പാപ്പായുടെ ആരോഗ്യ പുനപ്രാപ്തി പ്രക്രിയയിൽ പടിപടിയായുള്ള പുരോഗതി പ്രകടം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ പിടിപെട്ട്, ഒരു മാസത്തിലേറെ, റോമിലെ അഗോസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയി കഴിഞ്ഞ ഫ്രാൻസീസ് പാപ്പായുടെ ആശുപത്രിവാസാനന്തര ആരോഗ്യം വീണ്ടെടുക്കൽ പ്രക്രിയ സാധാരണ ഗതിയിൽ നടക്കുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച (11/04/25) വെളിപ്പെടുത്തി.
ഫ്രാൻസീസ് പാപ്പായുടെ ശ്വസന-ചലന-സ്വന സംബന്ധിയായ കാര്യങ്ങൾ ക്രമേണ മെച്ചപ്പെടുന്നുണ്ടെന്നും രക്തപരിശോധന നല്ല ഫലങ്ങളാണ് കാണിക്കുന്നതെന്നും ഓക്സിജൻ കൂടുതൽ നേരം ഉപയോഗിക്കാതിരിക്കാൻ പാപ്പായ്ക്ക് സാധിക്കുന്നുണ്ടെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് വിശദീകരിച്ചു. അതു പോലെതന്നെ വളരെ ചുരുക്കമായിട്ടാണ് ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കുന്നതെന്നും സർവ്വോപരി, ചികിത്സയുടെ ഭാഗമായാണ് അതു ചെയ്യുന്നതെന്നും പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാനത്തിൻറെ പൊതുകാര്യവകുപ്പിൻറെ ഉപകാര്യദർശി ആർച്ചുബിഷപ്പ് പേന പാറ, വിദേശനാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ, പൊന്തിഫിക്കൽ പ്രാതിനിധ്യ വിഭാഗ കാര്യദർശി ആർച്ചുബിഷപ്പ് ലുച്യാനൊ റൂസ്സൊ, റോമൻ കൂരിയാ വിഭാഗങ്ങളുടെ അദ്ധ്യക്ഷന്മാരുൾപ്പടെയുള്ള ഏതാനും ഉന്നത അധികാരികൾ എന്നിവർ ഈ ദിനങ്ങളിൽ പാപ്പായെ സന്ദർശിച്ചുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം അറിയിച്ചു.
വിശുദ്ധവാര കർമ്മങ്ങളിൽ പാപ്പായുടെ സാന്നിധ്യത്തെ സംബന്ധിച്ച് ഇപ്പോഴും സൂചനകളൊന്നുമില്ലെന്നും എല്ലാം സാഹചര്യമനുസരിച്ചിരിക്കുമെന്നും ഓശാന ഞായറാഴ്ച ദിവ്യബലി അർപ്പിക്കുക, മാർപ്പാപ്പാ നിയോഗിച്ചതനുസരിച്ച് കർദ്ദിനാൾ ലെയൊണാർദോ സാന്ത്രി ആയിരിക്കുമെന്നും വ്യാഴാഴ്ച ഒന്നു പുറത്തിറങ്ങിയ പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലേക്കു പോകുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്നും പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
ഫെബ്രുവരി 14-ന് ശ്വാസനാള വീക്കത്തെ തുടർന്ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ ന്യുമോണിയബാധിതാനാണെന്ന് കണ്ടെത്തുകയായിരുന്നു. മുപ്പത്തിയെട്ടാം ദിവസമാണ്, അതായത്, മാർച്ച് 23-ന് ഞായറാഴ്ചയാണ്, പാപ്പാ ആശുപത്രി വിട്ട് വത്തിക്കാനിൽ തിരിച്ചെത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: