ഗാസായിലെ ദുരിതാവസ്ഥയിൽ ആശങ്കയറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസാ മുനമ്പിലെ ജനങ്ങൾ കടന്നുപോകുന്നത് തികച്ചും വേദനാജനകവും ആശങ്കാപരവുമായ അവസ്ഥയിലൂടെയാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മെയ് 21 ബുധനാഴ്ച അനുവദിച്ച പ്രഥമ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലാണ് ഗാസായിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമർശിച്ചത്.
ഗാസാ പ്രദേശത്ത് മാനവികസഹായമെത്തിക്കുന്നതിന് അനുവദിക്കാനുള്ള തന്റെ അഭ്യർത്ഥന താൻ പുതുക്കുന്നുവെന്ന് പാപ്പാ പ്രസ്‌താവിച്ചു. ശത്രുത അവസാനിപ്പിക്കാനും പാപ്പാ ഏവരോടും ആവശ്യപ്പെട്ടു.
ഗാസായിൽ നടന്നുവരുന്ന സംഘർഷങ്ങളുടേയും ആക്രമണങ്ങളുടെയും ഫലം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് അവിടെയുള്ള കുട്ടികളും വയോധികരും രോഗികളായ ആളുകളുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പ്രഭാഷണം നടത്തിയ ശേഷം, വത്തിക്കാനിലെത്തിയ തീർത്ഥാടകരെയും സന്ദര്ശകരെയും വിവിധ ഭാഷകളിൽ അഭിസംബോധന ചെയ്യവേയെയാണ് ഗാസാ പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരിശുദ്ധ പിതാവ് പ്രതിപാദിച്ചത്. പാപ്പയായി തിരഞ്ഞെടുക്കപെട്ടതുമുതൽ നടത്തിയ നിരവധി പ്രഭാഷണങ്ങളിൽ പലതിലും പാപ്പാ ഗാസാ, ഉക്രൈൻ തുടങ്ങിയ സംഘർഷഭരിതദേശങ്ങളെയും അവിടങ്ങളിൽ സാധാരണജനം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും പരാമർശിച്ചിരുന്നു.
നമ്മുടെ പ്രത്യാശയായ ക്രിസ്തു എന്ന വിഷയത്തെ ആധാരമാക്കി, ജൂബിലി വർഷത്തിലേക്കായി തയ്യാറാക്കിയ പ്രഭാഷണപരമ്പരയിൽ, വിതക്കാരന്റെ ഉപമയെ (മത്തായി 13, 1-9) അധികാരിച്ചായിരുന്നു ഈ ബുധനാഴ്ചയിലെ ഉദ്‌ബോധനം. ഇന്ത്യയിൽനിന്നുൾപ്പെടെ ഏതാണ്ട് നാൽപ്പത്തിനായിരത്തോളം പേരാണ് ലിയോ പാപ്പായുടെ പ്രഥമപൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ഏതാനും മാസങ്ങളോളമായി ഗാസാ പ്രദേശത്തേക്ക് മാനവികസഹായമെത്തിക്കുന്നതിൽ സന്നദ്ധസംഘടനകൾ തടസ്സം നേരിടുന്നുണ്ട്. ഗാസായുടെ പലയിടങ്ങളിലും ഇപ്പോഴും ആക്രമണങ്ങൾ തുടരുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: