ലോകത്തിൽ പ്രത്യാശയുടെ അടയാളമായിരിക്കാൻ വിളിക്കപ്പെട്ടവരാണെന്ന അവബോധം പുലർത്തുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇന്നത്തെ ലോകത്തിൽ പ്രത്യശായുടെ അടയാളമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന അവബോധം മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും പുലർത്തേണ്ടത് സുപ്രധാനമാണെന്ന് മാർപ്പാപ്പാ.
ആഫ്രിക്കയിൽ സമാധാനം പുലരുന്നതിനുവേണ്ടിയുള്ള ജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ച് മെയ് 26-ന് തിങ്കളാഴ്ച (26/05/25) വൈകുന്നേരം ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ പീറ്റർ കൊദ്വൊ അപ്പിയ ടർക്സൺ മുഖ്യകാർമ്മികനായി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം ഈ ജൂബിലി തീർത്ഥാടനത്തിൽ പങ്കുചേർന്നുകൊണ്ട് ലിയൊ പതിനാലാമൻ പാപ്പാ അവരെ അഭിവാദ്യം ചെയ്യവെയാണ് ഇത് ഓർമ്മപ്പെടുത്തിയത്.
പ്രത്യാശയുള്ളവരായിരിക്കാനും പ്രത്യാശയുടെ അടയാളമായിരിക്കാനും ഈ വിശുദ്ധ വത്സരം നമുക്ക് പ്രചോദനമേകുകയും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇതിനു നമുക്ക് ശക്തിയേകുന്നതും നമ്മുടെ ജീവിതത്തിൽ ക്രിസ്തുവെളിച്ചം കാണാൻ നമ്മെ പ്രാപ്തരാക്കുന്നതും നമ്മുടെ വിശ്വാസം ജീവിക്കുകയെന്നത് എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നതും വിശ്വാസമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
നമ്മുടെ കർത്താവിനെ സ്തുതിക്കുന്നതിന് ഞായറാഴ്ചകളിലോ, തീർത്ഥാടനവേളയിലോ മാത്രമല്ല എല്ലാദിവസവും നാം സഹോദരീസഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ചരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: