റോമാ നഗരത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ ഔദ്യോഗികമായി റോമിന്റെ മെത്രാൻ എന്ന സ്ഥാനം ഏറ്റെടുത്ത ശേഷം, ലിയോ പതിനാലാമൻ പാപ്പാ റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ ഐക്കൺ ചിത്രമായ, സാലൂസ് പോപ്പോളി റൊമാനി സന്ദർശിക്കുകയും, പ്രത്യേകമായി വണക്കപ്രാർത്ഥന നടത്തുകയും ചെയ്തു. പ്രാർത്ഥനകൾക്ക് ശേഷം, വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ സംസാരിച്ചു. റോമൻ രൂപതയിലെ അംഗങ്ങളെന്ന നിലയിൽ, രൂപതയുടെ മെത്രാന്റെ സാന്നിധ്യത്തിൽ ഒരുമിച്ചുചേർന്ന എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു. വിശ്വാസികളെ സന്ദർശിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും സന്തുഷ്ടിയും പാപ്പാ എടുത്തു പറഞ്ഞു.
തന്നെ അനുഗമിച്ച രണ്ടു കർദിനാൾമാർക്കും, ബസിലിക്കയിൽ വിവിധ സേവനം ചെയ്യുന്നവർക്കും, പരിശുദ്ധ അമ്മയോട് കൂടുതൽ അടുക്കുന്നതിനായി പ്രാർത്ഥനയിൽ തീർത്ഥാടകരെ സഹായിക്കുന്നവർക്കും പാപ്പാ കൃതജ്ഞത രേഖപ്പെടുത്തി. റോമിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ ഏറെ സഹായം നൽകിയ പരിശുദ്ധ അമ്മയുടെ 'സാലൂസ് പോപ്പോളി റൊമാനി' ഭക്തി പുതുക്കുവാനുള്ള അവസരമാണ് ഈ കൂടിച്ചേരലെന്നും പാപ്പാ എടുത്തു പറഞ്ഞു.
തുടർന്ന് വിശ്വാസികളെയും, അവരുടെ കുടുംബങ്ങളെയും , ഏകകുടുംബമായി ഐക്യത്തോടെ സഭയിൽ ഒരുമിച്ച് നടക്കാൻ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുകയും, നന്മനിറഞ്ഞ മറിയമേ എന്ന ജപം ചേർന്നു ചൊല്ലുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: