MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

യുദ്ധത്തിന്റ ഇരകളെ സ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

മെയ് മാസം പതിനെട്ടാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ചടങ്ങിൽ, ലിയോ പതിനാലാമൻ പാപ്പാ ഔദ്യോഗികമായി തന്റെ പത്രോസിനടുത്ത ശുശ്രൂഷ ആരംഭിച്ചു. തദവസരത്തിൽ, രണ്ടുലക്ഷത്തിനു മുകളിൽ വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. തൻറെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും പാപ്പാ സ്വീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയുടെ ഇരുനൂറ്റിയറുപത്തിയേഴാമത്‌ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ, മെയ് മാസം പതിനെട്ടാം തീയതി ഔദ്യോഗികമായി തന്റെ ശുശ്രൂഷ ആരംഭിച്ചു. തൻറെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും സ്വീകരിച്ചുകൊണ്ടാണ്, ഔദ്യോഗിക സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ചടങ്ങിൽ നിരവധി രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങളും സന്നിഹിതരായിരുന്നു. വിശുദ്ധബലിക്ക് ശേഷം, പാപ്പാ മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, ഹ്രസ്വമായ സന്ദേശം നൽകുകയും ചെയ്തു. തദവസരത്തിൽ, ചടങ്ങിൽ സംബന്ധിച്ച ആളുകൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.

റോമക്കാരെയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ആഗോള തലത്തിലുള്ള വിവിധ ജീവകാരുണ്യ- ഭക്തി പ്രസ്ഥാനങ്ങളുടെ ജൂബിലി ആഘോഷത്തിൽ സംബന്ധിക്കുന്നവരെയും പാപ്പാ പ്രത്യേകം പരാമർശിക്കുകയും, ആശംസകൾ നേരുകയും ചെയ്തു. പൊതുജനങ്ങളുടെ ഭക്താഭ്യാസത്തിന്റെ പൈതൃകം നിലനിർത്തുന്നതിൽ ഈ സംഘടനകൾ വഹിക്കുന്ന പങ്കിനെ പാപ്പാ എടുത്തുപറയുകയും, അവർക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

വിശുദ്ധ ബലിമധ്യേ, സ്വർഗത്തിൽ നിന്നുള്ള ഫ്രാൻസിസ് പാപ്പായുടെ ആത്മീയ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടുവെന്നു പാപ്പാ പങ്കുവച്ചു. തുടർന്ന്, മെയ് മാസം പതിനേഴാം തീയതി, ഫ്രാൻസിലെ ഷാമ്പേരിയിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കാമിൽ കോസ്റ്റ ഡി ബ്യൂറെഗാർഡ് എന്ന വൈദികനെപ്പറ്റിയും പാപ്പാ പരാമർശിച്ചു.

വിശ്വാസത്തിന്റെയും, കൂട്ടായ്‍മയുടെയും ഈ സന്തോഷനിമിഷങ്ങളിലും, യുദ്ധത്തിന്റെ കെടുതികളിൽ വേദന അനുഭവിക്കുന്ന സഹോദരങ്ങളെ നമുക്ക് മറക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞ പാപ്പാ, ഏതാനും പ്രദേശങ്ങളെ പേരെടുത്തു പരാമർശിച്ചു. കുട്ടികളും, വൃദ്ധരും പട്ടിണിയിൽ തഴയപ്പെടുന്ന ഗാസയെയും, ചെറുപ്പക്കാരായ ആളുകളുടെ കൊലപാതകത്തിന് വേദിയാകുന്ന മ്യാന്മറിനെയും, നീതിരഹിതമായ അക്രമങ്ങൾക്ക് വിധേയമാകുന്ന ഉക്രൈനെയും പാപ്പാ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

പത്രോസിന്റെ ഈ കപ്പൽ ഈ ആളുകൾക്കെല്ലാം പ്രത്യാശയുടെ കേന്ദ്രമായി തീരട്ടെയെന്നു പാപ്പാ ആശംസിച്ചു. പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് പാപ്പാ ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മേയ് 2025, 09:56