒരു ദിനമായിരുന്നു ഇത്. പാപ്പാ ആദ്യമായി പാലിയവും വലിയ മുക്കുവന്റെ മോതിരവും ഇടുന്ന ദിനം. വിശുദ്ധ പത്രോസിന്റെ ബസലിക്കയോട് ചേർന്നുള്ള ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിച്ച്, ലിയോ പതിനാലാമനെന്ന റോമിന്റെ മെത്രാൻ പത്രോസിന്റെ ശുശ്രൂഷ ഔദ്യോഗികമായി തുടങ്ങുന്ന ദിനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള പതിനായിരക്കണക്കിനാളുകളാണ് പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങുകൾക്കെത്തിയത്.
ദൈവത്തിന്റെ ആടുകളെ മേയ്ക്കാൻ വിളിക്കപ്പെട്ട ഇടയൻ
യേശു പത്രോസിനെ തന്റെ അജപാലകനായി, തന്റെ ആടുകളെ മേയ്ക്കാൻ നിയോഗിക്കുന്നതിനെക്കുറിച്ചുള്ള വചനഭാഗം വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ (യോഹ. 21, 15-17) നമുക്ക് കാണാം. ഏറെ ഹൃദ്യവും എന്നാൽ അതേസമയം തീവ്രവുമായ ഒരു ചോദ്യമാണ് യേശു മൂന്നുവട്ടം പത്രോസിനോട് ചോദിക്കുക. യോഹന്നാന്റെ പുത്രനായ ശിമെയോനെ നീ എന്നെ സ്നേഹിക്കുന്നുവോ? ഇതിൽ യേശുവിന്റെ ചോദ്യത്തിൽ സ്നേഹത്തിനായി സുവിശേഷം ഉപയോഗിക്കുന്നത്, പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിക്കുന്നതുപോലെ, ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ച് പറയാനായി ഉപയോഗിക്കുന്ന അഗാപ്പെ എന്ന വാക്കാണ്. എന്നാൽ പത്രോസിന്റെ മറുപടിയിലാകട്ടെ, മാനുഷികമായ സ്നേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വാക്കാണ് സുവിശേഷം ഉപയോഗിക്കുക. ആവർത്തിച്ച് ചോദിച്ച്, പത്രോസിന്റെ സ്നേഹത്തിന്റെ ആഴം അറിയുകയും, അവന്റെ ഹൃദയത്തിൽ ആ സ്നേഹത്തെക്കുറിച്ചുള്ള ബോധ്യത്തെ ആഴപ്പെടുത്തുകയുമാണ് യേശു. പത്രോസിനോടാണ് ഈ ചോദ്യമെങ്കിലും, പത്രോസിനോപ്പമുള്ള മറ്റു ശിഷ്യർക്കും, തിരുവചനം വായിക്കുന്ന നമുക്കും മുന്നിലും സുവിശേഷത്തിലെ ക്രിസ്തു ഇതേ ചോദ്യം ഉയർത്തുന്നുണ്ട്. ഒരർത്ഥത്തിൽ റോമിന്റെ മെത്രാനായി ഏറെ വലിയ ഒരു ദൗത്യം ഏറ്റെടുക്കുന്ന ലിയോ പതിനാലാമൻ പാപ്പായും ഈയൊരു ചോദ്യത്തിനാണ് തന്റെ ജീവിതം കൊണ്ട് ഉത്തരം നൽകുന്നത്. സിസ്റ്റൈൻ ചാപ്പലിൽ കർദ്ദിനാൾമാർ പത്രോസിന്റെ പിൻഗാമിയായി അദ്ദേഹത്തെ തിരഞ്ഞെടുത്ത് കഴിഞ്ഞ്, ചോദിക്കുന്നുണ്ട്, അങ്ങ് ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുവോ? ഈ വിളി ഏറ്റെടുക്കുന്നുവോ? അന്ന് കർദ്ദിനാൾമാർക്ക് മുന്നിൽ നൽകിയ ഉത്തരം, ക്രിസ്തുവിന് മുന്നിൽ പത്രോസെന്നപോലെ, ഇവിടെയിതാ ദൈവത്തിനും, അവന്റെ അജഗണങ്ങൾക്കും, ലോകം മുഴുവനും മുന്നിൽ ലിയോ പതിനാലാമൻ പാപ്പാ ആവർത്തിക്കുകയും, കർത്താവിന്റെ അജഗണത്തിന് ഇടയനായി താൻ തന്റെ ജീവിതം പൂർണ്ണമായി നൽകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പത്രോസിന്റെ കല്ലറയ്ക്കരികിലെ പ്രാർത്ഥനയും ഐക്യവും
മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നയാൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തെയും, ആ സ്ഥാനത്തിന്റെ പ്രത്യേകതയെയും അനുസ്മരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു നിമിഷം, അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ കല്ലറയ്ക്കരികിലാണ് നടന്നത്. പത്രോസിന്റെ പിൻഗാമിയും റോമിന്റെ മെത്രാനുമായ പാപ്പായും പൗരസ്ത്യ കത്തോലിക്കാസഭയിലെ പാത്രിയർക്കീസുമാരും, അതായത് അപ്പസ്തോലന്മാരുടെ പിൻഗാമികൾ ഒരുമിച്ച്, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കുകയും, തുടർന്ന് ആ കല്ലറ ധൂപിക്കുകയും ചെയ്യുന്ന ഒരു നിമിഷമായിരുന്നു അത്. എഫേസോസുകാർക്കെഴുതിയ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് എഴുതുന്ന, ക്രിസ്തുവാകുന്ന മൂലക്കല്ലിന്മേൽ, അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിയപ്പെട്ട ഭവനമായ സഭ (എഫേ. 2, 20) എന്ന ചിന്തയും, "നീ പത്രോസാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല" എന്ന ക്രിസ്തുവിന്റെ വചനവും (മത്തായി 16, 18) പത്രോസിന്റെ കല്ലറയ്ക്ക് മുൻപിൽ ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ പിൻഗാമികൾ ഒരുമിച്ച് പ്രാർത്ഥനയ്‌ക്കെത്തുന്ന ഈ നിമിഷത്തിൽ ഏവരുടെയും മനസ്സിലേക്കെത്തുന്നുണ്ട്.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ജീവനേകിയ, രക്‌തസാക്ഷിത്വം വഹിച്ച അപ്പസ്തോലപ്രമുഖനും ക്രിസ്തുവിന്റെ പ്രഥമ വികാരിയുമായ പത്രോസിന്റെ നിയോഗമാണ് പാപ്പാ ഏറ്റെടുക്കുകയും തുടരുകയും ചെയ്യുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചടങ്ങാണ് പാപ്പാ സ്ഥാനമേറ്റെടുക്കുന്ന ദിവസത്തേത്. എന്നാൽ അതേസമയം ആ പത്രോസിന്റെ പിൻഗാമിക്കൊപ്പം തങ്ങളുമുണ്ട് എന്ന് വിവിധ സഭാപാരമ്പര്യങ്ങളിലുള്ള കത്തോലിക്കാ പാത്രിയാർക്കീസുമാർ തങ്ങളുടെ പ്രാർത്ഥനാപൂർണ്ണമായ സാന്നിദ്ധ്യം കൊണ്ട് പ്രഖ്യാപിക്കുന്ന ഐക്യത്തിന്റെ മനോഹരമായ ഒരു സമയവുമായിരുന്നു അത്. വിശ്വാസത്തിലും സ്നേഹത്തിലും തന്റെ സഹോദരങ്ങളെ ഒരുമിപ്പിക്കുന്നതിനും നയിക്കുന്നതിനും പത്രോസിന് ഗുരുവിൽനിന്ന് ലഭിച്ച നിയോഗം കൂടിയാണ് ഇവിടെ നമ്മുടെ മനസ്സിലേക്ക് കടന്നുവരിക. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ, ശിമെയോന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ പ്രാർത്ഥിക്കുകയും, തന്റെ ശിഷ്യന്മാരെ, വിളിയിലും വിശ്വാസത്തിലും പത്രോസിന് സഹോദരങ്ങളായി മാറിയവരെ, ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന യേശുവിനെക്കുറിച്ച് നാം വായിക്കുന്നുണ്ടല്ലോ (ലൂക്ക 22, 32). വിശ്വാസത്തിലുള്ള ഐക്യത്തിന്റെയും ഒരുമയുടെയും അടിസ്ഥാനമായി നിൽക്കുന്ന, ശിഷ്യപ്രമുഖനായ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റെടുക്കുന്ന, റോമിന്റെ മെത്രാനായ പാപ്പായോടുള്ള ഐക്യം കൂടിയാണ് പൗരസ്ത്യസഭാദ്ധ്യക്ഷന്മാർ ഇവിടെ സഭയ്ക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നത് (cf. LG 18, 23 and note 30; Conc. Vat. I, Const. Pastor Æternus, 1).
പാലിയവും മുക്കുവന്റെ മോതിരവും
ആരാധനാകാര്യങ്ങൾക്കായി ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന, ദൈവത്തിന്റെ ആട്ടിൻപറ്റത്തിന്റെ ഇടയെന്ന ചിന്തയുണർത്തുന്ന പാലിയവും പത്രോസെന്ന അപ്പസ്തോലനിൽ ക്രിസ്തു ഏൽപ്പിച്ച അധികാരത്തെയും, പത്രോസ് ക്രിസ്തുവിന്റെ വാക്കുകളനുസരിച്ച് വലയെറിഞ്ഞ് അത്ഭുതകരമായി മത്സ്യങ്ങളെ പിടിച്ച സംഭവത്തെയും അനുസ്മരിപ്പിക്കുന്ന "മുക്കുവന്റെ മോതിരവുമാണ്”, പാപ്പാ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ സ്ഥാനം പിടിച്ച മറ്റു രണ്ടു വസ്തുക്കൾ.
വെളുത്ത ആട്ടിൻരോമങ്ങൾ കൊണ്ടുണ്ടാക്കിയ ചെറിയ ഒരു വസ്ത്രമാണ് പാലിയം. ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ (Y) യുടെ ആകൃതിയിൽ കഴുത്തിൽ ചുറ്റി മുന്നിലേക്കും പിന്നിലേക്കും കിടക്കുന്ന ഇതിൽ മുന്നിലും പിന്നിലും കറുത്ത പട്ടുനൂലുകൊണ്ട് തുന്നിയ രണ്ടു കുരിശുകളും, കഴുത്തിൽ ചുറ്റിക്കിടക്കുന്ന ഭാഗത്ത് നാല് കുരിശുകളുമടക്കം ആറ് കുരിശുകളുണ്ട്. ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിപ്പിക്കാനായി മൂന്ന് ചെറിയ ആണികളും ഇതിന്മേലുണ്ട്. വിശുദ്ധകുർബാനയ്ക്ക് ഉപയോഗിക്കുന്ന പുരോഹിതവസ്ത്രത്തിന് (chasuble) മേലെയാണ് ഇത് ധരിക്കുക. നഷ്ടപ്പെട്ടുപോയ ആടിനെ തേടി കണ്ടെത്തി തോളിലേറ്റി ആട്ടിൻകൂട്ടത്തിനരികിലേക്ക് മടങ്ങുന്ന നല്ലിടയനെയും (ലൂക്ക 15, 4-7), ക്രിസ്തുവിനോടുള്ള സ്നേഹം മൂന്നുവട്ടം ഏറ്റുപറഞ്ഞ പത്രോസിനോട് തന്റെ കുഞ്ഞാടുകളെയും ആടുകളെയും മേയ്ക്കാൻ യേശു ആവശ്യപ്പെടുന്ന സംഭവത്തെയും (യോഹ. 21, 15-17) ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു വസ്ത്രമാണിത്. അപ്പസ്തോലന്മാർക്ക്, പ്രത്യേകിച്ച് പത്രോസിന് നൽകപ്പെട്ട ഇടയനിയോഗത്തെയാണ് പാലിയം ഓർമ്മിപ്പിക്കുക. ദേ സാക്രിസ് ഓർദിനാസിയോണിബൂസിൽ (De sacris ordinationibus), തെസ്സലോനിക്കയിലെ ശിമയോൻ പാലിയത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: "പാലിയം, നഷ്ടപ്പെട്ട കുഞ്ഞാടിനെ തോളിലേറ്റുന്ന രക്ഷകനായ ക്രിസ്തുവിനെയാണ് സൂചിപ്പിക്കുക. മനുഷ്യാവതാരത്തിലൂടെ മനുഷ്യസ്വഭാവം സ്വീകരിച്ച അവൻ അതിനെ ദിവ്യമാക്കുകയും, കുരിശിലെ തന്റെ മരണത്തിലൂടെ നമ്മെ ദൈവപിതാവിന് സമർപ്പിക്കുകയും, തന്റെ ഉത്ഥാനത്തിലൂടെ നമ്മെ മഹത്വപ്പെടുത്തുകയും ചെയ്തു".
സാധാരണയായി ഡീക്കൻ, പുരോഹിതൻ, മെത്രാൻ എന്നീ മൂന്ന് നിലകളിലുള്ള മൂന്ന് കർദ്ദിനാൾമാരാണ് പാപ്പായെ പാലിയവും മുക്കുവന്റെ മോതിരവും ധരിപ്പിക്കുക. ഇതിൽ യൂറോപ്പിൽനിന്നുള്ള കർദ്ദിനാൾ സെനാറിയാണ് പാപ്പായെ പാലിയം ധരിപ്പിച്ചത്. ആഫ്രിക്കയിൽനിന്നുള്ള കർദ്ദിനാൾ അബോംഗോ പ്രാർത്ഥന ചൊല്ലി.. വിശുദ്ധ പൗലോസിനൊപ്പം പത്രോസ് വിശ്വാസം പകർന്നുനൽകി വളർത്തിയ റോമിലെ സഭയിൽ പത്രോസിന്റെ പിൻഗാമിയായാണ് പാപ്പാ സ്ഥാനമേറ്റെടുക്കുന്നത് എന്ന ചിന്ത ഇവിടെ വ്യക്തമാകുന്നുണ്ട്. പത്രോസിന്റെ പിൻഗാമി സ്ഥാനമേറ്റെടുക്കുന്ന അവസരത്തിൽ സകല വിശുദ്ധരുടെയും ലുത്തിനിയായും, വിശ്വാസത്തിന്റെ ഐക്യത്തിൽ സഹോദരങ്ങളെ ശക്തിപ്പെടുത്താനായി നിയോഗം ലഭിച്ച പത്രോസിനെന്നപോലെ (ലൂക്ക 22, 32), പാപ്പായ്ക്കും തനിക്ക് ലഭിച്ച പ്രത്യേക സിദ്ധിയും നിയോഗവുമനുസരിച്ച് സഭയെ നയിക്കാനായി പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കാൻവേണ്ടിയുള്ള പ്രാർത്ഥനകളും നടന്നിരുന്നു.
സാധാരണയായി എല്ലാ മെത്രാന്മാരുടെയും ഔദ്യോഗികവേഷത്തിന്റെ ഭാഗവും, അവരിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ അടയാളവുമാണ് അവർ ധരിക്കുന്ന മോതിരം. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമാണ് പാപ്പാ ധരിക്കുന്ന "മുക്കുവന്റെ മോതിരം". സഹോദരങ്ങളെ വിശ്വാസത്തിൽ ശക്തിപ്പെടുത്താൻ ക്രിസ്തു പത്രോസിന് നൽകിയ നിയോഗത്തെയും, റോമിന്റെ മെത്രാനെന്ന സ്ഥാനത്തേയും അനുസ്മരിപ്പിക്കുന്ന ഈ മോതിരം പാപ്പായെ അണിയിക്കുന്നതായിരുന്നു ലിയോ പാപ്പാ സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായുണ്ടായിരുന്ന മറ്റൊരു പ്രധാനപ്പെട്ട ചടങ്ങ്. ആദ്യശിഷ്യന്മാരെ വിളിക്കുന്ന സംഭവത്തിന്റെ അവസരത്തിൽ, ക്രിസ്തുവിന്റെ വാക്കുകളിൽ ഉള്ള വിശ്വാസമനുസരിച്ച് പത്രോസ് വലയിറക്കുകയും, വല കീറുന്ന വിധത്തിൽ വളരെയേറെ മത്സ്യങ്ങളെ പിടിച്ചതും (ലൂക്ക 5, 5), പത്രോസ്, ഉത്ഥിതനായ ക്രിസ്തുവിന്റെ വാക്കുകളനുസരിച്ച് വലയിറക്കി അത്ഭുതകരമായ രീതിയിൽ മത്സ്യങ്ങളെ പിടിച്ച് അവന് മുന്നിലെത്തിച്ചതും (യോഹന്നാൻ 21, 3-14) അനുസ്മരിപ്പിക്കുന്നതുകൊണ്ടാണ് ഈ മോതിരത്തിന് "മുക്കുവന്റെ മോതിരം" എന്ന പേരുവന്നത്. ഏഷ്യയിൽനിന്നുള്ളതും മെത്രാൻ നിലയിലുള്ളതുമായ കർദ്ദിനാൾ താഗ്ലെയാണ് മുക്കുവന്റെ മോതിരം പാപ്പായെ അണിയിച്ചത്. "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാകുന്നുവെന്ന്" സാക്ഷ്യപ്പെടുത്തി (മത്തായി 16, 16), പത്രോസാകുന്ന പാറമേൽ തന്റെ സഭയെ പണിതുയർത്തിയ ക്രിസ്തുവിനോട്, പത്രോസിന്റെ പിൻഗാമിക്ക് "മുക്കുവന്റെ മോതിരം" നല്കണമെയെന്ന പ്രാർത്ഥന ഈ ചടങ്ങിന്റെ ഭാഗമായിരുന്നു. ക്രിസ്തുവിന്റെ ശിഷ്യന്മാരെ ശക്തവും എന്നാൽ സൗമ്യവുമായി കൂട്ടായ്മയുടെ ഐക്യത്തിൽ സംരക്ഷിക്കുന്നതിനായി പാപ്പായെ ശക്തിപ്പെടുത്തണമേയെന്ന പ്രാർത്ഥനയോടെയാണ് പാപ്പായ്ക്ക് മോതിരം നൽകുന്ന ചടങ്ങ് അവസാനിച്ചത്.
പത്രോസിന്റെ പിൻഗാമിയുടെ സ്ഥാനാഹോരണവും തിരുവചനവും
പാപ്പാ ഏറ്റെടുക്കുന്ന ചുമതലയേയും, റോമിന്റെ മെത്രാനും പത്രോസിന്റെ പിൻഗാമിയുമെന്ന നിലയിൽ അദ്ദേഹം സ്വീകരിക്കുന്ന പ്രത്യേക വിളിയെയും അനുസ്‌മരിപ്പിക്കുന്ന തിരുവചനഭാഗങ്ങളാണ് പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിൽ വായിക്കപ്പെട്ടത്. ഇതിൽ ഒന്നാമത്തേത്, അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളുടെ നാലാം അദ്ധ്യായത്തിൽനിന്നുള്ളതായിരുന്നു (അപ്പ. 4, 8-12). അധികാരികളുടെയും, ജനപ്രമാണിമാരുടെയും, നിയമജ്ഞരുടെയും മുന്നിൽ വച്ച്, വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ മൂലക്കല്ലാണ് യേശുവെന്നും, അവനിലല്ലാതെ മറ്റാരിലും രക്ഷയില്ലെന്നും ധൈര്യപൂർവ്വം വിളിച്ചുപറയുന്ന പത്രോസിനെക്കുറിച്ചുള്ള ഭാഗമായിരുന്നു അത്. ഇതേ ചിന്തകൾ ഉയർത്തുന്ന നൂറ്റിപ്പതിനെഴും നൂറ്റിപ്പതിനെട്ടും സങ്കീർത്തനങ്ങളിൽനിന്നുള്ള വാക്യങ്ങളാണ് പ്രതിവചനസങ്കീർത്തനത്തിൽ അവർത്തിക്കപ്പെട്ടത്. പത്രോസും റോമിലെ സഭയും തമ്മിലുള്ള ബന്ധവും, സഭയിലെ ശ്രേഷ്ഠന്മാരുടെ, അപ്പസ്തോലന്റെ പിൻഗാമിമാരുടെ ശുശ്രൂഷ എപ്രകാരമായിരിക്കണം എന്ന പത്രോസിന്റെ ഉദ്ബോധനവും അനുസ്മരിപ്പിക്കുന്ന പത്രോസിന്റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായത്തിൽനിന്നുള്ള (1 പത്രോസ് 5, 1-5. 10-11) വായനയായിരുന്നു തുടർന്ന് നടന്നത്. സുവിശേഷമാകട്ടെ, പത്രോസിന് ക്രിസ്തുവിനോടുള്ള വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും പ്രഖ്യാപനവും, തന്റെ കുഞ്ഞാട്ടിൻപറ്റത്തെയും ആടുകളെയും മേയ്ക്കാൻ യേശു പത്രോസിന് നൽകുന്ന നിയോഗവും ഉൾക്കൊള്ളുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽനിന്നുള്ള (യോഹ. 21, 15-19) വായനയായിരുന്നു. പന്ത്രണ്ട് അപ്പസ്തോലന്മാരുടെ സംഘത്തിൽ പത്രോസിന് ദൈവത്താൽ നല്കപ്പെട്ട പ്രത്യേകവും വ്യക്തിപരവുമായ നിയോഗത്തെ സൂചിപ്പിക്കുന്ന തിരുവചനഭാഗമാണിത്. പത്രോസിന് യേശു നൽകുന്ന നിയോഗം സ്നേഹത്തിന്റേതും ഐക്യത്തിന്റേതുമാണെന്ന് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ച പാപ്പാ, അനുരഞ്ജനപ്പെട്ട ഒരു ലോകത്തിന്റെ പുളിമാവാകാൻ വേണ്ടി, ഒരുമയുടെയും കൂട്ടായ്മയുടെയും അടയാളമായി ഒത്തൊരുമയിൽ ജീവിക്കുന്ന ഒരു സഭയായി മാറുക എന്നതായിരിക്കണം നമ്മുടെ ആഗ്രഹം എന്ന് ഓർമ്മിപ്പിച്ചു. ഏവർക്കും ദൈവസ്നേഹം പകർന്നു നൽകാനും, ദൈവസ്നേഹത്തിൽ അധിഷ്ഠിതമായി, ഐക്യത്തിന്റെ അടയാളമായതും, മിഷനറിയുമായ ഒരു സഭയെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പണിതുയർത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പാപ്പായോടുള്ള അനുസരണം
ദൈവജനത്തെ പ്രതിനിധീകരിച്ച് വിവിധയിടങ്ങളിൽനിന്നുള്ള പന്ത്രണ്ട് പേർ പാപ്പായോട് അനുസരണം വാഗ്ദാനം ചെയ്യുന്ന മനോഹരമായ ചടങ്ങും പാപ്പായുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുണ്ടായിരുന്നു. ഇതിലേക്കായി, വടക്കേ അമേരിക്കയെ പ്രതിനിധാനം ചെയ്‌ത് കർദ്ദിനാൾ ലിയോയും, തെക്കേ അമേരിക്കയെ പ്രതിനിധാനം ചെയ്‌ത് കർദ്ദിനാൾ സ്പെങ്ലറും, ഓഷ്യാനിയയെ പ്രതിനിധാനം ചെയ്‌ത് കർദ്ദിനാൾ റിബാത്തും ഉണ്ടായിരുന്നു. വിശുദ്ധ ബലിയുടെ അവസാനം പാപ്പാ ഉയിർപ്പുകാല ത്രികാലജപം ചൊല്ലുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
കത്തോലിക്കാസഭയുടെ പരമദ്ധ്യക്ഷനായി പ്രാർത്ഥിക്കാനുള്ള നമ്മുടെ ചുമതല
ലിയോ പതിനാലാമൻ പാപ്പാ ഔദ്യോഗികമായി തന്റെ സ്ഥാനം ഏറ്റെടുക്കുന്ന ഈ അവസരത്തിലും തുടർന്നും, ക്രിസ്തുവിന്റെ സഭയെ നയിക്കനായി വിളിക്കപ്പെട്ട്, ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുത്ത പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയാറാമത് പിൻഗാമിക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വം നമുക്ക് മറക്കാതിരിക്കാം. സ്നേഹത്തിൽ അടിസ്ഥാനമിട്ട് സഭയെ ഐക്യത്തിൽ നയിക്കാനുള്ള, സഹോദരങ്ങളെ വിശ്വാസത്തിൽ ശക്തിപ്പെടുത്താനുള്ള പ്രത്യേക വിളിയാണ് പത്രോസിന്റെ പിൻഗാമിക്ക് നൽകപ്പെട്ടിരിക്കുന്നത്. ക്രിസ്തുവും, ഇന്നുവരെയുള്ള സഭാ നേതൃത്വവും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതുമായ വിശ്വാസികളുടെ ഐക്യം, ലിയോ പതിനാലാമൻ പാപ്പായുടെ കീഴിലും കൂടുതൽ ശക്തമാകുവാനും, അതുവഴി ലോകത്തിന് മുന്നിൽ നമ്മുടെ ജീവിതം സാക്ഷ്യമാകുവാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒരുമയിലും, വിശ്വാസത്തിലും, സ്നേഹത്തിലും വളരാം. പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ, ദൈവഹിതമനുസരിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ പ്രഭാഷണത്തിൽ നമ്മെ ഓർമ്മിപ്പിച്ചതുപോലെ, പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ദൈവാരാജ്യത്തെ ലക്ഷ്യമാക്കി മുന്നേറാം. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം പ്രഘോഷിക്കേണ്ടത്, അവൻ നമുക്ക് കാണിച്ചുതരുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ ഒരുമിച്ച് യാത്ര ചെയ്തുകൊണ്ടാണെന്ന് മറക്കാതിരിക്കാം. തന്റെ സഭയെ, താൻ തിരഞ്ഞെടുത്ത അജഗണത്തെ, തന്റെ ഇടയന്മാരിലൂടെ കർത്താവ് പരിപാലിക്കുകയും സംരക്ഷിക്കുകയും രക്ഷയിലേക്ക് നയിക്കുകയും ചെയ്യട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: