ശക്തമായ സമാധാനാഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉക്രൈനിലും ഗാസയിലും നടന്നുവരുന്ന സായുധസംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. മെയ് 28 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിച്ചേർന്ന നാൽപ്പത്തിനായിരത്തോളം വരുന്ന തീർത്ഥാടകരും സന്ദർശകരുമായ പൊതുസമൂഹത്തിന് പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമാധാനം സ്ഥാപിക്കാനും, വെടിനിറുത്തൽ പ്രഖ്യാപിക്കാനും, മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പാപ്പാ ആവശ്യപ്പെട്ടത്.
ഉക്രൈനിൽ സാധാരണക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങളുമെതിരെ നടന്നുവരുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് അറിയിച്ച പാപ്പാ, ആക്രമണങ്ങളുടെ ഇരകളായവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും തന്റെ സാമീപ്യവും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനും, സമാധാനത്തിനായുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും മുൻപ് പലവുരു നടത്തിയ അഭ്യർത്ഥന കൂടുതൽ ശക്തമായി പാപ്പാ ആവർത്തിച്ചു. ഉക്രൈനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും യുദ്ധങ്ങളാൽ സഹനമനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ഗാസാ പ്രദേശത്ത് തങ്ങളുടെ കുട്ടികളുടെ മൃതശരീരങ്ങളെ ആലിംഗനം ചെയ്തുകൊണ്ട്, വിലപിക്കുന്ന മാതാപിതാക്കളുടെ നിലവിളിയുടെ സ്വരം വിണ്ണിലേക്കുയരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ബോംബാക്രമണങ്ങൾക്കിടയിൽപ്പോലും, അല്പം ഭക്ഷണത്തിനും, സുരക്ഷിതമായ പാർപ്പിടത്തിനുമായി അലഞ്ഞുതിരിയാൻ അവർ നിർബന്ധിതരാകുകയാണെന്ന് അപലപിച്ചു.
ആക്രമണങ്ങൾക്കും യുദ്ധത്തിനും കാരണക്കാരായവരോട് ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കാനും, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ വിട്ടയക്കാനും, മനുഷ്യാവകാശങ്ങൾ പൂർണ്ണമായും മാനിക്കാനും പാപ്പാ ആവശ്യപ്പെട്ടു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവും പാപ്പാ അപേക്ഷിച്ചു.
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ നിരവധി അവസരങ്ങളിൽ, ലോകസമാധാനത്തിനായും, സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാനായും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
യുവജനങ്ങളെയും, രോഗികളെയും, നവവധൂവരന്മാരെയും പാപ്പാ തന്റെ പ്രഭാഷണത്തിന്റെ അവസരത്തിൽ അഭിസംബോധന ചെയ്തു.
സ്വർഗ്ഗാരോഹണത്തിരുനാളും ക്രൈസ്തവസാക്ഷ്യവും
ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവേ, അടുത്തുവരുന്ന സ്വർഗ്ഗാരോഹണത്തിരുനാൾ പരാമർശിച്ചുകൊണ്ട്, അപ്പസ്തോലന്മാരെപ്പോലെ, ക്രിസ്തുവിന്റെ സുവിശേഷം എല്ലായിടങ്ങളിലും എത്തിക്കാനും സാക്ഷ്യപ്പെടുത്താനും പാപ്പാ ഏവരോടും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: