യുവജനപരിശീലനമേഖലയിൽ ദ് ല സാൽ സഭാംഗങ്ങളുടെ സേവനങ്ങളെ അഭിനന്ദിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അനന്തസാധ്യതകളുള്ള വിദ്യാഭ്യാസരംഗത്ത് പുതുമയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാൻ ദ് ല സാൽ സഭാംഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ പ്രത്യേകം പരാമർശിച്ച് ലിയോ പതിനാലാമൻ പാപ്പാ. ക്രിസ്ത്യൻ സഹോദരങ്ങൾ, ദ് ല സാൽ കോൺഗ്രിഗേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്ന്യസ്തസഭാംഗങ്ങൾക്ക് മെയ് 15 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ലോകത്തെ യുവജനങ്ങൾക്കായി അവർ ചെയ്യുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചത്.
ദ് ല സാൽ സഹോദരങ്ങളോട് നടത്തിയ പ്രഭാഷണത്തിൽ, ഈ സമൂഹം സമകാലീനസംഭവങ്ങളെ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നതും, അദ്ധ്യാപനത്തിന്റെ ശുശ്രൂഷാപരവും മിഷനറിപരവുമായ മാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതും പാപ്പാ പ്രത്യേകം പരാമർശിച്ചു.
സമകാലീനസംഭവങ്ങളെ ശ്രദ്ധയോടെ കാണുന്നതിന്റെയും, കാലത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിന്റെയും ഭാഗമായാണ് വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ദേ ല സാൽ, എല്ലാവർക്കുമായി തുറന്നതും സൗജന്യവുമായ "ക്രൈസ്തവസ്‌കൂളുകൾ" തുറക്കാൻ തീരുമാനിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു. ലത്തീന് പകരം ഫ്രാൻസിൽ ഏവർക്കും മനസ്സിലാകുന്ന ഫ്രഞ്ച് ഭാഷയിൽ വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചതും, ജോലി ചെയ്യുന്നവരെക്കൂടി കണക്കിലെടുത്ത് ഞായറാഴ്ചകളിൽ വിദ്യാഭ്യാസം നൽകിയതും ഇത്തരം ഒരു തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ആധുനികകാലത്ത് യുവജനങ്ങൾക്ക് വേണ്ട വിദ്യാഭ്യാസം ഏതു തരത്തിലുള്ളതാണെന്നും, അവരുടെ ആവശ്യങ്ങൾ ഏതാണെന്നും, ഏതുതരം പ്രതിബന്ധങ്ങളെയാണ് നാം തരണം ചെയ്യേണ്ടതെന്നും വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവത്തിന്റെ സഹായത്തോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വ്യക്തികളുടെ കഴിവുകൾ പൂർണ്ണമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി, "ക്രിസ്ത്യൻ സ്‌കൂളുകളിൽ" വൈദികർക്ക് പകരം സന്ന്യസ്തസഹോദരങ്ങൾ മതി എന്നായിരുന്നു വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ദ് ല സാൽ തീരുമാനമെടുത്തതെന്ന് പാപ്പാ അനുസ്മരിച്ചു. “നിങ്ങളുടെ അദ്ധ്യാപനമേശ നിങ്ങളുടെ അൾത്താരയാകണമെന്നാണ്" അദ്ദേഹം ആഗ്രഹിച്ചത്. ഈയൊരർത്ഥത്തിൽ നിങ്ങളുടെ നാലാമത് വ്രതമായി അധ്യാപനം എന്നത് മാറുന്നുണ്ടെന്നും, ഇത് സമൂഹത്തിനുള്ള ഒരു ശുശ്രൂഷ എന്നതിനൊപ്പം, വിലയേറിയ ഒരു കാരുണ്യപ്രവർത്തിയുമാകുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. സഭയുടെ വളർച്ചയ്ക്കും അതിന്റെ നിത്യമായ വിശുദ്ധീകരണത്തിനുമായുള്ള ഓരോരുത്തരുടേയും വിളിയാണ് നിങ്ങളുടെ സമർപ്പണത്തിലൂടെ നിറവേറ്റപ്പെടുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ ദ് ല സാൽ സമൂഹത്തിലേക്കുള്ള ദൈവവിളികൾ വളരട്ടെയെന്നും, സ്‌കൂളുകളിലും അതിന് പുറത്തുമുള്ള നിങ്ങളുടെ പ്രവർത്തനം സന്തോഷപൂർവ്വവും ഫലപ്രദവുമായ വിശുദ്ധിയുടെ മാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കട്ടെയെന്നുമാണ് താൻ ആശംസിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
1725 ജനുവരി 26-ന് കോൺഗ്രിഗേഷനെയും അതിന്റെ നിയമാവലിയെയും ബെനഡിക്ട് പതിമൂന്നാമൻ പാപ്പാ അംഗീകരിച്ചത്തിന്റെ മുന്നൂറാം വാർഷികത്തിന്റെയും വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ദേ ല സാലിനെ "എല്ലാ അദ്ധ്യാപകരുടെയും സ്വർഗ്ഗീയമാദ്ധ്യസ്ഥ്യനായി പന്ത്രണ്ടാം പിയൂസ് പാപ്പാ പ്രഖ്യാപിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെയും അവസരത്തിലാണ് ലിയോ പതിനാലാമൻ പാപ്പാ ല സാൽ സഭംഗങ്ങൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചത്.
1890 ജനുവരി മുതൽ ഇന്ത്യയിലും ല സാൽ സഭയുടെ സാന്നിദ്ധ്യമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: