കത്തോലിക്കാസഭയുടെ പുതിയ മേലദ്ധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാന്‍ ന്യൂസ്
"അനുൺച്യോ വോബിസ് ഗൗദിയും മാഞ്ഞും: അബേമൂസ് പാപ്പാം" നിങ്ങളോട് വലിയൊരു സന്തോഷവാർത്ത അറിയിക്കുന്നു: നമുക്ക് ഒരു പാപ്പായെ ലഭിച്ചിരിക്കുന്നു എന്ന ലോകം മുഴുവൻ കാത്തിരുന്ന വാർത്ത, കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോ ഡീക്കൻ കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തി റോമിനോടും ലോകം മുഴുവനോടും ലത്തീൻ ഭാഷയിലുള്ള നിയതരൂപത്തിൽ അറിയിച്ചു.
പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയാറാമത് പിൻഗാമിയായി തിരഞ്ഞെടുപ്പപ്പെട്ട പുതിയ പാപ്പാ ലിയോ പതിനാലാമൻ എന്ന പേര് തന്റെ ഔദ്യോഗികനാമമായി സ്വീകരിച്ചുവെന്നും കർദ്ദിനാൾ മമ്പെർത്തി വ്യക്തമാക്കി.
പരിശുദ്ധ റോമാസഭയിലെ അഭിവന്ദ്യ കർദ്ദിനാൾ കർദിനാൾ റോബെർട്ട് ഫ്രാൻസിസ് പ്രെവൊസ്‌ത്, ലിയോ പതിനാലാമൻ , എന്ന പേര് തനിക്കായി തിരഞ്ഞെടുത്തു എന്ന് ലത്തീൻ ഭാഷയിലാണ് കർദ്ദിനാൾ മമ്പെർത്തി അറിയിച്ചത്.
പന്ത്രണ്ട് വർഷക്കാലം കത്തോലിക്കാസഭയെ നയിച്ച ഫ്രാൻസിസ് പാപ്പാ, ഏപ്രിൽ 21 തിങ്കളാഴ്ച രണ്ടുമാസത്തിലധികം നീണ്ട ശ്വാസകോശസംബന്ധിയായ രോഗങ്ങളെത്തുടർന്ന് നിര്യാതനായതുമുതൽ ശൂന്യമായിക്കിടന്ന പത്രോസിന്റെ സിംഹാസനത്തിൽ, ക്രിസ്തുവിന്റെ വികാരിയായി സഭയെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട പുതിയ വലിയ ഇടയനുവേണ്ടി നമുക്കേവർക്കും പ്രാർത്ഥിക്കാം.
പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള ഇത്തവണത്തെ കോൺക്ലേവിൽ 133 കർദ്ദിനാൾമാരാണ് വോട്ടു ചെയ്തത്. രണ്ടു കർദ്ദിനാൾമാർ, കെനിയയിൽനിന്നുള്ള കർദ്ദിനാൾ ജോൺ ഞ്ഞൂവേ, സ്പെയിനിൽനിന്നുള്ള കർദ്ദിനാൾ അന്തോണിയോ കഞ്ഞിസാരെസ് യ്യോവേര എന്നിവർ, ശാരീരികബുദ്ധിമുട്ടുകൾ മൂലം റോമിലെത്തിയില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: