ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി പ്രസിഡന്റായി മോൺ. റെൻസോ പെഗോറാറോയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ചാൻസലർ ആയിരുന്ന മോൺ. റെൻസോ പെഗോറാറോയെ, മെയ് 27-ആം തീയതി അക്കാദമിയുടെ പുതിയ പ്രസിഡന്റായി ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. നാളിതുവരെ ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റും, വിവാഹത്തിനും കുടുംബങ്ങൾക്കുമായുള്ള ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാൻഡ് ചാൻസലറും ആയിരുന്ന ആർച്ച്ബിഷപ് വിൻചെൻസോ പാല്യ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ നിയമനം.
ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമിയിലും, വിവാഹത്തിനും കുടുംബങ്ങൾക്കുമായുള്ള ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും നാളിതുവരെ സേവനമനുഷ്ഠിച്ചിരുന്ന ആർച്ച്ബിഷപ് വിൻചെൻസോ പാല്യയ്ക്ക്, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ടയച്ച കത്തിലൂടെ പാപ്പാ നന്ദി പറഞ്ഞു. ഏപ്രിൽ 21-ന് എൺപത് വയസ്സ് തികഞ്ഞതിനെത്തുടർന്നായിരുന്നു അദ്ദേഹം വിരമിച്ചത്.
1959 ജൂൺ 4-ന് പാദുവയിൽ ജനിച്ച്, 1989 ജൂൺ 11-ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അഭിവന്ദ്യ പെഗോറാറോ, പാദുവ യൂണിവേഴ്സിറ്റിയിൽനിന്നും സർജറിയിലും മെഡിസിനിലെ ബിരുദം നേടിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും 1990-ൽ ധാർമ്മികദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടിയ അദ്ദേഹം, സേക്രഡ് ഹാർട്ട് കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽനിന്നും, ബയോ എത്തിക്സിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
പാദുവായിലെ ലാൻസ ഫൗണ്ടേഷന്റെ സെക്രെട്ടറിയും, ത്രിവെനെത്തോയിലെ ദൈവശാസ്ത്രവിഭാഗത്തിൽ ബയോ എത്തിക്‌സ് അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചിട്ടുള്ള ഫാ. പെഗോറാറോ, 2000 മുതൽ റോമിലെ ബംബീനോ ജെസു ആശുപത്രിയിൽ നഴ്സിംഗ് എത്തിക്സ് പ്രഫസറായും, 2010 മുതൽ 2013 വരെ മെഡിക്കൽ എത്തിക്സ് കേന്ദ്രങ്ങളുടെ യൂറോപ്യൻ അസോസിയേഷൻ പ്രസിഡന്റായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
2011 സെപ്റ്റംബർ ഒന്ന് മുതൽ ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന പ്രഥമനിയമനങ്ങളിൽ ഒന്നാണിത്. സമർപ്പിതജീവിതക്കാർക്കും, അപ്പസ്തോലികജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള ഡികാസ്റ്ററിയുടെ സെക്രെട്ടറിയായി സി. തിസ്സ്യാന മെർലെത്തിയെ മെയ് 22-ആം തീയതി പാപ്പാ നിയമിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: