ലിയോ പതിനാലാമന് ആശംസകൾ നേർന്നു നയതന്ത്ര പ്രതിനിധികൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പരിശുദ്ധ സിംഹാസനത്തിലേക്കുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾക്ക്, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച സ്വകാര്യസദസിൽ, പ്രതിനിധിസംഘത്തിന്റെ ഡീൻ, ശ്രീ. ജോർജ് പുലിദെസ്, പാപ്പായ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു. മെയ് മാസം പതിനാറാം തീയതിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളായ, പട്ടിണി, നീതിക്കായുള്ള അന്വേഷണം, മനുഷ്യാന്തസ്, സ്നേഹത്തിനായുള്ള സമസ്യകൾ, അസ്തിത്വത്തെ സംബന്ധിച്ച കാര്യങ്ങൾ എന്നിവയെ തന്റെ അജപാലനശുശ്രൂഷ മേഖലയിൽ അനുഭവിച്ചറിഞ്ഞ ഒരു ആത്മീയ പിതാവിനെയാണ് കോൺക്ലേവ് സമ്മാനിച്ചതെന്നു അദ്ദേഹം ആമുഖമായി പറഞ്ഞു.
പാപ്പാ താൻ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ പറഞ്ഞ, 'നിങ്ങൾക്ക് സമാധാനം' എന്നുള്ള സംബോധന ലോകത്തിന്റെ എല്ലാ കോണുകളെയും പരിശുദ്ധ പിതാവിന്റെ സ്നേഹോഷ്മളമായ ആലിംഗനത്തിൽ ഉൾച്ചേർക്കുന്നതായിരുന്നുവെന്നും, നിരവധി ആളുകൾക്ക് അത് പ്രതീക്ഷ നൽകുന്നതായി മാറിയെന്നും ശ്രീ. ജോർജ് അടിവരയിട്ടു പറഞ്ഞു.
ജൂബിലി വർഷത്തിൽ ആരംഭിച്ച പരിശുദ്ധ പിതാവിന്റെ ശുശ്രൂഷ, സമാധാനം, സ്നേഹം, സാഹോദര്യം എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയ പ്രത്യാശ എല്ലാവർക്കും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സമാധാന സംസ്ഥാപകരാകുവാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനത്തിനു നയതന്ത്രകുടുംബത്തിന്റെ പിന്തുണയും, പ്രാർത്ഥനയും അദ്ദേഹം അറിയിച്ചു. സഭയുടെ സഹസ്രാബ്ദ അനുഭവം, വിലമതിക്കാനാവാത്ത നിധിയായി നമ്മുടെ രക്ഷയ്ക്ക് കാരണമാകുന്നുവെന്നും, ഇത്, ആധുനികതയുടെ വെല്ലുവിളികളെ നേരിട്ടുകൊണ്ട്, പരസ്പരം പാലങ്ങൾ പണിയുന്നതിനായി ഏവരെയും സഹായിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: