കാലത്തിൻറെ അടയാളങ്ങളെ സുവിശേഷ വെളിച്ചത്തിൽ വ്യാഖ്യാനിക്കുക സഭയുടെ സ്ഥായിയായ ദൗത്യം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാരമായ പ്രതിസന്ധികളെ സംബന്ധിച്ച വ്യാഖ്യാനാത്മക താക്കോലുകൾ പ്രദാനം ചെയ്യാൻ സഭായുടെ സാമൂഹ്യപ്രബോധനങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ലിയൊ പതിനാലാമൻ പാപ്പാ.
ലിയൊ പതിമൂന്നാമൻ പാപ്പാ 1891-ൽ പുറപ്പെടുവിച്ച സാമൂഹികചാക്രികലേഖനമായ “റേരും നൊവാരു”മിൻറെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ 1991 മെയ് 1-ന് നല്കിയ “ചെന്തേസിമൂസ് ആന്നൂസ്” എന്ന ചാക്രിലേഖനത്തിൻറെ പേരു സ്വീകരിച്ചുകൊണ്ട് സഭയുടെ സാമൂഹ്യപ്രബോധനങ്ങൾ ആഴത്തിൽ പഠിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതിന് സഹകരിക്കുകയും സഭാപ്രവർത്തനങ്ങൾക്ക് സഹായമേകുകയും ചെയ്യുന്ന “ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ഇപ്രകാരം വ്യാഖ്യാനാത്മക താക്കോലുകൾ നല്കുമ്പോൾ സഭയുടെ സാമൂഹ്യപ്രബോധനങ്ങൾ അറിവിനും പ്രത്യാശയ്ക്കും സമാധാനത്തിനും മൗലികമായ സംഭാവന ഏകുകയാണെന്ന് പാപ്പാ വിശദീകരിച്ചു.
യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, നിർബന്ധിതവും ചെറുക്കപ്പെടുന്നതുമായ കുടിയേറ്റങ്ങൾ, അപമാനിത ദാരിദ്ര്യം, വിനാശകരമായ സാങ്കേതിക കണ്ടുപിടുത്തങ്ങൾ, തൊഴിലിൻറെയും അവകാശങ്ങളുടെയും സന്ദിഗ്ദാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളുടെ നാടകീയ സ്വഭാവം ഓർമ്മിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ പ്രതിസന്ധിബാഹുല്യം എന്ന് വിവർത്തനം ചെയ്യാവുന്ന "പോളിക്രൈസിസ്" എന്ന പദം ഉപയോഗിച്ചതിനെക്കുറിച്ചും ലിയൊ പതിനാലാമൻ പാപ്പാ പരാമർശിച്ചു.
“ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ ഈ വർഷത്തെ സമ്മേളനത്തിൻറെ പ്രമേയം "ധ്രുവീകരണങ്ങളെ മറികടന്ന് ആഗോള ഭരണം പുനസ്ഥാപിക്കുക: ധാർമ്മിക അടിത്തറകൾ" എന്നതാണെന്ന് അനുസ്മരിച്ച പാപ്പാ, അത്, സാർവ്വത്രിക സാഹോദര്യത്തിൻറെ പാലങ്ങൾ പണിയുന്നതിനുള്ള സമാധാനത്തിൻറെയും സംഭാഷണത്തിൻറെയും ഉപകരണമായ സഭയുടെ സാമൂഹ്യ പ്രബോധനത്തിൻറെ പൊരുളിൻറെയും പങ്കിൻറെയും സത്തയിലേക്കു പോകുന്നതാണെന്ന് വിശദീകരിച്ചു.
എല്ലായ്പ്പോഴും സമാധാനത്തിൽ ഒറ്റ ജനതയായിരിക്കാൻ ഒന്നുചേർന്നുകൊണ്ട് പാലങ്ങൾ പണിയുന്നതിന് സംഭാഷണത്തിലൂടെയും സമാഗമത്തിലൂടെയും നാം പരസ്പരം സഹായിക്കണമെന്ന് താൻ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട അന്ന് വൈകുന്നേരം പറഞ്ഞത് പാപ്പാ ലിയൊ പതിനാലാമൻ ആവർത്തിച്ചു.
ഇത് യാദൃശ്ചികമായി ചെയ്യാൻ കഴിയില്ലയെന്നും കൃപയുടെയും സ്വാതന്ത്ര്യത്തിൻറെയും ചലനാത്മകവും നിരന്തരവുമായ ഒരു ഇഴചേർക്കാലാണിതെന്നും, ഇപ്പോൾ പോലും, നമ്മൾ കണ്ടുമുട്ടുമ്പോൾ, അത് ശക്തിപ്പെടുത്തപ്പെടുകയാണ് ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഐതിഹാസികവും സ്ഫോടനാത്മകവുമായ പരിവർത്തനങ്ങളുടെ ഒരു ചരിത്ര കാലഘട്ടത്തിൽ ജീവിച്ചിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പ, മൂലധനവും തൊഴിലും തമ്മിലും സാങ്കേതികവിദ്യകളും മനുഷ്യ ബുദ്ധിയും തമ്മിലും വ്യത്യസ്ത രാഷ്ട്രീയ സംസ്കാരങ്ങൾ തമ്മിലും രാഷ്ട്രങ്ങൾതമ്മിലും സാമൂഹിക സംവാദം പരിപോഷിപ്പിച്ചുകൊണ്ട് സമാധാനത്തിന് സംഭാവനയേകാൻ ശ്രമിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു.
വാസ്തവത്തിൽ, പ്രശ്നങ്ങളെക്കാളോ അവയ്ക്കുള്ള ഉത്തരങ്ങളെക്കാളോ പ്രധാനം, മൂല്യനിർണ്ണയ മാനദണ്ഡങ്ങളും ധാർമ്മിക തത്വങ്ങളും ഉപയോഗിച്ച്, ദൈവകൃപയോടുള്ള തുറന്ന മനസ്സോടെ, അവയെ എങ്ങനെ നേരിടുന്നു എന്നതാണ് എന്ന് തിരിച്ചറിയാൻ സഭയുടെ സാമൂഹിക പ്രബോധനം നമ്മെ പഠിപ്പിക്കുന്നു എന്നും പ്രശ്‌നങ്ങളെ നേരിടാൻ പഠിക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സഭയുടെ സാമൂഹിക പ്രബോധനം ഉൾപ്പെടെയുള്ള എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും നാം പഠിക്കേണ്ടത് കാര്യഗൗരവം, കൃത്യത, ശാന്തത എന്നിവയാണെന്നും പാപ്പാ പറഞ്ഞു.
ഇന്നത്തെ “ഡിജിറ്റൽ” വിപ്ലവത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ, വിമർശനാത്മകമായ അവബോധം സൃഷ്ടിക്കുകയും വളർത്തിയെടുക്കുകയും സഭാസമൂഹത്തിലേക്കുൾപ്പടെ കടന്നുകയറാവുന്ന വിപരീത പ്രലോഭനങ്ങളെ ചെറുക്കുകയും വേണമെന്ന് ഓർമ്മിപ്പിച്ചു.
ഇന്ന് നമുക്കു ചുറ്റും സംഭാഷണങ്ങൾ കുറവാണെന്നും, ആക്രോശിക്കുന്ന വാക്കുകളാണ് പ്രബലമെന്നും പലപ്പോഴും വ്യാജ വാർത്തകളും ചില ധാഷ്ട്യക്കാരുടെ യുക്തിരഹിത ആശയങ്ങളുമാണ് പ്രചരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു
രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നതുപോലെ, "കാലത്തിൻറെ അടയാളങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും സുവിശേഷത്തിൻറെ വെളിച്ചത്തിൽ അവയെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് സഭയുടെ സ്ഥായിയാണ് ധർമ്മമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: