ടെന്നീസ് താരം യാനിക്ക് സിന്നറിന് കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എ.ടി.പി. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇറ്റാലിയൻ ടെന്നീസ് താരം യാനിക്ക് സിന്നറിന്, ടെന്നീസ് കളിക്കാരൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. മെയ് പതിനാല് ബുധനാഴ്ച രാവിലെയാണ്, താരത്തിന്റെ മാതാപിതാക്കൾക്കും ഇറ്റലിയിലെ ടെന്നീസ് ഫെഡറേഷൻ പ്രെസിഡന്റ് ആഞ്ചെലോ ബിനാഗിക്കുമൊപ്പം, സിന്നറിനെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പാപ്പാ സ്വീകരിച്ചത്.
റോമിൽ നടന്നുവരുന്ന അന്താരാഷ്ട്ര ടെന്നീസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി റോമിലെത്തിയ അവസരത്തിലാണ് സിന്നർ പാപ്പായെ കാണാനെത്തിയത്. പരിശുദ്ധ പിതാവിനെ കാണാൻ അവസരം ലഭിച്ചത് വലിയൊരു ബഹുമതിയായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉപയോഗിക്കുന്ന തരം റാക്കറ്റുകളിലൊന്ന് അദ്ദേഹം പാപ്പായ്ക്ക് നൽകി.
നല്ലൊരു ടെന്നീസ് പ്രേമിയായ പാപ്പായെയാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും, അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ടെന്നീസ് മത്സരങ്ങളെക്കുറിച്ച് അദ്ദേഹം ജിജ്ഞാസുവാണെന്നും ഇറ്റലിയിലെ ടെന്നീസ് ഫെഡറേഷൻ പ്രെസിഡന്റ് ആഞ്ചെലോ ബിനാഗി അഭിപ്രായപ്പെട്ടു. ലിയോ പതിനാലാമൻ എന്ന പേരെഴുതിയ കാർഡ് അദ്ദേഹം പാപ്പായ്ക്ക് നൽകി. കഴിഞ്ഞ രണ്ടുതവണ ഇറ്റലി നേടിയ ഡേവിസ് കപ്പും പാപ്പായ്ക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു.
ആഗോള മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞ ദിവസം അനുവദിച്ച കൂടിക്കാഴ്ചയിൽ, ധനശേഖരണാർത്ഥം ഒരു ടെന്നീസ് മത്സരം നടത്താൻ ലിയോ പാപ്പായോട് ഒരു പത്രപ്രവർത്തകൻ അഭ്യർത്ഥന നടത്തിയ അവസരത്തിൽ, പരിശുദ്ധ പിതാവ് സിന്നറിനെ പരാമർശിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: