MAP

നൊവെന്തിയാലി- സമാപനദിനത്തിലെ ദിവ്യപൂജാർപ്പണം നൊവെന്തിയാലി- സമാപനദിനത്തിലെ ദിവ്യപൂജാർപ്പണം  (@VATICAN MEDIA )

അവസാനം വരെ തൻറെ ദൗത്യത്തോടു വിശ്വസ്തനായിരുന്ന പാപ്പാ ഫ്രാൻസീസ്!

ഫ്രാൻസിസ് മാർപാപ്പയുടെ ആത്മാശാന്തിക്കായുള്ള അവസാനത്തെ നവനാൾദിവ്യപൂജ മെയ് 4-ന് ഞായാറാഴ്ച വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെട്ടു. കർദ്ദിനാൾ സംഘം സംബന്ധിച്ച ഈ ദിവ്യബലിയിൽ മുഖ്യകാർമ്മികൻ കർദ്ദിനാൾസംഘത്തിൻറെ പ്രോട്ടൊ ഡീക്കൻ കർദ്ദിനാൾ ദൊമീനിക് മമ്പേർത്തി ആയിരുന്നു. അദ്ദേഹം പങ്കുവച്ച സുവിശേഷ ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ മൃതസംസ്കാര ദിവ്യബലി മുതൽ, അതായത്, ഏപ്രിൽ 26 ശനിയാഴ്ച മുതൽ തുടർച്ചയായി 9 ദിവസം പാപ്പായുടെ ആത്മശാന്തിക്കായി വിശുദ്ധകുർബ്ബാന അർപ്പിക്കപ്പെട്ടു. “നൊവെന്തിയാലി” എന്നറിയപ്പെടുന്ന ഈ നവനാൾ ദിവ്യപൂജയിൽ അവസാനത്തേത് മെയ് 4-ന് ഞായറാഴ്ച ആയിരുന്നു. “നൊവെന്തിയാലി” ദിവ്യപൂജയിൽ എല്ലാവർക്കും പങ്കെടുക്കാമെങ്കിലും, പാപ്പായുമായുള്ള ബന്ധം കണക്കിലെടുത്ത് ഒരോ ദിവസവും വിത്യസ്ത വിഭാഗത്തിൻറെ പങ്കാളിത്തം ആണ് ഉണ്ടായിരുന്നത്. മെയ് 4-ന് ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെട്ട അവസാന ദിനത്തിലെ വിശുദ്ധകുർബ്ബാനയിൽ  പങ്കെടുത്തത് കർദ്ദിനാൾസംഘം ആയിരുന്നു. കർദ്ദിനാൾസംഘത്തിൻറെ പ്രോട്ടൊ ഡീക്കൻ കർദ്ദിനാൾ ദൊമീനിക് മമ്പേർത്തി ആയിരുന്നു മുഖ്യകാർമ്മികൻ. ദിവ്യബലിയിലെ വിശുദ്ധഗ്രന്ഥ വായനകൾക്കുശേഷം അദ്ദേഹം സുവിശേഷ ചിന്തകൾ പങ്കുവച്ചു. ഉത്ഥിതൻ തിബേരിയാസ് കടൽതീരത്തുവച്ച് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും തൻറെ കുഞ്ഞാടുകളെ മേയിക്കുകയെന്ന ദൗത്യം ഉത്ഥിതൻ പത്രോസിനെ ഭരമേല്പിക്കുന്നതുമായ സുവിശേഷഭാഗം, യോഹന്നാൻറെ സുവിശേഷം 21,1-19 വരെയുള്ള വാക്യങ്ങൾ ആയിരുന്നു ഈ വിചിന്തനത്തിന് ആധാരം.

ഉത്ഥിതനും ശിഷ്യരുമായുമുള്ള കൂടിക്കാഴ്ച

പ്രിയ സഹോദരീസഹോദരന്മാരേ,

ഫ്രാൻസിസ് മാർപാപ്പയുടെ ആത്മാശാന്തിക്കായുള്ള ഈ അവസാനത്തെ നവനാൾദിവ്യപൂജയിലെ, അഥവാ, “നൊവെന്തിയാലി”യിലെ  വചനശുശ്രൂഷ, ഉയിർപ്പുകാലത്തിലെ മൂന്നാം ഞായറാഴ്ചയിലെതാണ്. ഇപ്പോൾ പ്രഘോഷിക്കപ്പെട്ട യോഹന്നാൻറെ സുവിശേഷത്തിൽനിന്നുള്ള ഭാഗം, ഉത്ഥിതനായ യേശു തിബേരിയാസ് കടൽത്തീരത്തു വച്ച്  അപ്പോസ്തലന്മാരുമായും ശിഷ്യന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതാണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. കർത്താവ് പത്രോസിനെ  ദൗത്യം ഏൽപ്പിക്കുകയും "എന്നെ അനുഗമിക്കുക!" എന്ന് കല്പിക്കുകയും ചെയ്യുന്നതോടുകൂടിയാണ് ഈ കൂടിക്കാഴ്ച അവസാനിക്കുന്നത്.

യേശു ശിമയോനെയും, യാക്കോബിനെയും, യോഹന്നാനെയും വിളിക്കുകയും മനുഷ്യരെ പിടിക്കുന്നവനാകുമെന്ന് ശിമയോനോട് പ്രഖ്യാപിക്കുകയും ചെയ്ത വേളയിലെ, ലൂക്കാ വിവരിച്ച ആദ്യത്തെ അത്ഭുതകരമായ മീൻപിടിത്തത്തെയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. ആ നിമിഷം മുതൽ, പത്രോസ് അവനെ പിന്തുടർന്നു, ചിലപ്പോൾ  അഗ്രാഹ്യതയും വിശ്വാസവഞ്ചന പോലും ഉണ്ടായി, എന്നാൽ ഇന്നത്തെ കൂടിക്കാഴ്ചയിൽ, പിതാവിൻറെ പക്കലേക്കുള്ള ക്രിസ്തുവിൻറെ മടക്കയാത്രയ്ക്കു മുമ്പുള്ള അവസാനത്തെ കൂടിക്കാഴ്ചയിൽ, പത്രോസിന് ക്രിസ്തുവിൽ നിന്നു അവൻറെ ആടുകളെ മേയിക്കാനുള്ള ദൗത്യം ലഭിക്കുന്നു.

സ്നേഹം എന്ന വാക്ക്

ഈ സുവിശേഷത്താളിലെ താക്കോൽപദം സ്നേഹമാണ്. യേശുവിനെ ആദ്യം തിരിച്ചറിയുന്നത് "യേശു സ്നേഹിച്ച ശിഷ്യനാണ്", യോഹന്നാൻ, "അത് കർത്താവാണ്!" എന്ന് അവൻ വിളിച്ചു പറയുന്നു, പത്രോസ് ഉടൻ തന്നെ ഗുരുവിൻറെ അടുത്തെത്തുന്നതിനായി കടലിലേക്ക് ചാടുന്നു. അപ്പോസ്തലന്മാരുടെ ഹൃദയങ്ങളിൽ അന്ത്യ അത്താഴത്തിൻറെ ഓർമ്മകൾ ജ്വലിപ്പിച്ച ഭക്ഷണം അവർ പങ്കിട്ടതിനുശേഷം, യേശുവും പത്രോസും തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നു, കർത്താവിൻറെ മൂന്ന് ചോദ്യങ്ങളും പത്രോസിൻറെ മൂന്ന് പ്രത്യുത്തരങ്ങളും.

ആദ്യത്തെ രണ്ടു പ്രാവശ്യം യേശു സ്നേഹിക്കുക എന്ന ക്രിയാപദം ഉപയോഗിക്കുന്നു, അത് ശക്തമായ ഒരു വാക്കാണ്, അതേസമയം വഞ്ചനയെക്കുറിച്ച് ബോധവാനായ പത്രോസ്  "സ്നേഹിക്കുക" എന്നതിന് പ്രതിബദ്ധത കുറവുള്ളതായ ഒരു പദപ്രയോഗത്തിലൂടെ പ്രതികരിക്കുന്നു, മൂന്നാമത്തെ പ്രാവശ്യം യേശു തന്നെ അപ്പോസ്തലൻറെ ബലഹീനതയുമായി പൊരുത്തപ്പെട്ടു കൊണ്ട് പത്രോസിൻറെ തന്നെ പദപ്രയോഗം ഉപയോഗിക്കുന്നു. ഈ സംഭാഷണത്തെ വ്യാഖ്യാനിക്കവേ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഇങ്ങനെ കുറിച്ചു. "തൻറെ ദരിദ്രമായ സ്നേഹം യേശുവിന് മതിയാകുമായിരുന്നുവെന്ന് ശിമയോൻ മനസ്സിലാക്കുന്നു, തനിക്ക് സാദ്ധ്യമായ ഒരേയൊരു സ്നേഹം. (...) അവിശ്വസ്തതയുടെ വേദന അറിഞ്ഞ ശിഷ്യന് പ്രത്യാശ പ്രദാനം ചെയ്യുന്നത് തീർച്ചയായും ഈ ദൈവിക പൊരുത്തപ്പെടുത്തലാണ്. (...) അന്നുമുതൽ, സ്വന്തം ദുർബ്ബലതയെക്കുറിച്ചുള്ള കൃത്യമായ അവബോധത്തോടെ പത്രോസ് ഗുരുവിനെ "പിന്തുടരാൻ" തുടങ്ങി; എന്നാൽ ഈ അവബോധം അവനെ നിരുത്സാഹപ്പെടുത്തിയില്ല. വാസ്തവത്തിൽ, തൻറെ ചാരത്തുള്ള ഉത്ഥിതൻറെ സാന്നിധ്യത്തിൽ തനിക്ക് ആശ്രയിക്കാമെന്ന് അവനറിയാമായിരുന്നു (...) അങ്ങനെ അവൻ നമുക്ക് വഴി കാണിച്ചുതരുന്നു".

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ

തൻറെ സഭാഭരണത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇങ്ങനെ പറഞ്ഞു: “പ്രിയ സഹോദരീ സഹോദരന്മാരേ, കാൽ നൂറ്റാണ്ടായി തുടരുന്ന ഒരു അനുഭവം ഇന്ന് നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യേശുവും പത്രോസും തമ്മിലുള്ള അതേ സംഭാഷണം എല്ലാ ദിവസവും എൻറെ ഹൃത്തിനുള്ളിൽ നടക്കുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻറെ കരുണാർദ്ര നോട്ടം ഞാൻ എൻറെ ആത്മാവിൽ  ഉറപ്പിക്കുന്നു. എൻറെ മാനുഷിക ബലഹീനതയെക്കുറിച്ച് അറിയുന്ന അവിടന്ന്, പത്രോസിനെപ്പോലെ വിശ്വാസത്തോടെ പ്രതികരിക്കാൻ  എന്നെ പ്രോത്സാഹിപ്പിക്കുന്നു: ‘കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നു” (യോഹന്നാൻ 21:17). എന്നിട്ട് അവൻ തന്നെ എന്നെ ഏൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാൻ അവൻ എന്നെ ക്ഷണിക്കുന്നു”.

ഈ ദൗത്യം - ഈ ഉത്തരവാദിത്വങ്ങൾ - സ്നേഹം തന്നെയാണ്, അത് സഭയ്ക്കും മുഴുവൻ മാനവരാശിക്കും വേണ്ടിയുള്ള ഒരു സേവനമാണ്. പെന്തക്കോസ്താ വേളയിൽ ലഭിച്ച ആത്മാവിൻറെ ശക്തിയോടെ പത്രോസും അപ്പോസ്തലന്മാരും അത് ഉടനടി ഏറ്റെടുത്തു. ഒന്നാം വായനയിൽ നാം ശ്രവിച്ചതുപോലെ: "മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ കുരിശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. ദൈവം അവനെ നാഥനും രക്ഷകനുമായി തൻറെ വലതുഭാഗത്തേക്ക് ഉയർത്തി." (അപ്പസ്തോലപ്രവർത്തനങ്ങൾ 5,29-32 കാണുക)

കർത്താവിൻറെ സ്നേഹത്താൽ പ്രചോദിതനായ ഫ്രാൻസീസ് പാപ്പാ

കർത്താവിൻറെ സ്നേഹത്താൽ പ്രചോദിതനാകുകയും അവിടത്തെ കൃപയാൽ നയിക്കപ്പെടുകയും ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തൻറെ ശക്തിയുടെ അങ്ങേയറ്റം വരെ തൻറെ ദൗത്യത്തോട് എത്രമാത്രം വിശ്വസ്തത പുലർത്തിയെന്നത് നാമെല്ലാവരും ആദരവോടെ കണ്ടു. മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണമെന്ന് അദ്ദേഹം ശക്തന്മാർക്ക് മുന്നറിയിപ്പ് നൽകി,   സുവിശേഷത്തിൻറെ ആനന്ദം എല്ലാ മനുഷ്യരോടും പ്രഖ്യാപിച്ചു, കരുണാമയനായ പിതാവിനെ, രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിച്ചു. തൻറെ പ്രബോധനത്തിലും, യാത്രകളിലും, ചെയ്തികളിലും, ജീവിതശൈലിയിലും അദ്ദേഹം അത് ചെയ്തു. ഉയിർപ്പു ഞായറാഴ്ച, ഈ ബസിലിക്കയുടെ ആശീർവ്വാദ വേദിയിൽ, ഞാൻ അദ്ദേഹത്തിൻറെ ചാരത്തുണ്ടായിരുന്നു, അദ്ദേഹത്തിൻറെ സഹനങ്ങൾക്കും, എല്ലാറ്റിനുമുപരി, അവസാനം വരെ ദൈവജനത്തെ സേവിക്കാനുള്ള അദ്ദേഹത്തിൻറെ ധീരതയ്ക്കും ദൃഢനിശ്ചയത്തിനും ഞാൻ സാക്ഷിയാണ്.

സിംഹാസനസ്ഥനും കുഞ്ഞാടിനുമുള്ള പ്രപഞ്ചമഖിലത്തിൻറെയും സ്തുതി നാം വെളിപാടിൻറെ പുസ്തകത്തിൽ നിന്നുള്ള രണ്ടാം വായനയിൽ കേട്ടു: "എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ശക്തിയും.നാലു ജീവികളും ആമേൻ എന്നു പ്രതിവചിച്ചു; ശ്രേഷ്ഠന്മാർ സാഷ്ടാംഗംവീണ് ആരാധിച്ചു.” (വെളിപാട് 5,13 കാണുക)

ആരാധനയുടെ അനിവാര്യത

ആരാധന സഭയുടെ ദൗത്യത്തിൻറെയും ഓരോ വിശ്വാസിയുടെയും ജീവിതത്തിൻറെയും ഒരു അനിവാര്യ മാനമാണ്. ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും ഇത് ഓർമ്മിച്ചിരുന്നു. ഉദാഹരണത്തിന് കഴിഞ്ഞവർഷത്തെ പ്രത്യക്ഷീകരണത്തിരുന്നാളിലെ സുവിശേഷപ്രഭാഷണത്തിൽ പാപ്പാ പറഞ്ഞു: “ആരാധനയിൽ സാഷ്ടാംഗം പ്രണമിച്ചതായിരുന്നു പൂജരാജാക്കന്മാരുടെ ഹൃദയങ്ങൾ. (…) അവർ ബെത്‌ലഹേമിൽ എത്തി, ശിശുവിനെ കണ്ടപ്പോൾ,അവർ കുമ്പിട്ട് അവനെ ആരാധിച്ചു’ (മത്തായി 2:11). (…) നമ്മെ സേവിക്കാൻ വന്ന ഒരു രാജാവ്, മനുഷ്യനായിത്തീർന്ന ഒരു ദൈവം. ഈ രഹസ്യത്തിന് മുന്നിൽ, നമ്മുടെ ഹൃദയങ്ങൾ അർപ്പിച്ചും മുട്ടുകൾ മടക്കിയും ആരാധിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു: ചെറുമയിൽ വരുന്ന, നമ്മുടെ ഭവനങ്ങളുടെ ലാളിത്യം ആശ്ലേഷിക്കുന്ന, സ്നേഹത്തെ പ്രതി മരണം വരിക്കുന്ന ദൈവത്തെ ആരാധിക്കാൻ. (…) സഹോദരീ സഹോദരന്മാരേ, നമുക്ക് ആരാധനാ ശീലം നഷ്ടപ്പെട്ടിരിക്കുന്നു, ആരാധിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഈ കഴിവ് നമുക്ക് കൈമോശംവന്നിരിക്കുന്നു. ആരാധനയുടെ പ്രാർത്ഥനയുടെ സ്വാദ് നമുക്ക് വീണ്ടും കണ്ടെത്താം. (…). ഇന്ന് നമ്മുടെ ഇടയിൽ ആരാധനയുടെ അഭാവം ഉണ്ട്.” ഫ്രാൻസിസ് പാപ്പാ പറയുമായിരുന്നു.

ഫ്രാൻസീസ് പാപ്പായിൽ തെളിഞ്ഞ ആരാധാനയുടെ ശക്തി

ആരാധന നൽകുന്ന ഈ കഴിവ് അദ്ദേഹത്തിൽ, ഫ്രാൻസീസ് പാപ്പായിൽ തിരിച്ചറിയാൻ പ്രയാസമില്ലായിരുന്നു. അദ്ദേഹത്തിൻറെ തീവ്രമായ അജപാലന ജീവിതം, എണ്ണമറ്റ കൂടിക്കാഴ്ചകൾ, ഇഗ്നേഷ്യൻ ശിക്ഷണം അദ്ദേഹത്തിൽ മുദ്രിതമാക്കിയ സുദീർഘ പ്രാർത്ഥനാ നിമിഷങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു. ധ്യാനം എന്നത് "സ്നേഹത്തിൻറെ ഒരു ചലനാത്മകത"യാണെന്ന് അദ്ദേഹം പലതവണ നമ്മെ ഓർമ്മിപ്പിച്ചു, അത് നമ്മെ ദൈവത്തിലേക്ക് ഉയർത്തുന്നത് "നമ്മെ ഭൂമിയിൽ നിന്ന് വേർപെടുത്താനല്ല, പ്രത്യുത, അതിൽ ആഴത്തിൽ വസിക്കാനാണ്". ഫ്രാൻസീസ് പാപ്പാ  ചെയ്തതെല്ലാം, മറിയത്തിൻറെ നോട്ടത്തിൻ കീഴിലാണ്. സാളൂസ് പോപുളി റൊമാനി നാഥായുടെ മുന്നിലുള്ള അദ്ദേഹത്തിൻറെ നൂറ്റിയിരുപത്തിയാറ് നില്പുകൾ നമ്മുടെ ഹൃദയങ്ങളിലും ഓർമ്മകളിലും നിലനിൽക്കും. ഇപ്പോൾ നമുക്ക്, ആ പ്രിയപ്പെട്ട രൂപത്തിനരികിൽ വിശ്രമംകൊള്ളുന്ന അദ്ദേഹത്തെ, കർത്താവിൻറെയും നമ്മുടെയും അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് നന്ദിയോടെയും വിശ്വാസത്തോടെയും ഭരമേൽപ്പിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മേയ് 2025, 11:17