പുതിയ പാപ്പായ്ക്ക് ആശംസകളുമായി ഇറ്റാലിയൻ രാഷ്ട്രപതി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തോടെ ഒഴിഞ്ഞുകിടന്ന പത്രോസിന്റെ സിംഹാസനത്തിലേക്ക്, ലിയോ പതിനാലാമൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ചുകൊണ്ട്, കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ കർദിനാൾ സംഘത്തിന്റെ കോൺക്ലേവ് തിരഞ്ഞെടുത്തു. സഭാചരിത്രത്തിലെ 267 മത് പാപ്പായായിട്ടാണ് അഗസ്തീനിയൻ സഭാംഗമായിരുന്ന ലിയോ പതിനാലാമൻ കടന്നുവന്നത്. കത്തോലിക്കാ സഭയെ നയിക്കുവാൻ നിയോഗിക്കപ്പെട്ട പുതിയ പാപ്പായ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തറെല്ല കത്തയച്ചു.
ഫ്രാൻസിസ് പാപ്പായുടെ വിയോഗം ഇറ്റാലിയൻ ജനതയെ ദുഖത്തിലാഴ്ത്തിയെന്നും കത്തിൽ അദ്ദേഹം പറയുന്നു. സഭയുടെ ഐക്യത്തിനുവേണ്ടി പത്രോസിനടുത്ത അജപാലന ശുശ്രൂഷ ആരംഭിക്കുന്ന സമയം മുതൽ പരിശുദ്ധ പിതാവിന് ഓരോരുത്തരുടെയും പ്രാർത്ഥന ഉണ്ടാകുമെന്ന ഉറപ്പും രാഷ്ട്രപതി കത്തിൽ അടിവരയിട്ടു പറഞ്ഞു. തന്റെ സ്ഥാനാരോഹണത്തിന്റെ തുടക്കം മുതൽ ഫ്രാൻസിസ് പാപ്പാ പ്രകാശിപ്പിച്ച, പാവങ്ങളോടും അധഃസ്ഥിതരോടുമുള്ള പ്രത്യേകമായ ആർദ്രഭാവം, പുതിയ പാപ്പായും, തന്ററെ പ്രേഷിത അനുഭവത്തിന്റെ വെളിച്ചത്തിൽ തുടരുമെന്നുള്ള ഉറപ്പും കത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
മനുഷ്യത്വരഹിതമായ സംഘർഷങ്ങളാൽ ലോകത്തിന്റെ ഭൂരിഭാഗവും നടുങ്ങുന്ന ഈ ചരിത്ര നിമിഷത്തിൽ, നിരപരാധികളായ മനുഷ്യരാണ് ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നതെന്നും, സമാധാനത്തിൽ അധിഷ്ഠിതമായ, എല്ലാവരുടെയും അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കിക്കൊണ്ട്, നടപ്പിലാക്കുന്ന പരിശുദ്ധ സിംഹാസനത്തിന്റെ സേവനങ്ങൾക്ക് ഇറ്റാലിയൻ രാഷ്ട്രത്തിന്റെ പിന്തുണയും പ്രസിഡന്റ് മത്തറെല്ല അറിയിച്ചു.
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ വത്തിക്കാൻ ബാൽക്കണിയിൽ നിന്നും ലിയോ പതിനാലാമൻ ഉച്ചരിച്ച പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ സമാധാനത്തിന്റെ സന്ദേശം, മനുഷ്യരാശിയുടെ പ്രത്യാശയുടെ സന്ദേശമാണെന്നും പ്രസിഡന്റ് കത്തിൽ കുറിച്ചു. പാപ്പായെന്ന നിലയിൽ ഏറ്റെടുക്കുന്ന ഉന്നത ദൗത്യത്തിലൂടെ, സംഭാഷണം, നീതി, സമാധാനം എന്നിവ എല്ലായ്പ്പോഴും നിലനിൽക്കട്ടെ എന്ന ആശംസയോടെയാണ് കത്ത് ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: