“യുണിവ് 25” അന്താരാഷ്ട്ര സമ്മേളനത്തിന് പാപ്പായുടെ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുവ സർവ്വകലാശാലാ വനിതാ അന്താരാഷ്ട്ര സമ്മേളനമായ “യുണിവ്”ൻറെ ഇക്കൊല്ലത്തെ (UNIV 25) സമാഗമത്തിന് പാപ്പാ ആശംസാസന്ദേശം അയച്ചു.
എപ്രിൽ 12-20 വരെ റോമിലാണ് ഈ അന്താരാഷ്ട്ര സമ്മേളനം അരങ്ങേറുന്നത്. 1968-ൽ ഈ യോഗത്തിന് ജന്മം നല്കിയ വിശുദ്ധ ഹൊസെമരീയ എസ്ക്രിവായുടെ പൗരോഹിത്യ ശതാബ്ദിയുടെയും വിശുദ്ധവത്സരത്തിൻറെയും വേളയിലാണ് ഇക്കൊല്ലത്തെ “യുണിവ്” നടക്കുന്നതെന്ന് തൻറെ ആശംസാസന്ദേശത്തിൽ അനുസ്മരിക്കുന്ന ഫ്രാൻസീസ് പാപ്പാ, ദൈവത്തിനു നന്ദിപറയുന്നതിനും വിശ്വാസത്തിൽ ഉത്സാഹത്തോടും ഉപവിയിൽ കർമ്മോദ്യുക്തതയോടും പ്രത്യാശയിൽ സ്ഥിരതയോടും മുന്നേറുന്നതു തുടരുന്നതിനു കാരണങ്ങൾ നിരവധിയാണെന്ന് ഓർമ്മിപ്പിക്കുന്നു.
നിരാശപ്പെടുത്താതതും സ്നേഹത്തിൽ അധിഷ്ഠിതവും മഹത്വത്തിലേക്കു നയിക്കുന്നതും വാഗ്ദാനങ്ങൾ നിറവേറ്റുന്നതുമായ പ്രത്യാശയുടെ വിളംബരമായി, മരിച്ച് ഉത്ഥാനം ചെയ്തവനായ ക്രിസ്തുവിൻറെ സുവിശേഷം, സകലരിലും എത്തിക്കാൻ തീർത്ഥാടനത്തിൻറെയും സാഹോദര്യ കൂടിക്കാഴ്ചയുടെയുമായ ഈ സമയം പ്രചോദനം പകരട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ദൈനംദിന ജീവിതത്തിലും തൊഴിലിലും വിശുദ്ധി ഊട്ടിവളർത്തുന്നതിന് പരിശ്രമിക്കുന്ന കത്തോലിക്കാപ്രസ്ഥാനമായ “ഓപൂസ് ദേയി”യുടെ (OPUS DEI) സ്ഥാപകനായ വിശുദ്ധ ഹൊസെമരീയ എസ്ക്രിവാ, ലോകത്തെ മെച്ചപ്പെടുത്തുന്നതിന് വലിയ ചോദ്യങ്ങൾ തങ്ങളോടുതന്നെ ചോദിക്കുകയും ഉത്തരം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന പഞ്ചഭൂഖണ്ഡങ്ങളിലെ യുവ സർവ്വകലാശാലവിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ സ്വപനം കണ്ടിരുന്നു. അങ്ങനെയാണ് 1968-ൽ “യൂണിവ്” രൂപം കൊണ്ടത്. അക്കൊല്ലം മുതൽ അനുവർഷം ആയിരത്തോളം യുവജനങ്ങൾ ഈ അനുഭവം ജീവിക്കുന്നതിനായി ഒത്തുചേരുന്നു. “നമ്മുടെ ലോകത്തിലെ പൗരന്മാർ” എന്നതാണ് “യുണിവ് 25”ൻറെ ആപ്തവാക്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: