MAP

ഭരണസിരാകേന്ദ്രത്തിനു മുൻപിൽ ലിയോ പതിനാലാമൻ പാപ്പാ ഭരണസിരാകേന്ദ്രത്തിനു മുൻപിൽ ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

റോമൻ നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി പാപ്പാ ലിയോ പതിനാലാമൻ

മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ച്ച, ലിയോ പതിനാലാമൻ പാപ്പാ റോമാ രൂപതയുടെ മെത്രാനെന്ന നിലയിലുള്ള തന്റെ സ്ഥാനം ഏറ്റെടുക്കുവാൻ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലേക്കു പോകുന്നതിനു മുന്നോടിയായി, റോമാ നഗരത്തിന്റെ ആദരവ് ഏറ്റുവാങ്ങി. പാപ്പായെ ഔദ്യോഗികമായി സ്വീകരിച്ചുകൊണ്ട് നഗരപിതാവ് റോബെർത്തോ ഗ്വാൾത്തിയേരി സംസാരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭയുടെ 267 മത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട, ലിയോ പതിനാലാമൻ പാപ്പാ തന്റെ രൂപതയായ റോമിന്റെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തു. മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ഞായറാഴ്ച്ച, കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. അതിനു മുന്നോടിയായി, റോമൻ നഗരം നൽകിയ ആദരവും പാപ്പാ സ്വീകരിച്ചു. നഗരത്തിന്റെ ഭരണ സിരാകേന്ദ്രമായ കമ്പിദോല്യയിൽ വച്ച് നടന്ന ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. നഗരപിതാവ്, റോബെർത്തോ ഗ്വാൾത്തിയേരി, ഔദ്യോഗികമായി പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു.

ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശത്തിൽ, റോമൻ നഗരത്തിനും, ഭരണകർത്താക്കൾക്കും പ്രത്യേകം നന്ദിയർപ്പിച്ചു. റോമൻ രൂപതയുടെ മെത്രാൻ എന്ന നിലയിൽ തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ, തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന വലിയ ഉത്തരവാദിത്വത്തെപ്പറ്റി, താൻ ബോധ്യമുള്ളവനാണെന്നു പറഞ്ഞ പാപ്പാ, ദൈവജനത്തിന്റെ വിശ്വാസജീവിതവും, സമൂഹത്തിന്റെ പൊതുനന്മയുമാണ് തന്റെ മുൻഗണനാവിഷയങ്ങളെന്നും അടിവരയിട്ടു പറഞ്ഞു. പൊതുനന്മയ്ക്കുവേണ്ടി, സഭയും, നഗരഭരണവും തങ്ങളുടെ സ്ഥാപന പരിതസ്ഥിതിയിൽ, സഹകാരികളായി വർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

നിങ്ങൾക്കുവേണ്ടിയും, നിങ്ങളോടൊപ്പവും ഞാനും ഒരു റോമക്കാരൻ ആയിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. രണ്ടു സഹസ്രാബ്ദങ്ങളായി ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ദാനധർമ്മങ്ങളിൽ ശ്രദ്ധ ചെലുത്തിയും, റോമിൽ സഭയുടെ സേവനം പാപ്പാ ഓർമ്മപ്പെടുത്തി. വിദ്യാഭ്യാസവും, ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായവും, സമൂഹത്തിലെ അധഃസ്ഥിതരോടുള്ള അർപ്പണബോധവും, വിവിധ കലകളോടുള്ള താൽപ്പര്യവും സഭയുടെ സേവനങ്ങളുടെ വിവിധ മുഖങ്ങളാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചതോടൊപ്പം, മാനുഷിക അന്തസ്സിനോടുള്ള പ്രതിബദ്ധത ഈ ജൂബിലി വർഷത്തിൽ കൂടുതലായി പ്രാബല്യത്തിൽ വരുത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ കൂട്ടിച്ചേർത്തു. റോമാ നഗരത്തിനു തന്റെ അപ്പസ്തോലിക ആശീർവാദവും പാപ്പാ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മേയ് 2025, 12:51