MAP

ലിയൊ പതിനാലാമൻ പാപ്പാ , സ്ഥാനാരോഹണ ദിവ്യബലി വേളയിൽ 18/05/25 ലിയൊ പതിനാലാമൻ പാപ്പാ , സ്ഥാനാരോഹണ ദിവ്യബലി വേളയിൽ 18/05/25  (ANSA)

ഐക്യത്തിൻറെ പുളിമാവാകാം, പരസ്പരം സ്നേഹിക്കാം, പാപ്പാ!

ലിയൊ പതിനാലാമൻ പാപ്പാ മെയ് 18-ന് സ്ഥാനാരോഹണ ദിവ്യബലി അർപ്പിച്ചു. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു വേദി. വിവിധ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും അകത്തോലിക്കാസമൂഹങ്ങളുടെയും ഔദ്യോഗിക പ്രതിനിധിസംഘങ്ങളും വിശ്വാസികളും തീർത്ഥാടകരും സന്ദർശകരുമുൾപ്പടെ 2 ലക്ഷത്തോളം പേർ ഇതിൽ പങ്കുചേർന്നു. തദ്ദവസരത്തിൽ നടത്തിയ വിചിന്തനത്തിൽ പാപ്പാ ഐക്യത്തിൻറെയും സ്നേഹത്തിൻറെയും പ്രാധാന്യം എടുത്തുകാട്ടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏപ്രിൽ 21-ന് ഫ്രാൻസീസ് പാപ്പാ കാലം ചെയ്തതിനെ തുടർന്ന് വത്തിക്കാനിൽ സിസ്റ്റയിൻ കപ്പേളയിൽ ചേർന്ന കൊൺക്ലേവിൽ അതിൻറെ രണ്ടാം ദിവസം, മെയ് 8-ന് കർദ്ദിനാളന്മാർ പുതിയ പാപ്പായെ തിരഞ്ഞെടുത്തു. കത്തോലിക്ക സഭയിലെ ഇരുനൂറ്റിയറുപത്തിയേഴാമത്തെ പാപ്പായും പത്രോസിൻറെ ഇരുനൂറ്റിയറുപത്തിയാറാമത്തെ പിൻഗാമിയുമായി കർദ്ദിനാൾ സംഘം തിരഞ്ഞെടുത്തത് അമേരിക്കക്കാരനായ കർദ്ദിനാൾ റോബെർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റിനെയാണ്. ലിയൊ പതിനാലാമൻ എന്ന നാമം സ്വീകരിച്ച അദ്ദേഹം മെയ് പതിനെട്ടിന് സ്ഥാനാരോഹണ ദിവ്യബലി അർപ്പിക്കുകയും പാലീയവും “മുക്കുവൻറെ മോതിരം” എന്നറിയപ്പെടുന്ന മുദ്രമോതിരവും സ്വീകരിക്കുകയും ചെയ്തു. ദിവ്യബലി മദ്ധ്യേ പാപ്പാ സുവിശേഷസന്ദേശം നല്കി. മെത്രാൻ-വൈദിക സഹോദരങ്ങളെയും പൗരാധികാരികളെയും നയന്ത്രപ്രതിനിധികളെയും എല്ലാ സഹോദരീസഹോദരന്മാരെയും സംബോധന ചെയ്തുകൊണ്ട്  സുവിശേഷസന്ദേശം  ആരംഭിച്ച പാപ്പാ ഭ്രാതൃസമൂഹങ്ങളുടെ ജൂബിലിയാചരണത്തിനെത്തിയ തീർത്ഥാടകരെയും അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ ഇപ്രകാരം തുടർന്നു:

ദൈവത്തിനായുള്ള സൃഷ്ടികൾ നമ്മൾ

എനിക്ക് ഭരമേല്പിക്കപ്പെട്ട ശുശ്രൂഷയുടെ തുടക്കത്തിൽ, ഞാൻ കൃതജ്ഞതാഭരിത ഹൃദയത്തോടെ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. വിശുദ്ധ അഗസ്റ്റിൻ ഇങ്ങനെ കുറിച്ചു: “കർത്താവേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും” (Confessions, 1, 1.1).

ജീവിതയാത്രയിൽ പുനരുത്ഥാനത്തിൻറെ വെളിച്ചം

ഇക്കഴിഞ്ഞ ദിവസങ്ങൾ, സവിഷേഷമാംവിധം തീവ്രതരമായ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു സമയമായിരുന്നു. ഫ്രാൻസിസ് മാർപാപ്പായുടെ വേർപാട് നമ്മുടെ ഹൃദയങ്ങളെ ദുഃഖപൂരിതമാക്കി, പ്രയാസകരമായ ആ മണിക്കൂറുകളിൽ നമുക്കനുഭവപ്പെട്ടത്, “അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു” (മത്തായി 9:36) എന്ന് സുവിശേഷം പറയുന്ന ആ ഗണത്തെപ്പോലെയാണ്. എന്നാൽ, ഉയിർപ്പുതിരുന്നാൾ ദിനത്തിൽത്തന്നെ നമുക്ക് അദ്ദേഹത്തിൻറെ അന്തിമ ആശീർവ്വാദം  ലഭിച്ചു, കർത്താവ് സ്വന്തം ജനത്തെ ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നും ചിതറിപ്പോയവയെ ഒന്നിച്ചുകൂട്ടുകയും "ഒരു ഇടയൻ തൻറെ ആട്ടിൻകൂട്ടത്തെ കാക്കുന്നതുപോലെ അവരെ കാക്കുകയും ചെയ്യുന്നു" (ജെറമിയ 31:10) എന്നുമുള്ള ഉറപ്പോടെ നമ്മൾ ആ ഘട്ടത്തെ, പുനരുത്ഥാനത്തിൻറെ വെളിച്ചത്തിൽ,  അഭിമുഖീകരിച്ചു.

സഭയെ നയിക്കാൻ ഒരു ഇടയൻ

വിശ്വാസത്തിൻറെ ഈ ചൈതന്യത്തിൽ, കർദ്ദിനാൾസംഘം കോൺക്ലേവിനായി ഒത്തുകൂടി; വ്യത്യസ്ത ചരിത്രങ്ങളിൽ നിന്നും വിഭിന്നങ്ങളായ പാതകളിൽ നിന്നും വന്ന നമ്മൾ, പത്രോസിൻറെ പുതിയ പിൻഗാമിയെ, റോമിൻറെ മെത്രാനെ, ക്രിസ്തീയ വിശ്വാസത്തിൻറെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനും അതേസമയം, ഇന്നിൻറെ ചോദ്യങ്ങളെയും ആശങ്കകളെയും വെല്ലുവിളികളെയും നേരിടാനും ദീർഘവീക്ഷണത്തോടെ നോക്കാനും  കഴിവുള്ള ഒരു ഇടയനെ, തിരഞ്ഞെടുക്കാനുള്ള ആഗ്രഹം ദൈവകരങ്ങളിൽ സമർപ്പിച്ചു. നമ്മുടെ ഹൃദയതന്ത്രികളെ ദോലനം ചെയ്യിച്ചുകൊണ്ട് വ്യത്യസ്ത സംഗീതോപകരണങ്ങളെ ശ്രുതി ചേർക്കാൻ കഴിഞ്ഞ പരിശുദ്ധാത്മാവിൻറെ പ്രവർത്തനം നമ്മൾ, നിങ്ങളുടെ പ്രാർത്ഥനകളുടെ അകമ്പടിയോടെ,   അനുഭവിച്ചറിഞ്ഞു.

തൻറെ അയോഗ്യത ഏറ്റു പറയുന്ന പാപ്പാ

യാതൊരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്, നമ്മളെല്ലാവരും ഏക കുടുംബത്തിൽ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിൻറെ സ്നേഹത്തിൻറെ പാതയിൽ നിങ്ങളോടൊപ്പം ചരിച്ചുകൊണ്ട്, നിങ്ങളുടെ വിശ്വാസത്തിൻറെയും സന്തോഷത്തിൻറെയും ദാസനാകാൻ ആഗ്രഹിക്കുന്ന ഒരു സഹോദരനായി ഞാൻ, ഭയത്തോടും വിറയലോടും കൂടി, നിങ്ങളുടെ അടുക്കൽ വരുന്നു.  

പത്രോസിനടുത്ത ദൗത്യത്തിൻറെ മുഖമുദ്രകൾ, "മനുഷ്യനെ പിടിക്കുന്" ദൗത്യം തുടരുക

സ്നേഹവും ഐക്യവും: യേശു പത്രോസിനെ ഭരമേൽപ്പിച്ച ദൗത്യത്തിൻറെ രണ്ട് മാനങ്ങളാണിവ. നമ്മെ തിബേരിയാസ് തടാകത്തിനടുത്തേക്കു നയിക്കുന്ന സുവിശേഷ ഭാഗം ഇത് നമ്മോട് പറയുന്നുണ്ട്, പിതാവിൽ നിന്ന് സ്വീകരിച്ച ദൗത്യം യേശു ആരംഭിച്ച അതേ സ്ഥലമാണിത്: തിന്മയുടെയും മരണത്തിൻറെയുമായ ജലത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കുന്നതിന് അതിനെ "പിടിക്കുക" എന്ന ദൗത്യം. ആ തടാകക്കരയിലൂടെ കടന്നുപോകവെ, അവൻ പത്രോസിനെയും ഇതര ആദ്യ ശിഷ്യന്മാരെയും തന്നെപ്പോലെ "മനുഷ്യരെ പിടിക്കുന്നവർ" ആകാൻ വിളിച്ചു; ഇപ്പോൾ, പുനരുത്ഥാനാനന്തരം, ഈ ദൗത്യം തുടരുക, സുവിശേഷത്തിൻറെ പ്രത്യാശ കൊണ്ടുവരുന്നതിന് ലോകത്തിൻറെ ജലത്തിലേക്ക് എന്നും നവമായും വലയെറിയുക, എല്ലാവർക്കും ദൈവത്തിൻറെ ആലിംഗനത്തിൽ ആയിരിക്കാൻ സാധിക്കേണ്ടതിന് ജീവൻറെ കടലിൽ സഞ്ചരിക്കുക എന്നിവ അവരുടെ കടമയാണ്.

സ്നേഹം അനിവാര്യ വ്യവസ്ഥ

പത്രോസിന് എങ്ങനെ ഈ ദൗത്യം നിർവ്വഹിക്കാൻ കഴിയും? പരാജയത്തിൻറെയും നിരാകരണത്തിൻറെയും വേളയിൽ പോലും, സ്വന്തം ജീവിതത്തിൽ ദൈവത്തിൻറെ അനന്തവും നിരുപാധികവുമായ സ്നേഹം അനുഭവിച്ചറിഞ്ഞതുകൊണ്ടുമാത്രം ഇത് സാധ്യമാണെന്ന് സുവിശേഷം നമ്മോട് പറയുന്നു. അതുകൊണ്ടാണ് യേശു പത്രോസിനെ സംബോധന ചെയ്യുമ്പോൾ സുവിശേഷം ഗ്രീക്ക് ക്രിയയായ “അഗാപാവോ” ഉപയോഗിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, കണക്കുകൂട്ടലുകളും കരുതിവയ്ക്കലുകളും ഇല്ലാതെ തന്നെത്തന്നെ സമർപ്പിക്കുന്ന ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെയാണ്. നാം പരസ്പരം കൈമാറുന്ന സൗഹൃദത്തിലടങ്ങിയ സ്നേഹത്തെ അവതരിപ്പിക്കുന്നതായ, പത്രോസിൻറെ പ്രതികരണത്തിൽ ഉപയോഗിച്ചതിൽ നിന്ന് വിഭിന്നമാണിത്.

"യോഹന്നാൻറെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?" (യോഹന്നാൻ 21:16),  എന്ന് യേശു പത്രോസിനോട് ചോദിക്കുമ്പോൾ അതു സൂചിപ്പിക്കുന്നത് പിതാവിൻറെ സ്നേഹത്തെയാണ്. ഒരിക്കലും നിലയ്ക്കാത്ത ഈ ദൈവസ്നേഹം നീ അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ എൻറെ കുഞ്ഞാടുകളെ പോറ്റാൻ നിനക്ക് കഴിയൂ എന്ന് യേശു അവനോട് പറയുന്നതുപോലെയാണ് ഇത്. പിതാവായ ദൈവത്തിൻറെ സ്നേഹത്തിൽ മാത്രമേ നിനക്ക് നിൻറെ സഹോദരങ്ങളെ അൽപം "കൂടുതൽ" അതായത്, നിങ്ങളുടെ സഹോദരങ്ങൾക്കു വേണ്ടി ജീവൻ അർപ്പിച്ചുകൊണ്ട്, സ്നേഹിക്കാൻ കഴിയൂ.

ഉപവിക്ക് നേതൃത്വമേകുന്ന റോമിലെ സഭ

അതുകൊണ്ട്, "കൂടുതൽ സ്നേഹിക്കുക"യും അജഗണത്തിനുവേണ്ടി സ്വന്തം ജീവൻ നൽകുകയും ചെയ്യുക എന്ന ദൗത്യം പത്രോസിന് ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.  റോമിലെ സഭ ഉപവിയ്ക്ക് നേതൃത്വമേകുന്നതിനാലും അവളുടെ യഥാർത്ഥ അധികാരം ക്രിസ്തുവിൻറെ ഉപവി ആയതിനാലും പത്രോസിൻറെ ശുശ്രൂഷ ഈ ആത്മസമർപ്പണപരമായ സ്നേഹത്താൽ കൃത്യമായി മുദ്രിതമായിരിക്കുന്നു. അടിച്ചമർത്തലിലൂടെയോ, മതപ്രചാരണത്തിലൂടെയോ, അധികാര മാർഗ്ഗങ്ങളിലൂടെയോ മറ്റുള്ളവരെ പിടികൂടുകൂടുകയല്ല ഇത്, മറിച്ച് യേശു ചെയ്തതുപോലെ  എപ്പോഴും സ്നേഹിക്കുകമാത്രം ചെയ്യുകയാണ്.

സ്നേഹത്തിലും ഐക്യത്തിലും കഴിയുന്നവർ ചേർന്ന സഭ

"പണിക്കാരായ നിങ്ങൾ വലിച്ചെറിഞ്ഞ കല്ലാണ് അവൻ, അവൻ മൂലക്കല്ലായി മാറിയിരിക്കുന്നു" (അപ്പൊസ്തോലപ്രവർത്തനങ്ങൾ 4:11) എന്ന് അപ്പോസ്തലനായ പത്രോസ് തന്നെ പറയുന്നു. കല്ല് ക്രിസ്തുവാണെങ്കിൽ, പത്രോസ് ആട്ടിൻകൂട്ടത്തെ മേയിക്കേണ്ടത്, തനിക്കു ഭരമേല്പിക്കപ്പെട്ട ആളുകളുടെ യജമാനായി ഏകാധിപതിയോ തലവനോ  ആകാനുള്ള പ്രലോഭനത്തിൽ ഒരിക്കലും വീഴാതെയാണ് (1 പത്രോസ് 5:3 കാണുക); നേരെമറിച്ച്, അവൻ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത് സഹോദരങ്ങളുടെ വിശ്വാസത്തെ അവരോടൊപ്പം നടന്നുകൊണ്ട് സേവിക്കാനാണ്: വാസ്തവത്തിൽ, നാമെല്ലാവരും "സജീവ ശിലകൾ" ആയി രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു (1 പത്രോസ് 2:5), നമ്മുടെ സ്നാനത്തോടെ സാഹോദര്യ കൂട്ടായ്മയിൽ, ആത്മാവിൻറെ ഐക്യത്തിൽ, വൈവിധ്യത്തിൻറെ സഹവർത്തിത്വത്തിൽ ദൈവത്തിൻറെ ആലയം പണിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ: "സഹോദരങ്ങളുമായി ഐക്യത്തിലായിരിക്കുന്നവരും അയൽക്കാരനെ സ്നേഹിക്കുന്നവരുമായ എല്ലാവരും അടങ്ങിയതാണ് സഭ" (പ്രഭാഷണം 359, 9).

സഹോദരീ സഹോദരന്മാരേ, നമ്മുടെ  ആദ്യത്തെ വലിയ ആഗ്രഹം ഇതായിരുന്നെങ്കിലെന്ന് ഞാൻ അഭിലഷിക്കുന്നു: ഐക്യത്തിൻറെയും കൂട്ടായ്മയുടെയും അടയാളമായ, ഐക്യപ്പെട്ട, അനുരഞ്ജിത ലോകത്തിന് പുളിമാവായി മാറുന്ന, ഒരു സഭ.

കൂട്ടായ്മയുടെയും സാഹോദര്യത്തിൻറെയും പുളിമാവാകുക

നമ്മുടെ കാലഘട്ടത്തിലും, നമുക്ക് ഇപ്പോഴും വളരെയധികം ഭിന്നിപ്പുകളും വിദ്വേഷം, അക്രമം, മുൻവിധി, വ്യത്യസ്തമായതിനോടുള്ള ഭയം എന്നിവ മൂലമുണ്ടാകുന്ന നിരവധി മുറിവുകളും ഭൂവിഭവങ്ങൾ ചൂഷണം ചെയ്യുകയും ദരിദ്രരെ പ്രാന്തവൽക്കരിക്കുകയും ചെയ്യുന്ന സാമ്പത്തിക മാതൃകയും കാണാൻ കഴിയും. ഇവിടെ, ഐക്യത്തിൻറെയും കൂട്ടായ്മയുടെയും സാഹോദര്യത്തിൻറെയും ഒരു ചെറു പുളിമാവായിരിക്കാൻ നാം ആഗ്രഹിക്കുന്നു. ക്രിസ്തുവിനെ നോക്കൂ എന്ന് എളിമയോടെയും സന്തോഷത്തോടെയും ലോകത്തോട് പറയാൻ നാം ആഗ്രഹിക്കുന്നു! അവനോട് അടുക്കുക! പ്രകാശിപ്പിക്കുകയും സാന്ത്വനമേകുകയും ചെയ്യുന്ന അവൻറെ വചനം സ്വീകരിക്കുക! അവൻറെ ഏക കുടുംബമാകാനുള്ള അവൻറെ സ്നേഹാഭ്യർത്ഥന ശ്രവിക്കുക: ഏക ക്രിസ്തുവിൽ നാം ഒന്നാണ്. സമാധാനം വാഴുന്ന ഒരു പുതിയ ലോകം കെട്ടിപ്പടുക്കുന്നതിനു വേണ്ടി, നമുക്കിടയിലും, സഹോദര ക്രൈസ്തവ സഭകളുമായും, മറ്റ് മതസരണികൾ പിന്തുടരുന്നവരുമായും, ദൈവാന്വേഷകരുമായും, സന്മനസ്സുള്ള സകല സ്ത്രീപുരുഷന്മാരുമായും നാം ഒരുമിച്ച് ചരിക്കേണ്ട പാതയാണിത്.

ഐക്യത്തിൻറെ സരണിയിൽ ചരിക്കേണ്ടവർ നമ്മൾ

നമ്മുടെ ചെറു ഗണത്തിൽ ഒതുങ്ങിനിൽക്കാതെയും നാം ലോകത്തിൽ ഉന്നതരാണെന്ന് ചിന്തിക്കാതെയും നമ്മെ നയിക്കേണ്ടത് ഈ പ്രേഷിത ചൈതന്യമാണ്; വിത്യാസങ്ങളെ ഇല്ലാതാക്കാതെ, ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ചരിത്രത്തെയും ഓരോ ജനതയുടെയും സാമൂഹികവും മതപരവുമായ സംസ്കാരത്തെയും വിലമതിക്കുന്ന ഐക്യം സാക്ഷാത്കരിക്കുന്നതിനായി എല്ലാവർക്കും ദൈവസ്നേഹം പകരാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.

ഒരുമിച്ചു നീങ്ങാം, അന്യോന്യം സ്നേഹിക്കാം

സഹോദരീ സഹോദരന്മാരേ, ഇത് സ്നേഹത്തിൻറെ സമയമാണ്! നമ്മെ സഹോദരങ്ങളാക്കുന്ന ദൈവത്തിൻറെ സ്നേഹമാണ് സുവിശേഷത്തിൻറെ ഹൃദയം. എൻറെ മുൻഗാമിയായ ലിയോ പതിമൂന്നാമനോട് ചേർന്ന് ഇന്ന് നമുക്ക് സ്വയം ചോദിക്കാം: ഈ മാനദണ്ഡം "ലോകത്തിൽ പ്രബലമാകുമായിരുന്നെങ്കിൽ, എല്ലാ ഭിന്നതകളും ഉടനടി അവസാനിക്കുകയും സമാധാനം തിരിച്ചുവരികയും ചെയ്യുമായിരുന്നില്ലേ?" (ചാക്രികലേഖനം റേരും നൊവാരും, 21). ദൈവസ്നേഹത്തിലും ഐക്യത്തിൻറെ അടയാളത്തിലും അധിഷ്ഠിതമായ ഒരു സഭയെ, ലോകത്തിന് മുന്നിൽ കരങ്ങൾ തുറന്നുപിടിക്കുന്ന, വചനം പ്രഘോഷിക്കുന്ന, ചരിത്രത്താൽ ചലനാത്മകമാകൻ സ്വയം അനുവദിക്കുന്ന, മനുഷ്യരാശിക്ക് ഐക്യത്തിൻറെ പുളിമാവായി മാറുന്ന ഒരു പ്രേഷിത സഭയെ നമുക്ക് പരിശുദ്ധാത്മാവിൻറെ പ്രകാശത്താലും ശക്തിയാലും കെട്ടിപ്പടുക്കാം. ഒത്തൊരുമിച്ച്, ഒരു ജനതയായി, എല്ലാവരും സഹോദരങ്ങളെ പോലെ, നമുക്ക് ദൈവത്തിലേക്ക് നടന്നു നീങ്ങാം, പരസ്പരം സ്നേഹിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മേയ് 2025, 22:50