പുതിയ പാപ്പായുടെ സ്ഥാനാരോഹണ ദിവ്യബലി മെയ് പതിനെട്ടിന്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പായുടെ സഭാഭരണത്തിൻറെ ഔപചാരിക ആരംഭംകുറിക്കുന്ന ദിവ്യബലി മെയ് 18-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കപ്പെടും.
പൊന്തിഫിക്കൽ ഭവന കാര്യാലയം മെയ് ഒമ്പതിന് (09/05/25) വെള്ളിയാഴ്ചയാണ് ഇതു വെളിപ്പെടുത്തിയത്.
പതിനെട്ടാം തീയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക്, അതായത്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും ലിയൊ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികനാകുന്ന ഈ സ്ഥാനാരോഹണ ദിവ്യബലി.
മെയ് ഏഴാംതീയിതി ആരംഭിച്ച “കൊൺക്ലേവിൻറെ” രണ്ടാം ദിനത്തിൽ, അതായത്, മെയ് എട്ടാം തീയതി (08/05/25) ആണ് ലിയൊ പതിനാലാമൻ എന്ന പേരു സ്വീകരിച്ചിരിക്കുന്ന കർദ്ദിനാൾ റോബെർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ് (Robert Francis Prevost) പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ലിയൊ പതിനാലാമൻ ഇരൂനൂറ്റിയറുപത്തിയേഴാമത്തെ പാപ്പായും പത്രോസിൻറെ ഇരുനൂറ്റിയറുപത്തിയാറാമത്തെ പിൻഗാമിയുമാണ്.
തന്നെ പത്രോസിൻറെ പിൻഗാമിയായി തിരഞ്ഞെടുത്ത കർദ്ദിനാളന്മാരുമൊത്ത് പുതിയ പാപ്പാ “കൊൺക്ലേവ്” നടന്ന സിസ്റ്റയിൻ കപ്പേളയിൽ, വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തൻറെ സഭാഭരണാരംഭ ദിവ്യബലി മെയ് പതിനെട്ടിനാണെങ്കിലും ലിയൊ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചകളുൾപ്പടെയുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു.
പാപ്പായുടെ പരിപാടികളുടെ പട്ടിക പൊന്തിഫിക്കൽ ഭവന കാര്യാലയം (Prefecture of the Papal Household) വെള്ളിയാഴ്ച പരസ്യപ്പെടുത്തി. മെയ് 10-25 വരെയുള്ള പരിപാടികളുടെ പട്ടികയാണ് പരസ്യപ്പെടുത്തപ്പെട്ടിരിക്കുന്നത്.
മെയ് 10-ന് ലിയോ പതിനാലാമൻ പാപ്പാ കർദ്ദിനാളന്മാരുമായി കൂടിക്കാഴ്ച നടത്തും. പന്ത്രണ്ടാം തീയതി ഞായറാഴ്ച പുതിയ പാപ്പാ ആദ്യമായി മദ്ധ്യാഹ്ന പ്രാർത്ഥന വത്തിക്കാനിൽ നയിക്കും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ, ആശീർവ്വാദത്തിൻറെ മട്ടുപ്പാവ് എന്നറിയപ്പെടുന്ന, മദ്ധ്യ മട്ടുപ്പാവിൽ (ബാൽക്കണി) നിന്നായിരിക്കും പാപ്പാ “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്നു തുടങ്ങുന്ന ഉയിർപ്പുകാല ത്രികാലജപം ചൊല്ലുക. പന്ത്രണ്ടാം തീയതി തിങ്കളാഴ്ച പാപ്പാ ലോക മാദ്ധ്യമപ്രവർത്തകരുമായും 16-ന് വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21-ന് പൊതുകൂടിക്കാഴ്ച അനുവദിക്കും. 24-ന് പാപ്പാ റോമൻ കൂരിയാംഗങ്ങളും വത്തിക്കാൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ തിരഞ്ഞെടുപ്പിനു ശേഷം പാപ്പാ റോമിലെ പേപ്പൽ ബസിലിക്കകളുടെ അധികാരമേല്ക്കുന്ന പ്രതീകാത്മക ചങ്ങുകൾ മെയ് 20 (റോമിൻറെ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്ക), 25 (വിശുദ്ധ ജോൺ ലാറ്ററൻ, വിശുദ്ധ മേരി മേജർ) എന്നീ തീയതികളിൽ നടക്കും,
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: