MAP

പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി 

വത്തിക്കാൻറെ നയതന്ത്രപരിശീലന കേന്ദ്രം പരിഷ്കരിച്ച് പാപ്പാ!

വത്തിക്കാൻറെ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന കേന്ദ്രമായ “പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി” പാപ്പാ പരിഷ്ക്കരിക്കുന്നു. പാപ്പാ അതിനെ “അക്കാദെമിക്ക് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിപ്ലൊമാറ്റിക്ക് സയെൻസെസ്” ആക്കി ഉയർത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻറെ നയതന്ത്ര പരിശീലന കേന്ദ്രമായ “പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി”യെ പാപ്പാ നയതന്ത്രവിജ്ഞാനീയ ഉന്നത പഠന സ്ഥാപനം, അഥവാ, “അക്കാദെമിക്ക് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിപ്ലൊമാറ്റിക്ക് സയെൻസെസ്” (Academic Institute of Diplomatic Sciences) ആയി ഉയർത്തി.

“പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമിയുടെ ഘടനയെ കാലോചിതമാക്കുകയും പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്കുകയും ചെയ്തുകൊണ്ട് ചൊവ്വാഴ്ച (15/04/25) പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ തീരുമാനങ്ങൾ അറിയിച്ചത്.

നയതന്ത്രവിജ്ഞാനീയപരങ്ങളായ വിഷയങ്ങളിലുള്ള പരിശീലനത്തിന് ഇന്നാവശ്യമായിരിക്കുന്ന, ഏറ്റവും നൂതനമായ രീതിയിൽ, ഗവേഷണപഠന സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഈ സ്ഥാപനം പരിശുദ്ധസിംഹാസനത്തിൻറെ പേരിൽ നയതന്ത്രവിജ്ഞാനീയ ബിരുദങ്ങൾ നല്കുമെന്നും നിയമം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളും അന്താരാഷ്ട്രബന്ധങ്ങളിൽ ഉപയോഗപ്പെടുത്തുന്നതും പഠനമേഖലയിൽ പ്രാധാന്യമുള്ളതുമായ ഭാഷകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും പാപ്പായുടെ പ്രഖ്യാപനത്തിൽ കാണുന്നു.

ഈ നവീകരണത്തിൽ, പാഠ്യപരിപാടികൾക്ക്, സഭാ വിഷയങ്ങൾ, റോമൻ കൂരിയയുടെ നടപടിക്രമങ്ങൾ, പ്രാദേശിക സഭകളുടെ ആവശ്യങ്ങൾ, കൂടുതൽ വിശാലമായി പറഞ്ഞാൽ, സുവിശേഷവൽക്കരണ പ്രവർത്തനം, സഭാ പ്രവർത്തനം, അവയ്ക്ക് സംസ്കാരവുമായും മാനവ സമൂഹവുമായുമുള്ള ബന്ധം എന്നിവയുമായി അടുത്ത ബന്ധം ഉണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും പാപ്പാ വ്യക്തമാക്കുന്നു.

പാപ്പായുടെ സാമീപ്യം ജനങ്ങളിലേക്കും സഭകളിലേക്കും എത്തിക്കുന്നതിനുള്ള നിരന്തര യത്നത്തിൽ, വിവിധ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അയക്കപ്പെട്ടിട്ടുള്ള പേപ്പൽ പ്രതിനിധികൾ ഒരു സംശോധകബിന്ദുവാണെന്ന് നയതന്ത്രപരിശീലനത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നതിനായി പാപ്പാ ഈ രേഖയുടെ തുടക്കത്തിൽ വിശദീകരിക്കുന്നുണ്ട്.  നയതന്ത്രപ്രതിനിധികൾക്ക് അവരുടെ ദൗത്യം ഫലപ്രദമായി നിർവ്വഹിക്കാൻ കഴിയണമെങ്കിൽ, അവർക്ക്, സുദൃഢവും നിരന്തരവുമായ പരിശീലനം ലഭിക്കേണ്ടതുണ്ടെന്നും സൈദ്ധാന്തിക പരിജ്ഞാനം നേടിയാൽ മാത്രം പോരാ, അന്താരാഷ്ട്ര ബന്ധങ്ങളുടെ ആഴത്തിലുള്ള ചലനാത്മകത മനസ്സിലാക്കാൻ കഴിയുന്ന ഒരു സമീപനം വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മപ്പെടുത്തുന്നു.

1701 മുതൽ വത്തിക്കാൻറെ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സ്ഥാപനമാണ് “പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദെമി.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഏപ്രിൽ 2025, 18:32