MAP

"ജീവന്റെ ആഘോഷം" എന്ന "വീത്തെ ഫെസ്റ്റ്" ആഘോഷസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ "ജീവന്റെ ആഘോഷം" എന്ന "വീത്തെ ഫെസ്റ്റ്" ആഘോഷസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ 

സജീവരായി ലോകനന്മയ്ക്കായി പ്രവർത്തിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

സഭയിലും സമൂഹത്തിലും സജീവരായിരിക്കാനും ലോകത്തെ മെച്ചപ്പെടുത്താനും യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം. മെക്സിക്കോ സിറ്റിയിൽ ഒരു ലക്ഷത്തിലധികം യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ഞായറാഴ്ച നടന്ന "വീത്തെ ഫെസ്റ്റ്" എന്ന ആഘോഷസമ്മേളനത്തിലാണ് ഈയവസരത്തിലേക്കായി 2024-ൽ റെക്കോർഡ് ചെയ്യപ്പെട്ട പാപ്പായുടെ സന്ദേശം പ്രദർശിപ്പിക്കപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കാനും ലോക ജനതകൾക്കിടയിൽ അനുരഞ്ജനം വളർത്താനുമുള്ള ലക്ഷ്യത്തോടെ മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിലുള്ള സോക്കലോയിൽ ഒത്തുചേർന്ന ഒരു ലക്ഷത്തിലധികം യുവജനങ്ങൾക്ക് മുന്നിൽ സഭയിലും സമൂഹത്തിലും സജീവരായിരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം. മെയ് 4 ഞായറാഴ്ച നടന്ന "ജീവന്റെ ആഘോഷം" എന്ന "വീത്തെ ഫെസ്റ്റ്" ആഘോഷസമ്മേളനത്തിലേക്കായി 2025-ലെ ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, 2024 പകുതിയിൽ റെക്കോർഡ് ചെയ്‌ത പാപ്പായുടെ സന്ദേശമാണ് യുവജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.

നിശബ്ദരായിരിക്കാനല്ല നിങ്ങൾ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും, മറിച്ച് സന്തോഷത്തോടെ ബഹളമുണ്ടാക്കാനും, സജീവരായിരിക്കാനും, ഒപ്പം നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാനും മറ്റുള്ളവർക്കായി സന്ദേശങ്ങൾ കൈമാറാനുമാണ് നിങ്ങൾ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ യുവജനങ്ങളെ ഓർമ്മിപ്പിച്ചിരുന്നു. ഇങ്ങനെ സജീവരായിരിക്കാനും പ്രവർത്തിക്കുവാനുമുള്ള യുവജനങ്ങളുടെ ആഗ്രഹത്തിനും തീരുമാനത്തിനും തന്റെ സന്ദേശത്തിൽ നന്ദി പ്രകടിപ്പിച്ച പാപ്പാ, ലോകത്ത് മോശമായ പല കാര്യങ്ങളുണ്ടെന്നും, അവയെല്ലാം ശരിയാക്കേണ്ടതുണ്ടെന്നും യുവജനങ്ങളെ ഓർമ്മിപ്പിച്ചു. എന്നാൽ അതേസമയം ലോകത്ത് ഭംഗിയേറിയ പലതുമുണ്ടെന്നും, അതിൽ മെച്ചപ്പെട്ട കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും ഇവിടെ ഒരുമിച്ച് കൂടുകയും ചെയ്ത നിങ്ങളുമുണ്ടെന്നും പാപ്പാ പറഞ്ഞു.

കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലി ആഘോഷിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ യുവജനങ്ങൾ ഒരു വെള്ള തൂവാല ധരിച്ചിരുന്നതിനെ തന്റെ വീഡിയോയിൽ പരാമർശിച്ച പാപ്പാ, ആ ഒരു വെള്ളത്തൂവാല നമ്മെപ്പോലെയുള്ള പാപികളുടെ പ്രത്യാശയാണെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ചു. യുവത്വത്തിന്റെ ജീവാത്മകതയുടെയും, കൂടുതൽ സാഹോദര്യവും സഹവർത്തിത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കാനായി സംവാദങ്ങളിലേർപ്പെടാനുള്ള കഴിവ് വളർത്തിയെടുക്കുന്നതിനുള്ള ആഗ്രഹത്തിന്റെയും കൂടി പ്രതീകമാണ് ഈ തൂവാല. യുവജനങ്ങൾക്ക് തന്റെ ആശീർവാദമേകുകയും അവരെ ഗ്വാദലൂപ്പ മാതാവിന് സമർപ്പിക്കുകയും ചെയ്‌ത പാപ്പാ, വീഡിയോയിൽ തനിക്കുവേണ്ടി പ്രാർത്ഥനകളും അഭ്യർത്ഥിച്ചിരുന്നു.

ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിലുള്ള ഏറെ പ്രതീകാത്മകമായ ഒരു ചത്വരമാണ് സോക്കലോ. വീത്തെ ഗ്ലോബൽ ഫൗണ്ടേഷനാണ് യുവജനങ്ങളുടെ ഈ സമ്മേളനം സംഘടിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മേയ് 2025, 19:41