MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

സ്നേഹം വഴിയായി പഴയകാല മുറിവുകൾ സുഖപ്പെടുത്തണം: ലിയോ പതിനാലാമൻ പാപ്പാ

1525-ൽ സൂറിച്ചിൽ സ്ഥാപിതമായ അനാബാപ്റ്റിസ്റ്റ് പ്രസ്ഥാനത്തിന്റെ അഞ്ഞൂറാമത് വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"സമാധാനം നിങ്ങളോടുകൂടെ" എന്ന ആശംസയോടെ ലിയോ പതിനാലാമൻ പാപ്പാ, 1525-ൽ  സൂറിച്ചിൽ സ്ഥാപിതമായ അനാബാപ്റ്റിസ്റ്റ് പ്രസ്ഥാനത്തിന്റെ അഞ്ഞൂറാമത് വാർഷികത്തോടനുബന്ധിച്ച് സന്ദേശം നൽകി. കർത്താവിന്റെ സമാധാനം സ്വീകരിക്കുന്നതിലൂടെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി സ്വയം വിട്ടുകൊടുക്കുന്നതിലൂടെയും, ദൈവത്തിന്റെ വിളി സ്വീകരിക്കുന്നതിലൂടെയും യേശുവിന്റെ അനുഗാമികളായ എല്ലാവർക്കും, ക്രിസ്തീയജീവിതത്തിന്റെ സമൂലമായ പുതുമയിൽ ആയിരിക്കുവാൻ സാധിക്കുമെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

"സ്നേഹിക്കാനുള്ള ധൈര്യം" എന്നുള്ളതാണ് പ്രസ്ഥാനം അഞ്ഞൂറാം വാർഷികം ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം.  ക്രിസ്തീയ ഐക്യത്തിലേക്കും, അയൽക്കാരുടെ സേവനത്തിലേക്കുമുള്ള ആഹ്വാനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ള ഓർമ്മപ്പെടുത്തലും പാപ്പാ നടത്തി. കത്തോലിക്കരും മെനോനൈറ്റുകളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനുള്ള ക്ഷണം നൽകുന്നതോടൊപ്പം, ഭൂതകാലത്തിന്റെ മുറിവുകൾ ഉണക്കാനും സ്നേഹിക്കാനുള്ള ധൈര്യത്തിലൂടെ ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

തന്റെ സഹനത്തിന്റെ തലേന്ന്, ക്രിസ്തു നൽകിയത് ഐക്യത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും, യുദ്ധത്തിന്റെ ദുരിതം വിതച്ച ലോകത്തിന്റെ പശ്ചാത്തലത്തിൽ സാഹോദര്യത്തെ സുഖപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള യാത്ര തുടരണമെന്നും പാപ്പാ പറഞ്ഞു. സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിനോടുള്ള നമ്മുടെ സാക്ഷ്യം സ്നേഹത്തിന്റെ ഒരു നാഗരികത കെട്ടിപ്പടുക്കുന്നതിലായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മേയ് 2025, 15:19